5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL 2024 : തോറ്റ് തളർന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻബഗാന്റെ മടയിൽ; മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാം

ISL 2024 Kerala Blasters vs Mohun Bagan : കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെ നേരിടുകയാണ്. ക്ലബിനകത്തും പുറത്തും കടുത്ത പ്രതിസന്ധികൾക്കിടെയാണ് ബ്ലാസ്റ്റേഴ്സ് ബഗാൻ്റെ തട്ടകമായ സാൾട്ട് ലേക്കിൽ എത്തുന്നത്. മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്ന് പരിശോധിക്കാം.

ISL 2024 : തോറ്റ് തളർന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻബഗാന്റെ മടയിൽ; മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാം
മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ് (Image Credits- PTI, Social Media)
abdul-basith
Abdul Basith | Published: 14 Dec 2024 15:37 PM

കടുത്ത പ്രതിസന്ധികൾക്കിടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ. 10 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മോഹൻ ബഗാനെ അവരുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ടീമിൻ്റെ മോശം പ്രകടനങ്ങളിൽ ആരാധകക്കൂട്ടമായ മഞ്ഞപ്പട ക്ലബ് മാനേജ്മെൻ്റിനെതിരെ പരസ്യമായി രംഗത്തുവന്നതും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമൊക്കെ ബ്ലാസ്റ്റേഴ്സിന് കടുത്ത സമ്മർദ്ദം നൽകും. കരുത്തരായ മോഹൻ ബഗാനെ സാൾട്ട് ലേക്കിൽ വച്ച് കീഴടക്കുക എന്നത് ഏറെക്കുറെ അപ്രാപ്യമായതിനാൽ ഈ മത്സരത്തിന് ശേഷം പരിശീലകൻ മിക്കായേൽ സ്റ്റാറെയെ പുറത്താക്കാനും സാധ്യതയുണ്ട്.

ഇന്ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. സ്പോർട്സ് 18 ആണ് ഐഎസ്എലിൻ്റെ ബ്രോഡ്കാസ്റ്റിങ് അവകാശം നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്പോർട്സ് 18 1, സ്പോർട്സ് 18 2, സ്പോർട്സ് 18 3 എന്നീ ചാനലുകളിലും ഏഷ്യാനെറ്റ് പ്ലസിലും മത്സരം തത്സമയം കാണാം. ഏഷ്യാനെറ്റ് പ്ലസിൽ മലയാളം കമൻ്ററിയോടെയാവും സംപ്രേഷണം. ഒടിടി ഉപഭോക്താക്കൾക്ക് ജിയോസിനിമയിലൂടെയും മത്സരം കാണാനാവും.

Also Read : ISL: ആരാധക രോഷം തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ മോഹൻ ബ​ഗാൻ

തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് സാൽട്ട്ലേക്കിലെത്തുക. നവംബർ 24ന് കലൂരിൽ ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയ ശേഷം എഫ്സി ഗോവ, ബെംഗളൂരു എഫ്സി എന്നീ ടീമുകൾക്കെതിരെ പരാജയപ്പെട്ടു. ഇതിൽ എഫ്സി ഗോവയ്ക്കെതിരെ കലൂരിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റപ്പോൾ ബെംഗളൂരു എഫ്സിക്കെതിരെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുട്ടുമടക്കുകയായിരുന്നു. ചെന്നൈയിനെതിരായ ജയത്തിന് മുൻപ് ഹൈദരാബാദ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവർക്കെതിരെയും ബെംഗളൂരുവിനെതിരെ റിവേഴ്സ് ഫിക്സ്ചറിലും തോറ്റു. ഇതിൽ മുംബൈ സിറ്റിയ്ക്കെതിരെ മാത്രമായിരുന്നു എവേ മത്സരം. ചെന്നൈയിനൊപ്പം ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ എസ്‌സി എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്സ് സീസണിൽ ഇതുവരെ തോല്പിച്ചത്. നോർത്തീസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി എന്നിവർക്കെതിരെ സമനില പിടിച്ചു. ചെന്നൈയിൻ എഫ്സിക്കൊഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയും ചെയ്തു.

11 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 10ആം സ്ഥാനത്താണ്. ഈസ്റ്റ് ബെംഗാൾ, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ എസ്‌സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിന് താഴെയുള്ളത്. തുടരെ മികച്ച താരങ്ങളെ വിറ്റൊഴിവാക്കുന്നതിൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ്, ദിമിത്രിയോസ് ഡയമൻ്റക്കോസ്, പ്രഭ്സുഖൻ ഗിൽ തുടങ്ങി ബ്ലാസ്റ്റേഴ്സിൽ വിലാസമുണ്ടാക്കിയവരെയൊക്കെ ക്ലബ് വിട്ടുകളഞ്ഞു. പ്രതിരോധനിരയിൽ ഉറച്ചുനിന്ന ലെസ്കോവിച്ചിനെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധമാണ് ഇപ്പോൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത്. പ്രതിരോധനിരയിൽ പൊതുവെ മികച്ച പ്രകടനം നടത്തുന്ന മിലോസ് ഡ്രിഞ്ചിച്ച് ബെംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങിയില്ല. പ്രീതം കോട്ടാൽ, പ്രബീർ ദാസ് തുടങ്ങിയ മുതിർന്ന താരങ്ങളൊന്നും ഫോമിലല്ല. കോറോ സിംഗ്, നോഹ സദോയ്, ഹെസൂസ് ഹിമനസ് തുടങ്ങി വിരലിലെണ്ണാവുന്നവർ മാത്രമാണ് ക്വാളിറ്റിയുള്ള പ്രകടനങ്ങൾ നടത്തുന്നത്. പ്രതിരോധപ്പിഴവിൽ തന്നെ ബ്ലാസ്റ്റേഴ്സ് പല മത്സരങ്ങളും തോറ്റു. ഇതൊക്കെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാനേജ്മെൻ്റ് സ്ഥാനമൊഴിയണമെന്നതാണ് അവരുടെ ആവശ്യം.