ISL – Kerala Blasters: ബ്ലാസ്റ്റേഴ്സിന് ഇന്ന് ഈസ്റ്റ് ബംഗാൾ കടമ്പ; എങ്ങനെ, എവിടെ മത്സരം കാണാം?
Kerala Blasters vs East Bengal: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഈസ്റ്റ് ബംഗാളിൻ്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ. ഈസ്റ്റ് ബംഗാളിൻ്റെ തട്ടകമായ കൊൽക്കത്ത സാൾട്ട് ലേക്കിൽ നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുക. താത്കാലിക പരിശീലകന് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിക്കാമെന്ന പ്രതീക്ഷയിലാണ്. 17 മത്സരങ്ങളിൽ ആറെണ്ണം വിജയിച്ച ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാമതും 16 മത്സരങ്ങളിൽ നിന്ന് നാലെണ്ണം വിജയിച്ച ഈസ്റ്റ് ബംഗാൾ പട്ടികയിൽ 11ആം സ്ഥാനത്തുമാണ്.
മത്സരം എവിടെ?
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈസ്റ്റ് ബംഗാൾ ടീമിൻ്റെ ഹോം ഗ്രൗണ്ടാണ് സാൾട്ട് ലേക്ക്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള മറ്റൊരു ക്ലബ് മോഹൻ ബഗാൻ്റെ ഹോം ഗ്രൗണ്ടും സാൾട്ട് ലേക്ക് തന്നെ. നിലവിൽ മോഹൻ ബഗാനാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. 17 മത്സരങ്ങളിൽ 11ഉം വിജയിച്ച മോഹൻ ബഗാന് 37 പോയിൻ്റുണ്ട്.
മത്സരം എപ്പോൾ?
ഇന്ന് ഒരു മത്സരം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരം ഉള്ള ദിവസങ്ങളിൽ ആദ്യ മത്സരം വൈകുന്നേരമാണ് നടക്കുക. ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ ഈ മത്സരം രാത്രി 7.30ന് ആരംഭിക്കും.
മത്സരം എങ്ങനെ കാണാം?
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്പോർട്സ് 18 നെറ്റ്‌വർക്കിനാണ്. അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് സ്പോർട്സ് 18 ചാനലിൽ മത്സരം തത്സമയം കാണാം. ഏഷ്യാനെറ്റ് പ്ലസിൽ മലയാളം കമൻ്ററിയോടെ മത്സരം കാണാം. ഒടിടി പ്രേക്ഷകർക്ക് വിവിധ ഭാഷകളിലുള്ള കമൻ്ററിയോടെ ജിയോ സിനിമയിൽ മത്സരം തത്സമയം കാണാൻ കഴിയും. ജിയോ സിനിമയുടെ ആപ്പിലും വെബ്സൈറ്റിലുമൊക്കെ തത്സമയം മത്സരം ആസ്വദിക്കാം.
മൈക്കൽ സ്റ്റാറെയെ പുറത്താക്കി പകരം സഹപരിശീലകർ ടീമിനെ കൈകാര്യം ചെയ്തുതുടങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിൽ വിജയിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. നോർത്തീസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൻ്റെ 30ആം മിനിട്ടിൽ തന്നെ ഐബൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും സമനില പിടിയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
ടീം മാനേജ്മെൻ്റിനെതിരെ ആരാധകർ നടത്തുന്ന പ്രതിഷേധവും വിജയം കാണുന്നുണ്ട്. പ്രതിരോധതാരം പ്രിതം കോട്ടാലിന് പകരം ചെന്നൈയിൻ എഫ്സിയിൽ നിന്ന് യുവ ഡിഫൻഡർ ബികാഷ് യുംനത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. ബികാഷുമായി 2029 വരെയാണ് ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരിക്കുന്നത്. ഫ്രഞ്ച് പ്രതിരോധ താരം അലക്സാന്ദ്രെ കൊയേഫിനെ റിലീസ് ചെയ്ത് പകരം മോണ്ടിനെഗ്രിൻ മിഡ്‌ഫീൽഡർ ഡുഷാൻ ലഗേറ്ററെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ലഗേറ്ററിൻ്റെ കരാർ എത്ര വർഷമാണെന്ന് വ്യക്തമല്ല. പരിക്കേറ്റ ബികാഷും സസ്പൻഷനിലായ ലഗേറ്ററും ഇന്ന് കളിക്കില്ല. ബ്രൈസ് മിറാൻഡ, പ്രബീർ ദാസ് തുടങ്ങിയവരെ ലോണിലയച്ച ബ്ലാസ്റ്റേഴ്സ് വിങ്ങർ രാഹുൽ കെപിയെ ഒഡീഷയ്ക്ക് നൽകുകയും ചെയ്തിരുന്നു.