ISL Kerala Blasters: പഞ്ചാബിനോട് പ്രതികാരം വീട്ടി; 9 പേരുമായി കളിച്ച് ജയിച്ച് ബ്ലാസ്റ്റേഴ്സ്
Kerala Blasters Wins Against Punjab FC: ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിനെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് ഇതോടെ സീസണിലെ അഞ്ചാം ജയമാണ് സ്വന്തമാക്കിയത്. രണ്ട് പേർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ 9 പേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം ജയം. പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം ജയം കുറിച്ചത്. പെനാൽറ്റിയിലൂടെ നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയഗോൾ നേടിയത്. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് 9ആം സ്ഥാനത്തെത്തി.
അവസാന കളിയിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തിൽ റുയ്‌വാ ഹോർമിപാം, ഐബൻബ സിങ് എന്നിവർ ടീമിലെത്തി. സന്ദീപ് സിങ്, പ്രീതം കോട്ടൽ എന്നിവർ പുറത്തിരുന്നു. ബലാബലമായിരുന്നു കളി. തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് അല്പം മുന്നിട്ടുനിന്നെങ്കിലും വളരെ വേഗം പഞ്ചാബും ഒപ്പം പിടിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ നിഹാൽ സുധീഷാണ് പലപ്പോഴും പഞ്ചാബിൻ്റെ ആക്രമണങ്ങൾ നയിച്ചത്. നിഹാലിൻ്റെ വേഗതയിൽ പലതവണ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിറച്ചു. മറുവശത്ത് നോഹയും ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോറോ സിംഗും ചില നല്ല നീക്കങ്ങൾ നടത്തി. പരസ്പരം ആക്രമിച്ചുകളിച്ച ഇരു ടീമുകൾക്കും ഇടയ്ക്കിടെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളായില്ല. ഒടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാൽറ്റി. ഇടതുപാർശ്വത്തിലൂടെ ബോക്സിലേക്ക് കുതിച്ച നോഹയെ പ്രതിരോധ താരം ബോക്സിൽ വീഴ്ത്തി. കിക്കെടുത്ത നോഹയ്ക്ക് പിഴച്ചില്ല. ഗോൾ വീണതോടെ പഞ്ചാബ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിടിച്ചുനിന്നു.
രണ്ടാം പകുതിയിൽ നിഹാലിന് പകരം ലിയോൺ അഗസ്റ്റിൻ എത്തിയതോടെ പഞ്ചാബ് ആക്രമണങ്ങൾക്ക് വേഗത വർധിച്ചു. പലപ്പോഴും പ്രതിരോധ നിരയും ഗോൾ പോസ്റ്റിന് കീഴിൽ സച്ചിൻ സുരേഷും ചേർന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ 58ആം മിനിട്ടിൽ മിലോസ് ഡ്രിഞ്ചിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് ഏറെ പരിശ്രമിച്ച് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ, 75ആം മിനിട്ടിൽ വീണ്ടും ചുവപ്പ് കാർഡ്. ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിന് ഐബൻ സ്ട്രെയ്റ്റ് റെഡ് കാർഡ് ലഭിച്ച് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി. പിന്നാലെ പഞ്ചാബ് ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, പൂർണമായും പ്രതിരോധത്തിലേക്ക് നീങ്ങിയ ബ്ലാസ്റ്റേഴ്സ് ഉറച്ചുനിന്ന് ജയമുറപ്പിക്കുകയായിരുന്നു.
ഈ മാസം 13ന് ഒഡീഷ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. കൊച്ചിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ മിലോസ് ഡ്രിഞ്ചിച്ച്, ഐബൻ തുടങ്ങി പല പ്രമുഖ താരങ്ങളും കളിക്കില്ല. ഇരുവർക്കും സസ്പൻഷനാണ്. ഒപ്പം, ചില പരിക്കുകളും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
ഇതിനിടെ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് ക്ലബ് വിടുമെന്നാണ് അഭ്യൂഹങ്ങൾ. മലയാളി താരം രാഹുൽ കെപി അടക്കം പലരും ക്ലബ് വിടുമെന്നാണ് അഭ്യൂഹങ്ങൾ. ഇതിനൊപ്പമാണ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ഈ സീസണൊടുവിൽ ക്ലബ് വിട്ടേക്കുമെന്ന സൂചനകൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും സ്കിൻകിസ് പുറത്തുപോകുമെന്ന് തന്നെയാണ് പലരും പറയുന്നത്.