Happy Birthday Jasprit Bumrah: ടീം ഇന്ത്യയുടെ ന്യൂബോൾ വേട്ടക്കാരൻ; ജസ്പ്രീത് ബുമ്ര @ 31
Jasprit Bumrah Birthday: 2013-ൽ 20-ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗുജറാത്തിന് വേണ്ടിയാണ് ബുമ്ര അരങ്ങേറിയത്. തന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ 58 റൺസിന് വിർഭയെ പുറത്താക്കി ജസ്പ്രീത് ബുമ്രയെന്ന പേര് ക്രിക്കറ്റ് ലോകത്തിന് മുന്നിലേക്ക് എത്തിച്ചു.
8 വർഷം, ഈ ചെറിയ കാലയളവിനുള്ളിൽ അയാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായി മാറി. ബാറ്റിംഗിലും ബൗളിംഗിലും താരങ്ങൾ മാറി മാറി വന്നു, പല അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഇന്ത്യ കളിക്കാനിറങ്ങി. പ്രതീക്ഷ കെെവിടുമ്പോഴും ആരാധകർ ചോദിക്കുന്ന ഒരോയൊരു ചോദ്യം. ജസ്പ്രീത് ബുമ്രയെന്ന യോർക്കർ കിംഗിന്റെ ഓവർ കഴിഞ്ഞോ? ബാറ്റർമാർ നിറം മങ്ങിയാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയാണ് ജസപ്രീത് ബുമ്രയെന്ന പേസർ. ന്യൂബോളിലെ മന്ത്രികനായ ഇന്ത്യയുടെ സ്വന്തം ബൂം..ബൂം.. ബുമ്രയ്ക്ക് ഇന്ന് 31-ാം ജന്മദിനം.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ബുമ്ര. കഠിനമായ പല വഴികളിലൂടെയും സഞ്ചരിച്ചാണ് ബുമ്ര ഇന്ന് ഈ കാണുന്ന നേട്ടത്തിലേക്ക് എത്തിയത്. 5-ാം വയസിൽ അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ട ബുമ്രയെയും സഹോദരിയെയും പിന്നീട് വളർത്തിയത് അഹമ്മദാബാദിലെ സ്‌കൂളിലെ അധ്യാപികയായ അമ്മയുടെ കരുത്തും നിശ്ചയദാർഢ്യവുമായിരുന്നു. മകനെ ക്രിക്കറ്ററാക്കാനുള്ള പണം ആ അമ്മയുടെ പക്കൽ ഉണ്ടായിരുന്നില്ല. അമ്മയുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് വളർന്ന മകൻ സ്കൂൾ വിട്ടതിന് ശേഷം വീടിന് മുകളിൽ ക്രിക്കറ്റ് പരിശീലിച്ച് തുടങ്ങി. അമ്മ ശബ്ദം കേൾക്കാതിരിക്കാൻ ചുവരിലേക്ക് എറിഞ്ഞായിരുന്നു ബുമ്രയുടെ പരിശീലനം. ടെന്നീസ് ബോളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ യോർക്കറിലെ അപകടകാരിയായി ബുമ്രമാറി.
2013-ൽ 20-ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗുജറാത്തിന് വേണ്ടിയാണ് ബുമ്ര അരങ്ങേറിയത്. തന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ 58 റൺസിന് വിർഭയെ പുറത്താക്കി ജസ്പ്രീത് ബുമ്രയെന്ന പേര് ക്രിക്കറ്റ് ലോകത്തിന് മുന്നിലേക്ക് എത്തിച്ചു. ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി ബുമ്ര ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം അവിസ്മരണീയമാക്കി.
2012-13 സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനായി ടി20 ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ചു. മഹാരാഷ്ട്രയ്ക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. എന്നാൽ തീർത്തും അവിചാരിതമായാണ് ഇന്ത്യൻ ടീമിലേക്കുള്ള ബുമ്രയുടെ കടന്നു വരവ്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുമ്രയെ ബിസിസിഐ ഉൾപ്പെടുത്തി. ഓസീസിനെതിരെ ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ചു. 2016-ൽ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായി അദ്ദേഹം മാറി. 28 വിക്കറ്റുകളാണ് താരം 2016-ൽ സ്വന്തമാക്കിയത്. 2018-ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ജസ്പ്രീത് ബുമ്രയുടെ വിക്കറ്റ് വേട്ട
- ടെസ്റ്റ്: 41 ടെസ്റ്റ് മത്സരങ്ങളിലെ 79 ഇന്നിംഗ്സുകളിൽ നിന്നായി 181 വിക്കറ്റ്.
- ഏകദിന ക്രിക്കറ്റ്: 88 ഇന്നിംഗ്സുകളിൽ നിന്ന് 149 വിക്കറ്റുകൾ.
- ട്വന്റി- ട്വന്റി: ടി20യിലെ 69 മത്സരങ്ങളിൽ നിന്ന് 89 വിക്കറ്റുകൾ. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനായി 165 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ജസ്പ്രീത് ബുമ്രയുടെ മികച്ച 10 ബൗളിംഗുകൾ
- 2018-ൽ മെൽബണിൽ ഓസ്ട്രേലിയക്കെതിരെ 33 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ്.
- 2019-ൽ കിംഗ്സ്റ്റണിൽ വെസ്റ്റിൻഡീസിനെതിരെ 27 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ്.
- 2020-ൽ മൗണ്ട് മൗംഗനൂയിൽ ന്യൂസിലൻഡിനെതിരെ 12 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ്.
- 2020-ൽ ദുബായിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസ് വിട്ട് കൊടുത്ത് 4 വിക്കറ്റ്.
- 2020-ൽ അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരെ 20 റൺസ് വിട്ട് കൊടുത്ത് 4 വിക്കറ്റ്.
- 2020-ൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കെതിരെ 42 റൺസ് വിട്ട് കൊടുത്ത് 5 വിക്കറ്റ്.
- 2020-ൽ ലണ്ടനിൽ ഇംഗ്ലണ്ടിനെതിരെ 19 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ്.
- 2020-ൽ മുംബൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 10 റൺസ് വിട്ട് കൊടുത്ത് 5 വിക്കറ്റ്.
- 2024-ൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ 45 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ്.
- 2024-ൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കെതിരെ 61 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ്.
വിചിത്രമായ ആക്ഷനും യോർക്കറുമാണ് ക്രിക്കറ്റ് ലോകത്ത് ജസ്പ്രീത് ബുമ്രയെ വ്യത്യസ്തനാക്കിയത്. രോഹിത് ശർമ്മയുടെ വിശ്വസ്തനാണ് 31-കാരനായ ബുമ്ര. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലുമെല്ലാം അയാളുടെ മനോഹരമായ സ്പെല്ലുകൾക്ക് നാം സാക്ഷിയായി. റൺസ് വിട്ടു കൊടുക്കാനുള്ള പിശുകും വഴുതി പോകാതെയുള്ള കൃത്യതയുമാണ് ബുമ്രയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ന്യൂബോളിലെ മന്ത്രികനായ ബുമ്ര ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ 15 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻസ് ഫെെനൽ സ്വപ്നം കണ്ടാണ് ടീം ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയത്. പെർത്തിലെ ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽവുസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചപ്പോൾ ഇപ്പുറത്തും അതേ രീതിയിൽ മറുപടി പറയാൻ കെെൽപ്പുള്ളവൻ ഉണ്ടെന്ന കാര്യം അവർ ഓർത്തില്ല. ഇന്ന് ടൂർണമെന്റിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോൾ ജന്മദിനത്തിൽ ബുമ്രയുടെ മനോഹരമായ സ്പെല്ലുകൾ കാണാൻ ഭാഗ്യം ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ആരാധകർ.