5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL 2024 : നിരാശയുടെ ആദ്യ പകുതി; പ്രതീക്ഷയുടെ രണ്ടാം പകുതി; ഛേത്രിക്ക് ഹാട്രിക്ക്; ഒടുവിൽ തോറ്റത് ബ്ലാസ്റ്റേഴ്സ്

ISL 2024 Kerala Blasters vs Bengaluru FC : ഐഎസ്എല്ലിൽ വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക്ക് നേടി.

ISL 2024 : നിരാശയുടെ ആദ്യ പകുതി; പ്രതീക്ഷയുടെ രണ്ടാം പകുതി; ഛേത്രിക്ക് ഹാട്രിക്ക്; ഒടുവിൽ തോറ്റത് ബ്ലാസ്റ്റേഴ്സ്
ബെംഗളൂരു എഫ്സി (Image Courtesy - Bengaluru FC X)
abdul-basith
Abdul Basith | Updated On: 07 Dec 2024 21:37 PM

ഐഎസ്എലിൽ ബെംഗളൂരു എഫ്സിക്കെതിരെ പൊരുതിത്തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. ബെംഗളൂരുവിനായി സുനിൽ ഛേത്രി ഹാട്രിക്ക് നേടിയപ്പോൾ റയാൻ വില്ല്യംസാണ് നാലാമത്തെ ഗോളടിച്ചത്. ഹെസൂസ് ഹിമനസ്, ഫ്രെഡ്ഡി എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ പട്ടികയിൽ ഇടം നേടി. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് പതിവുപോലെ തിരിച്ചടിയായത്.

ഡ്രിഞ്ചിച്ചിനെയും പെപ്രയെയും ബെഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സച്ചിൻ സുരേഷ് ആയിരുന്നു ഗോൾ വലയ്ക്ക് മുന്നിൽ. നവോച്ച സിംഗ്, അലക്സാണ്ടർ കൊയേഫ്, റുയിവ ഹോർമിപാം, സന്ദീപ് സിംഗ് എന്നിവർ പ്രതിരോധത്തിൽ അണിനിരന്നു. വിബിൻ മോഹനൻ, ഫ്രെഡ്ഡി എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരായി. കോറോ സിംഗ് അഡ്രിയാൻ ലൂണ, നോഹ സദോയ് എന്നിവർ മധ്യനിരയിലും ഹെസൂസ് ഹിമനസ് ആക്രമണത്തിലും ഇറങ്ങി.

Also Read : ISL 2024 : ആറ് കളി, പൂജ്യം ജയം; ബെംഗളൂരുവിൻ്റെ തട്ടകത്തിൽ ഇതുവരെ വിജയിക്കാനാവാതെ ബ്ലാസ്റ്റേഴ്സ്

ബെംഗളൂരുവാണ് കളി നിയന്ത്രിച്ചുതുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബെംഗളൂരു ആക്രമണ നിരയിൽ റയന വില്ല്യംസായിരുന്നു അപകടകാരി. എട്ടാം മിനിട്ടിൽ വില്ല്യംസ് തന്നെ ആദ്യ ഗോളിനുള്ള വഴിയൊരുക്കി. വലതുപാർശ്വത്തിൽ നിന്ന് വില്ല്യംസ് നൽകിയ ഒരു ക്ലിനിക്കൽ ക്രോസ് പിഴവുകളില്ലാതെ ഹെഡ് ചെയ്ത് ഛേത്രി ബെംഗളൂരുവിന് ആദ്യ ലീഡ് സമ്മാനിച്ചു. സീസണിൽ ഛേത്രിയുടെ ആദ്യ ഗോളായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സ് സാവധാനത്തിൽ ചില അവസരങ്ങളൊരുക്കിയെങ്കിലും ഉറച്ചുനിന്ന ബെംഗളൂരു പ്രതിരോധവും ഫൈനൽ തേർഡിലെ മോശം പ്രകടനങ്ങളും ഗോൾ മടക്കുന്നതിൽ നിന്ന് കൊമ്പന്മാരെ തടഞ്ഞു. ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾക്കിടെ ബെംഗളൂരു അടുത്ത ഗോളടിച്ചു. 39ആം മിനിട്ടിലായിരുന്നു ഗോൾ. വലതുപാർശ്വത്തിലൂടെ ഒറ്റക്ക് മുന്നേറിയ വില്ല്യംസ് അനായാസം ഹോർമിപാമിനെ വെട്ടിയൊഴിഞ്ഞ് ഗോൾ വല ചലിപ്പിച്ചു.

ഇടതുപാർശ്വത്തിൽ നോഹയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾ. നിഖിൽ പൂജാരിയുടെ ഇടപെടലുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൻ്റെ മുനയൊടിച്ചു. അഡ്രിയാൻ ലൂണ നിറം മങ്ങിയതും ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങളെ ബാധിച്ചു. ആദ്യ പകുതിയുടെ അവസാന സമയങ്ങളിൽ വിബിൻ മോഹനൻ പരിക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. വിബിന് പകരം ഡാനിഷ് ഫാറൂഖ് ആണ് കളത്തിലിറങ്ങിയത്.

രണ്ടാം പകുതിയിൽ കുറച്ചുകൂടി ഒത്തിണക്കം കാണിച്ച ബ്ലാസ്റ്റേഴ്സ് വേഗം തന്നെ മത്സരത്തിലേക്ക് തിരികെവന്നു. 56ആം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഗോൾ പിറന്നത്. നോഹ നൽകിയ പാസിൽ നിന്ന് ഹിമനസിൻ്റെ ഒരു ബാക്ക് ഹീൽ ഫിനിഷ്. ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് 67ആം മിനിട്ടിൽ സമനില ഗോളടിച്ചു. ലൂണയുടെ ക്രോസിൽ തലവച്ച് ഫ്രെഡിയാണ് ഗോൾ നേടിയത്. ഇരു ടീമുകളും ആക്രമണം കനപ്പിച്ചതോടെ കളി ആവേശകരമായി. 73ആം മിനിട്ടിൽ ബെംഗളൂരു ലീഡ് തിരിച്ചുപിടിച്ചു. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ പെരേര ഡിയാസ് നൽകിയ പന്ത് അനായാസ ഛേത്രി വലയിലെത്തിച്ചു. അവസാന മിനിട്ടുകളിൽ ഗുർപ്രീത് സിംഗ് നടത്തിയ സേവുകൾ ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചുവരവ് നിഷേധിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഛേത്രി തൻ്റെ മൂന്നാം ഗോൾ കണ്ടത്തിയതോടെ ബെംഗളൂരുവിൻ്റെ വിജയം പൂർണ്ണം.

ഈ വിജയത്തോടെ 23 പോയിൻ്റുമായി ബെംഗളൂരു എഫ്സി ലീഗിൽ ഒന്നാമതെത്തി. വെറും 11 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്താണ്.