US Open 2024 : അൽകാരസും ജോകോവിചും വീണ യുഎസ് ഓപ്പണിൽ കിരീടം യാനിക് സിന്നറിന്; നേട്ടത്തിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരം
Jannic Sinner US Open 2024 : യുഏസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരമായ യാനിക് സിന്നറിന്. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സിനെ 6–3, 6–4, 7–5 എന്ന സ്കോറിന് വീഴ്ത്തിയാണ് സിന്നറിൻ്റെ കിരീടധാരണം. താരത്തിൻ്റെ കരിയറിലെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണിത്.
ഇക്കൊല്ലത്തെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരമായ യാനിക് സിന്നറിന്. ഫൈനലിൽ യുഎസ് താരം ടെയ്‌ലർ ഫ്രിറ്റ്സിനെ വീഴ്ത്തിയാണ് സിന്നർ തൻ്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. ഈ വർഷം ആദ്യം താരം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയിരുന്നു. യുഎസ് ഓപ്പണിൽ കിരീടം നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും സിന്നർ കുറിച്ചു. സ്കോര്‍ 6–3, 6–4, 7–5.
മത്സരത്തിലുടനീളം സിന്നറിന് തന്നെയായിരുന്നു ആധിപത്യം. ഇടയ്ക്കിടെ അമേരിക്കൻ താരം സിന്നറിനൊപ്പം പിടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്നർ രണ്ടാം സെറ്റ് നേടാൻ അല്പം വിഷമിച്ചു. 3-3 എന്ന നിലയിൽ നിന്നാണ് താരം 6-4 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിൽ 3-5 എന്ന നിലയിൽ പിന്നിട്ട് നിന്നതിന് ശേഷം തിരിച്ചടിച്ചായിരുന്നു താരത്തിൻ്റെ ജയം. സെമിയിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രേപ്പറെ വീഴ്ത്തിയ സിന്നർ യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായിരുന്നു.
Also Read : US Open 2024 : 74 ആം റാങ്കുകാരനോട് തോറ്റു; യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി കാർലോസ് അൽകാരസ്
ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നൊവാക് ജോകോവിച് മൂന്നാം റൗണ്ടിലും വെള്ളിമെഡൽ ജേതാവ് കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിലും പുറത്തായ ഗ്രാൻഡ് സ്ലാം ആയിരുന്നു ഇക്കൊല്ലത്തെ യുഎസ് ഓപ്പൺ. ഓസ്ട്രേലിയൻ താരം അലെക്സേയ് പോപ്പിറിനോട് 6-4, 6-4, 2-6, 6-4 എന്ന സ്കോറിനാണ് ജോകോവിച് പരാജയപ്പെട്ടത്. തൻ്റെ കരിയറിലെ ഏറ്റവും മോശം കളിയെന്നാണ് താരം ഈ മത്സരത്തെ വിശേഷിപ്പിച്ചത്. പ്രീക്വാർട്ടറിൽ അമേരിക്കൻ താരം ഫ്രാൻസിസ് ടിഫോയോട് പോപ്പിറിൻ പരാജയപ്പെട്ടു.
രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ ഡെ സാൻഷുല്പിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് അൽകാരസ് പുറത്തായത്. 74ആം റാങ്കുകാരനായ സാൻഷുല്ലിൻ്റെ കരിയറിലെ ഏറ്റവും മികച്ച ജയമാണിത്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ഡച്ച് താരം ആദ്യ സെറ്റ് അനായാസം ജയിച്ചു. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ വിജയിച്ച ഡച്ച് താരം മൂന്നാം സെറ്റിൽ മികച്ച പ്രകടനം നടത്തി സെറ്റും കളിയും സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-1, 7-5, 6-4.
ആധുനിക യുഗത്തിൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ, യുഎസ് ഓപ്പൺ എന്നീ മൂന്ന് സുപ്രധാന ടൂർണമെൻ്റുകൾ വിജയിക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡ് ഈ പരാജയത്തോടെ അൽകാരസിന് നഷ്ടമായിരുന്നു. കഴിഞ്ഞ മൂന്ന് യുഎസ് ഓപ്പണുകളിലും അൽകാരസ് ക്വാർട്ടർ വരെയെങ്കിലും എത്തിയിട്ടാണ് പുറത്തായത്. 2021 വിംബിൾഡണിൽ രണ്ടാം റൗണ്ടിൽ പുറത്തായതായതാണ് ഇതിന് മുൻപ് ഒരു ഗ്രാൻഡ് സ്ലാമിൽ അൽകാരസിൻ്റെ ഏറ്റവും മോശം പ്രകടനമായി ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. കരിയറിൽ ആദ്യമായാണ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ ജേതാവായത്. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ വീഴ്ത്തിയായിരുന്നു താരത്തിൻ്റെ മൂന്നാം ഗ്രാൻഡ് സ്ലാം നേട്ടം. നാല് മണിക്കൂറും 19 മിനിട്ടും അഞ്ച് സെറ്റുകളും നീണ്ടുനിന്ന പോരിനൊടുവിലാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് 6-2 എന്ന സ്കോറിന് അൽകാരസ് നേടിയപ്പോൾ രണ്ടാം സെറ്റ് അതേ സ്കോറിന് സ്വരേവ് സ്വന്തമാക്കി. മൂന്നാം സെറ്റ് 5-7 എന്ന സ്കോറിന് സ്വരേവിനൊപ്പം. എന്നാൽ, അവസാന രണ്ട് സെറ്റുകളിൽ സ്വരേവിനെ നിഷ്പ്രഭനാക്കിക്കളഞ്ഞ അൽകാരസ് 6-1, 6-2 എന്ന സ്കോറിൽ സെറ്റുകളും മത്സരവും പിടിച്ചെടുത്തു. സ്കോർ 6-2, 2-6, 5-7, 6-1, 6-2.
ഒളിമ്പിക്സ് ഫൈനലിൽ അൽകാരസിനെ 7-6, 7-6 എന്ന സ്കോറിനാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. കരിയറിലാദ്യമായാണ് താരം ഒളിമ്പിക്സ് സ്വർണം നേടിയത്. വെങ്കലമെഡൽ മത്സരത്തിൽ കാനഡയുടെ ഫെലിക്സ് അലിയാസ്സിമെയെ വീഴ്ത്തി ഇറ്റലിയുടെ ലോറെൻസോ മുസേറ്റി വിജയിച്ചു.