Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പരീക്ഷ, സിലബസ് ‘മോഹന്‍ ബഗാന്‍’; ജയിച്ചേ പറ്റൂ
Indian Super League 2024-25 Kerala Blasters Vs Mohun Bagan: ഹെസൂസ് ഹിമെനസ്, അഡ്രിയാന്‍ ലൂണ തുടങ്ങിയ താരങ്ങളാണ് കുന്തമുന. പരിക്കേറ്റ നോവ സദൂയിക്ക് കളിക്കാനാകാത്തത് തിരിച്ചടിയാണ്. ഡാനിഷ് ഫാറൂഖ് അടക്കമുള്ള താരങ്ങള്‍ ഫോമിലേക്ക് തിരികെയെത്തിയതില്‍ ആശ്വസിക്കാം. മുന്നേറ്റനിര തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും, പ്രതിരോധത്തിലെ വിള്ളലാണ് തലവേദന

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പോരിനിറങ്ങും. ഹോം മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ലീഗില്‍ പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ പറ്റൂ.ജനുവരി 30ന് ശേഷം ഇതാദ്യമായാണ് ടീം മത്സരത്തിനെത്തുന്നത്. രണ്ടാഴ്ചയോളം നീണ്ട വിശ്രമ കാലയളവില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും, പുതുക്കിപ്പണിയാനും താല്‍ക്കാലിക പരിശീലകന്‍ ടി.ജി. പുരുഷോത്തമനും സംഘത്തിനും സാധിച്ചിരിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെ 3-1ന് തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ഇത്തവണ മറുവശത്ത് ടേബിള്‍ ടോപ്പേഴ്‌സായ മോഹന്‍ ബഗാനാണെന്നതാണ് ആശങ്ക. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയതിന്റെ ചരിത്രം നോക്കിയാലും മോഹന്‍ ബഗാനാണ് മുന്നില്‍.
ഈ സീസണില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ പതിനാലിലും മോഹന്‍ ബഗാന്‍ ജയിച്ചു. തോറ്റത് നാലെണ്ണത്തില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. സമ്പാദ്യം 46 പോയിന്റ്. മോഹന്‍ബഗാന്റെ പകുതിയോളം പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 24 പോയിന്റ്. 19 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും, മൂന്ന് സമനിലയും, ഒമ്പത് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.




ഹെസൂസ് ഹിമെനസ്, അഡ്രിയാന്‍ ലൂണ തുടങ്ങിയ താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ കുന്തമുന. പരിക്കേറ്റ നോവ സദൂയിക്ക് ഇന്ന് കളിക്കാനാകാത്തത് തിരിച്ചടിയാണ്. എങ്കിലും ഡാനിഷ് ഫാറൂഖ് അടക്കമുള്ള താരങ്ങള്‍ ഫോമിലേക്ക് തിരികെയെത്തിയതില്‍ ആശ്വസിക്കാം.
Read Also : ചെന്നൈയിനെ അടിച്ച് തൂഫാനാക്കി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്
മുന്നേറ്റനിര തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും, പ്രതിരോധത്തിലെ വിള്ളലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തലവേദന. മറുവശത്ത്, മോഹന്‍ബഗാന്റെ മുന്നേറ്റവും, പ്രതിരോധവും ഒന്നിനൊന്ന് മെച്ചം. ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ 30 വീതം ഗോളുകള്‍ അടിക്കുകയും വഴങ്ങുകയും ചെയ്തു. 39 ഗോളുകളാണ് മോഹന്‍ബഗാന്‍ വലയിലെത്തിച്ചത്. വഴങ്ങിയത് 14 ഗോളുകള്‍ മാത്രം. ടീമുകളുടെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ജിയോഹോട്ട്‌സ്റ്റാറിലും, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കുകളിലും, ഏഷ്യാനെറ്റ് പ്ലസിലും മത്സരം കാണാം. മത്സരം പ്രമാണിച്ച് ആരാധകരുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ ഇന്ന് സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.