Kerala Blasters Vs Mumbai City: അഭിമാന പോരാട്ടത്തിന് കൊമ്പന്‍മാര്‍ ഇറങ്ങുന്നു, സീസണിലെ അവസാന ഹോം മാച്ച്; കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി മത്സരം എവിടെ കാണാം?
ISL Kerala Blasters Vs Mumbai City: മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ക്കായിരുന്നു ജയം. 4-2നാണ് മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. നിക്കോസ് കരെലിസിന്റെ ഇരട്ടഗോളും, നഥാന്‍ റോഡ്രിഗസ്, ലാലിയന്‍സുവാല ചാങ്‌തെ എന്നിരുടെ ഗോളുകളുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ഹെസൂസ് ഹിമെനസും, ക്വാമി പെപ്രയും ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു. പെപ്ര റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു

പതിവുപോലെ ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും വരവേറ്റ മഞ്ഞപ്പട ആരാധകര്‍ക്ക് ഇത്തവണയും നിരാശയായിരുന്നു ഫലം. പല മത്സരങ്ങളിലും മോഹിപ്പിച്ച് കടന്നുകളയുന്ന വിശ്വരൂപം ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും പുറത്തെടുത്തു. ജയിക്കുമെന്ന് തോന്നിപ്പിക്കുകയും, അവസാന നിമിഷം പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കുകയും ചെയ്ത എത്രയെത്ര മത്സരങ്ങള്‍. സീസണേറെ കടന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പും തുടരുകയാണ്. നടപ്പ് സീസണിലും നിരാശ മാത്രം ബാക്കിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് മതിയാക്കുന്നത്. സീസണിലെ അവസാന ഹോം മാച്ചില്‍ മുംബൈ സിറ്റിക്കെതിരെയാണ് മത്സരം. പ്ലേ ഓഫില്‍ നിന്ന് ഇതിനകം പുറത്തായെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഇത് അഭിമാന പോരാട്ടമാണ്. സ്വന്തം കാണികള്‍ക്ക് വിജയമധുരം നുകരാന്‍ അവസരമൊരുക്കി തലയുയര്‍ത്തി നില്‍ക്കാനുള്ള സീസണിലെ അവസാന മത്സരം. ‘ദ ലാസ്റ്റ് ചാന്‍സ്’.
പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റ് സമ്പാദ്യം. ഏഴ് ജയം, നാല് സമനില, 11 തോല്‍വി. മറുവശത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും അവശേഷിക്കുന്ന മുംബൈ സിറ്റിക്ക് 22 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുണ്ട്. 8 മത്സരങ്ങളില്‍ ജയം. ഒമ്പത് സമനില. അഞ്ച് തോല്‍വി.
ഇരുടീമുകളും മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ക്കായിരുന്നു ജയം. നവംബര്‍ മൂന്നിന് നടന്ന മത്സരത്തില്‍ 4-2നാണ് മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. നിക്കോസ് കരെലിസിന്റെ ഇരട്ടഗോളും, നഥാന്‍ റോഡ്രിഗസ്, ലാലിയന്‍സുവാല ചാങ്‌തെ എന്നിരുടെ ഗോളുകളുമാണ് അന്ന് മുംബൈയെ വിജയത്തിലെത്തിച്ചത്. ഹെസൂസ് ഹിമെനസും, ക്വാമി പെപ്രയും ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. ഗോള്‍നേട്ടത്തിന് പിന്നാലെ പെപ്ര റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു.




Read Also : Sunil Chhetri: വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് സുനിൽ ഛേത്രി; ഇന്ത്യയുടെ അടുത്ത മത്സരത്തിൽ കളിക്കും
പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്. പ്ലേ ഓഫിലേക്കുള്ള മുംബൈയുടെ വഴി മുടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമോയെന്ന് കണ്ടറിയാം. മുംബൈയോട് അവരുടെ നാട്ടില്‍ തോറ്റതിന് മധുരപ്രതികാരം വീട്ടുന്നതിനുള്ള അവസരം കൂടിയാണ് മഞ്ഞപ്പടയ്ക്ക് ഇന്നത്തെ മത്സരം.
മാര്‍ച്ച് 12നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. ഹൈദരാബാദാണ് എതിരാളി. ഹൈദരാബാദിനെ അവരുടെ മടയില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മുംബൈയ്ക്കും ഒരു മത്സരം അവശേഷിക്കുന്നുണ്ട്. മാര്‍ച്ച് 11ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരുവാണ് മുംബൈയുടെ എതിരാളികള്‍.
മത്സരം എങ്ങനെ കാണാം?
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ജിയോഹോട്ട്‌സ്റ്റാറിലും, സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലും കാണാം.