21ആം മിനിട്ടിൽ രണ്ട് ഗോളിന് മുന്നിൽ; തിരിച്ചടിച്ച് ഒഡീഷ; ഒടുവിൽ പെനാൽറ്റി നിഷേധിച്ച് റഫറി: ബ്ലാസ്റ്റേഴ്സിന് സമനില | ISL 2024 Kerala Blasters Draw Against Odisha FC In Kalinga Stadium After Leading By Two Goals Malayalam news - Malayalam Tv9

ISL 2024 : 21ആം മിനിട്ടിൽ രണ്ട് ഗോളിന് മുന്നിൽ; തിരിച്ചടിച്ച് ഒഡീഷ; ഒടുവിൽ പെനാൽറ്റി നിഷേധിച്ച് റഫറി: ബ്ലാസ്റ്റേഴ്സിന് സമനില

Updated On: 

03 Oct 2024 21:51 PM

ISL 2024 Kerala Blasters : ഐഎസ്എലിൽ ഒഡീഷ എഫ്സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. തുടക്കത്തിൽ രണ്ട് ഗോൾ ലീഡെടുത്തതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന് റഫറി അർഹിച്ച പെനാൽറ്റി അനുവദിക്കാതിരുന്നതും തിരിച്ചടിയായി.

ISL 2024 : 21ആം മിനിട്ടിൽ രണ്ട് ഗോളിന് മുന്നിൽ; തിരിച്ചടിച്ച് ഒഡീഷ; ഒടുവിൽ പെനാൽറ്റി നിഷേധിച്ച് റഫറി: ബ്ലാസ്റ്റേഴ്സിന് സമനില

നോവ സദോയ് (Image Courtesy - Kerala Blasters Facebook)

Follow Us On

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഒഡീഷ എഫ്സിക്കെതിരെ അവരുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് പിരിഞ്ഞു. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. തുടക്കത്തിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ പിന്നിൽ നിന്ന് തിരിച്ചടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം അലക്സാന്ദ്രെ കൊയേഫിൻ്റെ സെൽഫ് ഗോൾ മത്സഫലത്തിൽ നിർണായകമായി.

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സാണ് കളി നിയന്ത്രിച്ചത്. തുടരാക്രമണങ്ങൾക്ക് പിന്നാലെ 18ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് അർഹിച്ച ലീഡെടുത്തു. നോഹ സദോയ് ആയിരുന്നു ഗോൾ സ്കോറർ. ഹെസ്യൂസ്‌ ഹിമിനെസാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. മൂന്ന് മിനിട്ടിനകം ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ നോഹ ഒരുക്കിയ അവസരം ഹിമിനെസ് ഗോളാക്കിമാറ്റി. രണ്ട് ഗോളിന് പിന്നിലായതോടെ ഒഡീഷ ആക്രമണം മുറുക്കി. 29ആം മിനിട്ടിൽ കൊയേഫിൻ്റെ സെൽഫ് ഗോളിൽ അവർ ഒരു ഗോൾ തിരിച്ചടിച്ചു. ഫ്രീകിക്കിൽ നിന്നുള്ള ഒഡീഷ ആക്രമണം ബ്ലോക്ക് ചെയ്ത കൊയേഫിൻ്റെ കാലിൽ തട്ടിയ പന്ത് വല ചലിപ്പിച്ചു. 36ആം മിനിട്ടിൽ സൂപ്പർ താരം ഡിയേഗോ മൗറീഷ്യോ ആതിഥേയരുടെ സമനില ഗോൾ കണ്ടെത്തി. ജെറി ആയിരുന്നു അസിസ്റ്റ്. ആദ്യ പകുതി 2-2 എന്ന സ്കോറിന് അവസാനിച്ചു.

Also Read : ISL : സമനില അല്ല ജയം വേണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷയ്ക്കെതിരെ; മത്സരം എപ്പോൾ, എവിടെ കാണാം?

രണ്ടാം പകുതിയിൽ കളി കൂടുതൽ ബാലൻസ്ഡായി. റോയ് കൃഷ്ണയെ ഇറക്കി ഒഡീഷയും ലൂണയെ ഇറക്കി ബ്ലാസ്റ്റേഴ്സും കളി കൊഴുപ്പിച്ചു. ഇതോടെ ഇരു പോസ്റ്റിലേക്കും പന്തെത്തി. പക്ഷേ, ഇരു ടീമുകൾക്കും ഫൈനൽ തേർഡിൽ ചലനമുണ്ടാക്കാനായില്ല. അസ്ഹർ, ഐമൻ സഹോദരങ്ങൾ കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മനോഹരമായ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളായില്ല. മറുവശത്ത് റോയ് കൃഷ്ണയും ചില നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചു. ഇഞ്ചുറി ടൈമിൽ നോഹയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന് വിജയം നിഷേധിച്ചു. റിപ്ലേകളിൽ നോഹയെ ഫൗൾ ചെയ്യുന്നത് വ്യക്തമായിരുന്നു. ഇതോടെ കളി സമനില. നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ നാലാമതാണ്.

 

 

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version