ISL : പ്രതിഫലം കൂട്ടിയില്ല; ദിമിത്രിയോസ് ഡയമൻ്റക്കോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
Kerala Blasters Transfer Updates : മൂന്ന് കോടിയിൽ അധികം ശമ്പളം വർധിപ്പിച്ച് നൽകണമെന്നായിരുന്നു ഗ്രീക്ക് സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ആവശ്യം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് അത് തള്ളി.
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറും ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമൻ്റക്കോസ് (Dimitrios Diamantakos) ക്ലബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഫലം കൂട്ടി നൽകാൻ തയ്യാറാകതെ വന്നതോടെയാണ് ഗ്രീക്ക് സ്ട്രൈക്കറായ താരം ക്ലബ് വിട്ടത്. 2022ൽ കേരളത്തിൽ എത്തിയ താരവുമായി രണ്ട് വർഷത്തെ കരാറായിരുന്നു ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നത്.
2023-24 സീസൺ പുരോഗമിക്കുന്നതിനിടെ കരാർ പുതുക്കാനായി ക്ലബ് സമീപിച്ചപ്പോൾ താരം ശമ്പളം കൂട്ടി ചോദിച്ചു. എന്നാൽ ഗ്രൂക്ക് താരത്തിൻ്റെ ആവശ്യം കേരള ബ്ലാസ്റ്റേഴ്സ് തള്ളി. തുടർന്നാണ് സീസണിന് ശേഷം ഇന്ന് ബ്ലാസ്റ്റേഴ്സ് വിട്ടതായി ഡയമൻ്റക്കോസ് അറിയിക്കുന്നത്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഗ്രീക്ക് താരം താൻ ക്ലബ് വിട്ടതായി ഔദ്യോഗികമായി അറിയിക്കുന്നത്.
“അവേശകരവും സാഹസികതയും നിറഞ്ഞ കേരളത്തിലെ രണ്ട് വർഷം നിർഭാഗ്യവശാൽ അവസാനം കുറിക്കുന്നു. ഒരു ടീമെന്ന് നിലയിൽ ഒരുമിച്ച പ്രവർത്തിച്ച സമയങ്ങളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല.എവിടെയും ലഭിക്കാത്ത ഒരു സ്വീകരണം നിങ്ങൾ എനിക്ക് നൽകി.നിങ്ങൾ ആരാധകരിൽ നിന്നും ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. നിങ്ങളെ ഞാൻ എന്നും ഓർക്കും” ഡയമൻ്റക്കോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on Instagram
മൂന്ന് കോടിയിൽ അധികം ശമ്പളം നൽകണമെന്നായിരുന്നു കരാർ പുതുക്കാൻ നേരം ഡയമൻ്റക്കോസ് കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടത്. നിലവിൽ ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ശമ്പളം യുറുഗ്വെയിൻ താരം അഡ്രിയാൻ ലൂണയ്ക്കാണ്. മൂന്ന് കോടി എന്ന ഡയമൻ്റക്കോസ് ആവശ്യപ്പെട്ട് ശമ്പളം അത് ലൂണയ്ക്ക് നൽകുന്നതിന് മുകളിലാണ്. ക്യാപ്റ്റനായ ലൂണയ്ക്കാണ് ബ്ലാസ്റ്റേഴ്സ് എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനം നൽകുന്നത്. അതിനാൽ ലൂണയ്ക്ക് നൽകുന്നതിന് മേൽ ശമ്പളം നൽകാനാകില്ലയെന്ന് ബ്ലാസ്റ്റേഴ്സ് നിലപാടെടുത്തു.
ട്രാൻസ്പർ മാർക്കറ്റുകൾ പ്രകാരം ഗ്രൂക്ക് താരത്തിന് വേണ്ടി രണ്ട് പ്രമുഖ ഐഎസ്എൽ ടീമുകൾ രംഗത്തുണ്ട്. ഒന്ന് മുംബൈ സിറ്റി എഫ്സിയും രണ്ട് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സിയുമാണ്. ബ്ലാസ്റ്റേഴ്സ് വിട്ട് മുംബൈയിലേക്ക് ചേക്കേറിയ പെരേര ഡയസിന് പകരമാണ് എംസിഎഫ്സി ഗ്രൂക്ക് താരത്തെ ലക്ഷ്യമിടുന്നത്. ഐഎസ്എല്ലിന് പുറമെ വിദേശ ക്ലബുകളും താരത്തെ ലക്ഷ്യമിടുന്നുണ്ട്.