ISL: കമോൺ ഇന്ത്യ ലെറ്റ്സ് ഫുട്ബോൾ! ഐഎസ്എല്ലിന് നാളെ കിക്കോഫ്, നിയമങ്ങളിൽ മാറ്റം
ISL: 474 കോടി രൂപയാണ് ഐഎസ്എല്ലിന്റെ വിപണി മൂല്യം. കൊൽക്കത്തൻ ക്ലബ്ബ് മോഹൻ ബഗാനാണ് വിപണി മൂല്യത്തിൽ ഒന്നാമത്. 55.2 കോടിയുമായി കേരള ബ്ലാസ്റ്റേഴ്സ് പിന്നിലുണ്ട്.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പൂരത്തിന് പന്തുരുളാൻ ഒരു ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. 11-ാം സീസണിലേക്ക് എത്തുമ്പോൾ 12-ൽ നിന്ന് 13 ടീമുകളാകുന്നു ഐഎസ്എല്ലിൽ. ഐ ലീഗിൽ നിന്ന് പ്രമോഷൻ കിട്ടിയെത്തുന്ന മുഹമ്മദൻസ് എഫ്സി കൂടിയെത്തുമ്പോൾ കൊൽക്കത്തൻ പോരിന് മാത്രമല്ല ഇന്ത്യൻ ഫുട്ബോളിനും അതുഗുണം ചെയ്യും. മോഹൻ ബഗാൻ മുംബെെ സിറ്റി എഫ്സി മത്സരത്തോടെയാണ് ലീഗിന് തുടക്കമാകുക. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വെള്ളിയാഴ്ച രാത്രി 7.30 നാണ് കിക്കോഫ്. സ്പോർടസ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. നിലവിലെ ചാമ്പ്യന്മാരും ഷീൽഡ് വിന്നേഴ്സും മുഖാമുഖം വരുമ്പോൾ കലക്കൻ പോരാട്ടം തന്നെ കാണാം.
മലയാളികൾക്ക് ഓണസമ്മാനമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ നാളായ സെപ്റ്റംബർ 15-ന് കൊച്ചിയിലാണ്. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഓസ്ട്രേലിയൻ ലീഗിലെ ടോപ് സ്കോറർ ജാമി മക്ലാരൻ, ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ജീസസ് ഹിമിനെസ് തുടങ്ങി ലീഗിൽ പുതുമുഖങ്ങൾ ഏറെയുണ്ട്. അഡ്രിയാൻ ലൂണയും നോഹ സദോയിയും സുനിൽ ഛേത്രിയും സഹലും റോയ് കൃഷ്ണയും ഉൾപ്പെടെ ഐഎസ്എല്ലിലെ സൂപ്പർ താരങ്ങളുടെ മികവുറ്റ പോരാട്ടങ്ങൾ വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വിപണി മൂല്യം
474 കോടി രൂപയാണ് ഐഎസ്എല്ലിന്റെ വിപണി മൂല്യം. 396 താരങ്ങളെയാണ് 13 ക്ലബ്ബുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 76 പേർ വിദേശതാരങ്ങളാണ്. 60.6 കോടി രൂപ മൂല്യമുള്ള മോഹൻ ബഗാനാണ് വിപണിമൂല്യത്തിൽ മുന്നിൽ. 55.2 കോടിയുമായി കേരള ബ്ലാസ്റ്റേഴ്സ് 12 പിന്നിലുണ്ട്.
പുതിയ നിയമം
ക്ലബ്ബുകൾക്ക് ഇന്ത്യൻ സഹപരിശീലകൻ വേണമെന്നും സംഘാടകർ നിർബന്ധമാക്കി. കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമവും 11-ാം സീണണിന്റെ പ്രധാനമാറ്റങ്ങളിലൊന്നാണ്. തലയ്ക്ക് പരിക്കേറ്റ താരത്തിന് പകരക്കാരനായി പുതിയ ആളെ ഇറക്കാൻ കഴിയുന്നതാണ് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമം. റെഡ് കാർഡിനെതിരെ അപ്പീൽ നൽകാൻ കഴിയുമെന്നതാണ് മറ്റൊരു മാറ്റം.
കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിന്റെ 10 വർഷത്തെ ചരിത്രത്തിൽ 3 തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പായത്. ഐഎസ്എൽ ട്രോഫി എന്ന സ്വപ്നമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. കപ്പ് കേരളത്തിൽ എത്തിക്കാനാണ് പുതിയ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയ്ക്ക് കീഴിൽ കൊമ്പന്മാർ ഇറങ്ങുന്നത്. അഡ്രിയാൻ ലൂണ, ക്വാമി പെപ്രെ, മിലോസ് ഡ്രിൻസിച്ച്, നോഹ സദൂയി, അലക്സാന്ദ്രെ കോഫ്, ജീസസ് ജിമെനസ് ടീമിന്റെ വിദേശ കരുത്ത്.
നായകൻ ലൂണയെ കേന്ദ്രീകരിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ കളിക്കളത്തിലെ പ്രകടനം. കഴിഞ്ഞ സീസണിൽ ക്വാമി പെപ്രെ മുന്നേറ്റ നിരയിൽ തിളങ്ങിയെങ്കിലും പരിക്ക് വില്ലനായി കളിക്കളത്തിൽ നിന്ന് പുറത്തേക്ക്. പരിക്കിൽ നിന്ന് മുക്തനായി ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് പെപ്രെയുടെ ഐഎസ്എല്ലിലേക്കുള്ള മടങ്ങി വരവ്. വെെസ് ക്യാപ്റ്റനായ മിലോസിനെ കേന്ദ്രീകരിച്ചാകും ഡിഫൻസ്. ടീമിലെത്തിയ അലക്സാന്ദ്രെ കോഫിനൊപ്പം സെന്റർ ബാക്ക് സ്ഥാനത്താകും മിലോസ് കളിക്കുക. ഐഎസ്എല്ലിൽ പയറ്റി തെളിഞ്ഞ നോഹ സദൂയിയും പ്രതീക്ഷയാണ്. ടീമിനൊപ്പം അവസാന നിമിഷം ചേർന്ന സ്പാനിഷ് താരം ജീസസ് ജിമെനസിന്റെ വരവിനെ ആരാധകർ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെയെല്ലാവരെയും ക്ലബ്ബ് നിലനിർത്തിയിട്ടുണ്ട്. ഹോർമിപാം, ഇഷാൻ പണ്ഡിത, രാഹുൽ കെപി, ഡാനിഷ് ഫറൂഖ്, പ്രീതം കോട്ടാൽ , പ്രബീർ ദാസ്, മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ, സച്ചിൻ സുരേഷ്, വിബിൻ മോഹനനൻ തുടങ്ങി പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. റിസർവ്വ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശ്രീക്കുട്ടൻ എംഎസിനെ പോലുള്ളവരിലും പ്രതീക്ഷകളേറെയാണ്.