Jasprit Bumrah : ബുംറയെ പിന്തള്ളി; ഐസിസി റാങ്കിംഗിൽ കഗീസോ റബാഡ ഒന്നാമത്; ജയ്സ്വാളിനും നേട്ടം
Jasprit Bumrah Dethroned : ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ ഒന്നാമത്. രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ബുംറ നിലവിൽ മൂന്നാം സ്ഥാനത്താണ്.
ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പിന്തള്ളി ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ ഒന്നാമത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിലാണ് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി റബാഡ ഒന്നാമതെത്തിയത്. 860 ആണ് റബാഡയുടെ റേറ്റിങ്. ന്യൂസീലൻഡ് പരമ്പരയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന ബുംറ രണ്ട് സ്ഥാനം താഴേക്കിറങ്ങി മൂന്നാമതായി. 846 ആണ് ബുംറയുടെ റേറ്റിംഗ്.
847 റേറ്റിംഗുള്ള ജോഷ് ഹേസൽവുഡ് ആണ് പട്ടികയിൽ രണ്ടാമത്. ബുംറയ്ക്ക് പിന്നിൽ 831 റേറ്റിംഗുമായി ആർ അശ്വിൻ നാലാമതുണ്ട്. രണ്ടാം സ്ഥാനത്തായിരുന്ന അശ്വിൻ രണ്ട് സ്ഥാനം താഴേക്കിറങ്ങി. പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ്. 766 റേറ്റിംഗുമായി ജഡേജ എട്ടാമതാണ്. ആറാം സ്ഥാനത്തായിരുന്ന ജഡേജയും രണ്ട് സ്ഥാനം താഴേക്കിറങ്ങി. ഏകദിന, ടി20 ബൗളർമാരുടെ റാങ്കിംഗിൽ മാറ്റമില്ല. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജും ടി20യിൽ ഇംഗ്ലണ്ട് താരം ആദിൽ റഷീദുമാണ് ഒന്നാമത്. ഏകദിനത്തിൽ മൂന്നാം സ്ഥാനത്ത് കുൽദീപ് യാദവ് ഉണ്ട്.
ബാറ്റിംഗ് റാങ്കുകളിൽ യശസ്വി ജയ്സ്വാൾ ഒഴികെ ബാക്കിയെല്ലാ ഇന്ത്യൻ താരങ്ങളും താഴേക്കിറങ്ങി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജയ്സ്വാൾ മൂന്നാം സ്ഥാനത്തേക്കുയർന്നു. 790 ആണ് ജയ്സ്വാളിൻ്റെ റേറ്റിംഗ്. പട്ടികയിൽ 903 റേറ്റിംഗുമായി ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് ഒന്നാമതും 813 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ കെയിൻ വില്ല്യംസൺ രണ്ടാമതുമാണ്. ന്യൂസീലൻഡിൻ്റെ രചിൻ രവീന്ദ്ര എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താമതും പാകിസ്താൻ്റെ സൗദ് ഷക്കീൽ 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാമതും എത്തി. ഋഷഭ് പന്ത്, വിരാട് കോലി, രോഹിത് ശർമ, ശുഭ്മൻ ഗിൽ തുടങ്ങിയവർക്കെല്ലാം സ്ഥാനങ്ങൾ നഷ്ടമായി.
ഏകദിന, ടി20 റാങ്കിംഗിൽ മാറ്റമില്ല. ബാബർ അസമാണ് ഏകദിനത്തിൽ ഒന്നാമത്. രോഹിത്, ഗിൽ, കോലി എന്നിവർ അടുത്ത സ്ഥാനങ്ങളിലുണ്ട്. ടി20യിൽ ട്രാവിസ് ഹെഡ് ഒന്നാമതും സൂര്യകുമാർ യാദവ് രണ്ടാമതുമാണ്.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജയും അശ്വിനും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബംഗ്ലാദേശ് താരം മെഹദി ഹസൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഏകദിന, ടി20 റാങ്കിംഗിൽ മാറ്റമില്ല. ടി20 ടീം റാങ്കിംഗിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയർന്നു എന്നതൊഴിച്ചാൽ മറ്റ് മാറ്റങ്ങളില്ല. ടെസ്റ്റിൽ ഓസ്ട്രേലിയയും പരിമിത ഓവറുകളിൽ ഇന്ത്യയുമാണ് ഒന്നാമത്. ടെസ്റ്റിൽ ഇന്ത്യ രണ്ടാമതുണ്ട്.