ISL 2024 : ലേലത്തിനിടെ ബ്ലാസ്റ്റേഴ്സിനെ മറക്കല്ലേ; ചെന്നൈയിനെ 3 ഗോളിന് തകർത്ത് ലൂണയും സംഘവും വിജയവഴിയിൽ
ISL 2024 Kerala Blasters Won Against Chennaiyin FC : ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് മടക്കമില്ലാത്ത മൂന്ന് ഗോൾ ജയം. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരികെയെത്തുന്നത്.
ഒരുവശത്ത് ഐപിഎൽ ലേലം പൊടിപൊടിക്കവെ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരികെയെത്തി. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ മുക്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയും ഹെസൂസ് ഹിമനസും രാഹുൽ കെപിയുമാണ് ഗോളുകൾ നേടിയത്. തുടരെ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിക്കുന്നത്.
സാധ്യമായതിൽ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ന് കൊച്ചിയിൽ സ്റ്റാറെ അണിനിരത്തിയത്. മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്, റുയ്വാ ഹോര്‍മിപാം, സന്ദീപ് സിങ് എന്നിവര്‍ പ്രതിരോധത്തിൽ തുടര്‍ന്നു. മധ്യനിരയില്‍ അലെക്സാന്‍ഡ്രെ കൊയെഫ് പുറത്തിരുന്നു. വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, ഫ്രെഡി, കോറോ സിങ് എന്നിവരാണ് മിഡ്ഫീൽഡിൽ അണിനിരന്നത്. മുന്നേറ്റത്തില്‍ ഹെസൂസ് ഹിമനസും നോഹ സദോയും. ചെന്നൈയിന്‍ ഗോള്‍മുഖത്ത് മുഹമ്മദ് നവാസ് അണിനിരന്നപ്പോൾ പ്രതിരോധത്തില്‍ മന്ദാര്‍ ദേശായ്, റ്യാന്‍ എഡ്വാര്‍ഡ്സ്, യുമ്നം, ലെന്ത്ലെയ് എന്നിവരും മധ്യനിരയില്‍ എല്‍സിന്യോ, വിന്‍സി ബരെറ്റൊ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല എന്നിവരും കളത്തിലിറങ്ങി. ഇര്‍ഫാന്‍ യദ്വാഡും വില്‍മര്‍ ഗില്ലും ചേർന്നാണ് ആക്രമണം നയിച്ചത്.
Also Read : Santosh Trophy: പുതുച്ചേരിക്കെതിരെ ഗോൾമഴ; കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ
തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന് ആക്രമിച്ചുകളിക്കാൻ സാധിച്ചു. കളിയുടെ സമസ്തമേഖലകളിലും മുന്നിട്ടുനിന്നെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല. 9ആം മിനിട്ടിൽ ചെന്നൈയിന് കിട്ടിയ ഒരു ഫ്രീ കിക്ക് സച്ചിൻ സുരേഷ് കുത്തിയകറ്റിയതാണ് ആദ്യ പകുതിയിലെ പ്രധാന ഇവൻ്റ്.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾ വിജയം കണ്ടു. 56ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. കോറോ സിംഗ് ഒരുക്കിയ അവസരം പിഴവുകളില്ലാതെ ഹിമനസ് വലയിലെത്തിക്കുകയായിരുന്നു. 62ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ സബ്സ്റ്റിറ്റ്യൂട്ട്. കോറോ സിംഗിന് പകരം പകരം രാഹുല്‍ കെപി കളത്തിൽ. 70ആം മിനിട്ടിൽ നോഹ സദോയ് ബ്ലാസ്റ്റേഴ്സിൻ്റെ ലീഡ് ഇരട്ടിയാക്കി. ലൂണയാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. സീസണിൽ നോഹയുടെ നാലാം ഗോള്‍ ആയിരുന്നു ഇത്. ഇതിനിടെ ഫ്രെഡിക്ക് പകരം ഡാനിഷ് ഫാറൂഖ് കളത്തിലെത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയുമെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ കെകെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ മൂന്നാം ഗോൾ കണ്ടെത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി. നോഹയാണ് ഈ ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
ഇതോടെ 9 മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി. 9 മത്സരങ്ങളിൽ 12 പോയിൻ്റുള്ള ചെന്നൈയിൻ ആറാമതാണ്. ഈ മാസം
28ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.