Kerala Blasters: ദിമിയ്ക്ക് പകരക്കാരൻ റെഡി; സ്പാനിഷ് താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, റിപ്പോർട്ട്
Kerala Blasters: ദിമിത്രിയോസ് ഡയമന്റകോസിന് പകരക്കാരനായി സ്പാനിഷ് സ്ട്രെെക്കർ ജീസസ് ജിമെനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ദി ബ്രിഡ്ജ് അടക്കമുള്ള സ്പോർട്സ് മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും താരവുമായി കരാറിൽ ഒപ്പിട്ടോ എന്നതിൽ ക്ലബ്ബ് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയിൽ നിന്നാണ് മുപ്പതുകാരൻ ജീസസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഐഎസ്എല്ലിന് തുടക്കമാകാൻ ദിവസങ്ങൾ ശേഷിക്കെ പുതിയ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പെയിനിൽ നിന്നുള്ള ജീസസ് ജിമെനെസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. ടീം വിട്ട ദിമിത്രിയോസ് ഡയമന്റകോസിന് പകരക്കാരനായാണ് പുതിയ സ്ട്രെെക്കർ കൊമ്പമന്മാർക്കൊപ്പം ചേരുന്നത്. ദി ബ്രിഡ്ജ് അടക്കമുള്ള സ്പോർട്സ് മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ താരവുമായി കരാറിൽ ഒപ്പിട്ടോ എന്നതിൽ ക്ലബ്ബ് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയിൽ നിന്നാണ് മുപ്പതുകാരൻ ജീസസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാറെയ്ക്ക് കീഴിൽ പുതിയ സീസണ് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ജീസസിന്റെ വരവോടെ മൂർച്ചകൂടും. ക്വാമി പെപ്ര–നോഹ സദൂയി സഖ്യത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾ നയിക്കാൻ ജീസസുമുണ്ടാകും.
ഗോളടിക്കുന്നതിനും ഗോളിന് വഴിയൊരുക്കുന്നതിലും മികവു കാട്ടുന്ന താരമാണ് ജീസസ് ജിമെനെസ്. ഇതുവരെ 237 മത്സരങ്ങളിൽനിന്ന് 66 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 31 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
2017–18 സീസണിൽ സിഎഫ് ടലവേരയ്ക്ക് വേണ്ടി ജീസസ് കാഴ്ച വച്ച പ്രകടനമാണ് ആരാധകർക്കിടയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ആ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളുമായി ജീസസ് തിളങ്ങി. പിന്നാലെ പോളിഷ് ക്ലബ് ഗോർണിക് സാബർസെയുമായി കരാറിലെത്തി. അവിടെ 134 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ സ്വന്തമാക്കുകയും 25 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 2021–22 സീസണിൽ പോളണ്ടിലെ ഒന്നാം ഡിവിഷൻ ലീഗിൽ 21 മത്സരങ്ങളിൽ കളിച്ചു. തുടർന്ന് യുഎസിലെ മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‍സിക്കായും എഫ്‍സി ഡല്ലാസിനായും കളിച്ചു. പിന്നീട് ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെ എഫ്‍സിയുമായി കരാറിലെത്തിയെങ്കിലും പരിക്ക് മൂലം പലപ്പോഴും ബെഞ്ചിലായിരുന്നു.
താരം ഉടൻ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. തിരുവോണ നാളായ സെപ്റ്റംബർ 15ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഹോം മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കൊമ്പൻമാരുടെ എതിരാളികൾ. സ്റ്റാറെയ്ക്ക് കീഴിൽ ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്‍സിയോട് 1–0ന് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. 4-3-3 അറ്റാക്കിംഗ് ശെെലിയാണ് സ്റ്റാറെയുടേത്.
ഐ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്തൻ ക്ലബ്ബ് മുഹമ്മദൻസ് എഫ് സി ഈ സീസൺ മുതൽ ഐഎസ്എല്ലിന്റെ ഭാഗമാകും. ഇതോടെ 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുക. പുതിയ സീസണ് തുടക്കമാകാനിരിക്കെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വിമർശനവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. ആരാധകരോട് നീതിപുലർത്തണമെന്നും ടീമുമായി ബന്ധപ്പെട്ട അവ്യക്തത നീക്കണമെന്നും മാനേജ്മെന്റിനോട് ആരാധക കൂട്ടായ്മ ആവശ്യപ്പെട്ടു.