ISL 2024 : സാൾട്ട് ലേക്കിൽ തീപാറും പോര്; അവസാന മിനിട്ടിലെ ഗോളിൽ മോഹൻ ബഗാന് ത്രില്ലിങ് ജയം
ISL 2024 Kerala Blasters Loses Against Mohun Bagan : ഐഎസ്എലിൽ മോഹൻ ബഗാനെതിരെ പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ബഗാൻ്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ തോൽവി.
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെ അവരുടെ തട്ടകമായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നേരിട്ട ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് ഒരു സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. മോഹൻ ബഗാനായി ജേമി മക്ലാരനും ജേസൻ കമ്മിങ്സും ആൽബർട്ടോ റോഡ്രിഗസും ഗോൾ നേടിയപ്പോൾ ഹെസൂസ് ഹിമനസും മിലോസ് ഡ്രിഞ്ചിച്ചുമാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്.
മത്സരം ആരംഭിച്ച് ആദ്യ സമയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിട്ടുനിന്നത്. തുടരെ മോഹൻ ബഗാൻ പെനാൽറ്റി ബോക്സിലേക്ക് ഇരച്ചുകയറിയ ഹിമനസും നോഹയും നിരന്തരം വിശാൽ കെയ്തിനെ പരീക്ഷിച്ചു. വിശാൽ കെയ്തിൻ്റെ ചില മികച്ച സേവുകളും ബ്ലാസ്റ്റേഴ്സിൻ്റെ മോശം ഫിനിഷിംഗും കാരണമാണ് ഗോൾ അകന്നുനിന്നത്. സാവധാനത്തിൽ കളിയിലേക്കെത്തിയ മോഹൻ ബഗാൻ ആക്രമണം ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നയിച്ചു. പിന്നാലെ 33ആം മിനിട്ടിൽ മോഹൻ ബഗാൻ ലീഡെടുത്തു. ഗോൾ കീപ്പർ സച്ചിൻ സുരേഷിൻ്റെ പിഴവിൽ നിന്ന് ജേമി മക്ലാരൻ്റെ അനായാസ ഫിനിഷ്. ഇതിനിടെ മോഹൻ ബഗാൻ പ്രതിരോധ താരം ആൽഡ്രെഡ് പെനൽറ്റി ബോക്സിൽ വച്ച് പന്ത് കൈകൊണ്ട് തട്ടിനീക്കിയെങ്കിലും റഫൈ പെനാൽറ്റി അനുവദിച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിലായിരുന്നു.
Also Read : ISL 2024 : തോറ്റ് തളർന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻബഗാന്റെ മടയിൽ; മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാം
രണ്ടാം പകുതിയിൽ കുറച്ചുകൂടി ഒത്തിണക്കം കാണിച്ച ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ്റെ ആക്രമണങ്ങൾക്ക് തിരിച്ചടിച്ചു. മോഹൻ ബഗാൻ്റെ ഫിസിക്കൽ ഗെയിമിലും ടാക്ടിക്കൽ ഗെയിമിലും ഒപ്പത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്സ് 52ആം മിനിട്ടിൽ സമനില പിടിച്ചു. മോഹൻ ബഗാൻ പ്രതിരോധപ്പിഴവിൽ നിന്ന് ഹെസൂസ് ഹിമനസാണ് ഗോളടിച്ചത്. ഡേഞ്ചർ ഏരിയയിൽ നിന്ന് പന്ത് ക്ലിയർ ചെയ്യാനുള്ള സുഭാശിഷ് ബോസിൻ്റെ ശ്രമം പരാജയപ്പെട്ടപ്പോൾ ഹിമനസ് ഗോൾ വല ചലിപ്പിച്ചു. വീണ്ടും അവസരങ്ങൾ നെയ്തെടുത്ത ബ്ലാസ്റ്റേഴ്സിനെ വിശാൽ കെയ്താണ് തടഞ്ഞുനിർത്തിയത്. 77ആം മിനിട്ടിൽ ഇതേ വിശാൽ കെയ്തിൻ്റെ പിഴവ് ബ്ലാസ്റ്റേഴ്സിന് ആദ്യമായി ലീഡ് സമ്മാനിച്ചു. ലൂണയുടെ ഫ്രീ കിക്ക് കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ വഴുതിയ പന്ത് മിലോസ് ഡ്രിഞ്ചിച്ച് വലയിലേക്ക് പായിച്ചു.
2-1ന് പിന്നിലായതോടെ മോഹൻ ബഗാൻ ആഷിഖ് കുരുണിയനെ കളത്തിലിറക്കി. ഇതോടെ മോഹൻ ബഗാൻ ആക്രമണം കടുപ്പിച്ചു. നിരന്തരം ഇടതുപാർശ്വത്തിലൂറ്റെ ഇരച്ചുകയറിയ ആഷിഖ് തുടരെ ഭീഷണിയായി. 86ആം മിനിട്ടിൽ ആക്രമണങ്ങൾക്ക് ഫലമുണ്ടായി. ആഷിഖ് കുരുണിയനിൽ നിന്ന് തുടങ്ങിയ ആക്രമണം കമ്മിങ്സിലൂടെ ഗോളായി. ആഷിഖിൻ്റെ ഒരു തകർപ്പൻ ക്രോസ് കമ്മിങ്സ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. കളി സമനിലയിലേക്ക് നീങ്ങനെ, ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ മോഹൻ ബഗാൻ്റെ വിജയഗോൾ വന്നു. 35 വാരയോളം അകലെനിന്ന് മോഹൻ ബഗാൻ സെൻ്റർ ബാക്ക് ആൽബർട്ടോ തൊടുത്ത ഒരു ഒരു ബുള്ളറ്റ് ഷോട്ട് സച്ചിൻ സുരേഷിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.
ഇതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുള്ള മോഹൻ ബഗാൻ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.