ISL 2024 : ആറ് കളി, പൂജ്യം ജയം; ബെംഗളൂരുവിൻ്റെ തട്ടകത്തിൽ ഇതുവരെ വിജയിക്കാനാവാതെ ബ്ലാസ്റ്റേഴ്സ്
ISL 2024 Kerala Blasters : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടുന്നു. ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. മോശം ഫോമിനൊപ്പം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനങ്ങളും ആരാധകർക്ക് ആശങ്കയാണ്.
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നില പരുങ്ങലിലാണ്. 10 മത്സരങ്ങളിൽ വെറും മൂന്നെണ്ണം മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് പട്ടികയിൽ പത്താമതാണ്. കേവലം 11 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കടുത്ത സമ്മർദ്ദത്തിലാണ് സ്റ്റാറെയുടെ സംഘം ചിരവൈരികളായ ബെംഗളൂരു എഫ്സിയുടെ തട്ടകത്തിലെത്തുന്നത്. പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള ബെംഗളൂരുവിനെതിരെ വിജയിക്കുക എന്നത് ഹിമാലയൻ ടാസ്കാണ്. കണ്ഠീരവ സ്റ്റേഡിയത്തിൽ ടീമിൻ്റെ പ്രകടനം വളരെ മോശമാണ് എന്നതും ഇന്നത്തെ ഷെഡ്യൂൾ ബ്ലാസ്റ്റേഴ്സിന് അതികഠിനമാക്കും.
ഐഎസ്എലിൽ കളി തുടങ്ങിയ ബെംഗളൂരു എഫ്സി 2017-18 സീസണിലാണ് ഐഎസ്എലിൽ എത്തുന്നത്. അത് മുതൽ ഇതുവരെ ആറ് തവണ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും കണ്ഠീരവയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇടയ്ക്ക് രണ്ട് സീസണിൽ കൊവിഡ് ബാധ കാരണം ഇവിടെ കളി നടന്നിരുന്നില്ല. ഇരു ടീമുകളും തമ്മിൽ ആകെ ആറ് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ആറിൽ അഞ്ച് തവണയും ബെംഗളൂരു വിജയിച്ചപ്പോൾ ഒരു കളി സമനിലയായി. 2018-19 സീസണിലെ 2-2 സമനില ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ജയം ബെംഗളൂരുവിനൊപ്പം നിന്നു. ഇതിൽ 2017-18 സീസണിൽ ബെംഗളൂരു എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ബാക്കിയെല്ലാ സീസണുകളിലും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ആകെ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയത് 18 തവണയാണ്. ഇതിൽ 10ലും ബെംഗളൂരു വിജയിച്ചു. നാലെണ്ണത്തിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബാക്കി നാലെണ്ണം സമനില ആവുകയായിരുന്നു.
Also Read : ISL 2024: ഐഎസ്എല്ലിൽ തെന്നിന്ത്യൻ ഭേരി! കേരളാ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം എവിടെ കാണാം..?
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 3-1നായിരുന്നു ബെംഗളൂരുവിൻ്റെ ജയം. സമസ്ത മേഖലകളിലും മുന്നിൽ നിന്നിട്ടും ഫൈനൽ തേർഡിലെ പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്. സാമ്പത്തിക പ്രശ്നങ്ങളിൽ ഉഴറുന്ന ഹൈദരാബാദ് എഫ്സിയോട് പോലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കളി എഫ്സി ഗോവയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് കൊമ്പന്മാർ ഇന്നിറങ്ങുക.
സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ സ്ഥാനം പോലും നഷ്ടപ്പെടാനുള്ള സാധ്യതയാണുള്ളത്. ലീഗിലെ മറ്റ് ടീമുകൾ പരിഗണിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് മോശമല്ലാത്ത സ്ക്വാഡുണ്ട്. എങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടനങ്ങൾ ഉണ്ടാവുന്നില്ല. പൊസിഷൻ, പാസിംഗ്, അറ്റാക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ ടീം മികച്ചുനിൽക്കുന്നു. പലപ്പോഴും ഫൈനൽ തേർഡിലെ മോശം തീരുമാനങ്ങളാണ് ടീമിന് തിരിച്ചടിയായത്. സച്ചിൻ സുരേഷിന് പരിക്കേറ്റതിനാൽ ടീമിലെത്തിയ യുവ ഗോൾ കീപ്പർ സോം കുമാറിൻ്റെ ചോരുന്ന കൈകളും ബ്ലാസ്റ്റേഴ്സിൻ്റെ മോശം പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചു. ഇതിനൊപ്പം പ്രതിരോധത്തിലെ പാളിച്ചകൾ കൂടി ചേർന്നതോടെ ടീമിൻ്റെ തകർച്ച പൂർണ്ണം.
10 മത്സരങ്ങളിൽ അഞ്ച് തവണയാണ് ടീം പരാജയപ്പെട്ടത്. ഇതിൽ പലതും ഒഴിവാക്കാമായിരുന്ന പരാജയങ്ങളായിരുന്നു. മേൽപ്പറഞ്ഞ പ്രതിരോധ, ഗോൾ കീപ്പിംഗ് പിഴവുകൾ ബ്ലാസ്റ്റേഴ്സിൻ്റെ നിർണായകമായ പോയിൻ്റുകളിൽ പലതും നഷ്ടപ്പെടുത്തി. ഫൈനൽ തേർഡിൽ ആവശ്യമായ കമ്മ്യൂണിക്കേഷൻ ഇല്ലാത്തതും കൊമ്പന്മാരുടെ പല വിജയങ്ങളും പരാജയങ്ങളാക്കിമാറ്റി. എത്രയും വേഗം ഈ പിഴവുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്റ്റാറെയ്ക്ക് സ്ഥാനം നഷ്ടമാവുമെന്നുറപ്പ്.