ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്
ISL Kerala Blasters Match Result : പോയിന്റ് പട്ടികയില്‍ എട്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 17 മത്സരങ്ങളില്‍ നിന്ന് ആറു ജയവും, മൂന്ന് സമനിലയും, എട്ട് തോല്‍വിയുമാണ് സമ്പാദ്യം. കൈവശമുള്ളത് 21 പോയിന്റ്. 17 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാമതാണ്. ഇതിന് മുമ്പ് ജൂണ്‍ അഞ്ചിന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെയും, 13ന് നടന്ന മത്സരത്തില്‍ ഒഡീഷയെയും തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങിയത്
കൊച്ചി: മത്സരത്തിനിറങ്ങിയത് തുടര്‍വിജയങ്ങള്‍ തേടിയാണെങ്കിലും നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത് വിജയത്തോളം പോന്ന സമനില. ആദ്യ പകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് കണ്ട് ഐബന്‍ഭ ദോഹ്ലിങ് പുറത്തായതോടെ, 10 പേരുമായി പൊരുതി കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഒരു താരത്തിന്റെ കുറവോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നതെന്ന സാഹചര്യം മുതലെടുത്ത് നിരവധി ആക്രമണങ്ങള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 19 ഷോട്ടുകളാണ് നോര്‍ത്ത് ഈസ്റ്റ് ഉതിര്‍ത്തത്. അതില്‍ നാലെണ്ണം ടാര്‍ജറ്റിലേക്കായിരുന്നു. എന്നാല്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രം. ബ്ലാസ്‌റ്റേഴ്‌സിനും ഗോളിനായി ചില അവസരങ്ങള്‍ വീണുകിട്ടിയെങ്കിലും അതും ഉപയോഗപ്പെടുത്താനായില്ല. ഇരുടീമുകളുടെയും പ്രതിരോധമാണ് ഇന്നത്തെ മത്സരത്തെ നയിച്ചതെന്ന് പറയാം.
ക്വാമി പെപ്ര, നോവ സദൂയി, കോറൂ സിങ്, അഡ്രിയാന്‍ ലൂണ എന്നിവരെയാണ് ആദ്യം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍ പരീക്ഷിച്ചത്. 84-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ പിന്‍വലിച്ച് പുതുതാരം ദൂഷന്‍ ലഗേറ്ററെ കളത്തിലിറക്കി. അവസാന നിമിഷം അക്രമണം കടുപ്പിക്കാന്‍ ഹെസൂസ് ജിമനസിനെയും ഇറക്കി പരീക്ഷിച്ചു. മറുവശത്ത് അലെയ്ദിന്‍ അജറായി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളിലൂടെ പോര്‍മുഖം കടുപ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റും ശ്രമിച്ചു. 30-ാം മിനിറ്റിലാണ് ദോഹ്ലിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. അനാവശ്യ ഫൗളാണ് താരത്തിന് വിനയായത്.
അജറായിയെ ഹെഡ് ബട്ട് ചെയ്തതോടെ മറ്റൊന്നും ചിന്തിക്കാതെ തന്നെ റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തു. 10 പേരായി ചുരുങ്ങിയതോടെ ഡിഫന്‍സീവ് സ്ട്രാറ്റജിയിലേക്ക് ബ്ലാസ്റ്റേഴ്‌സിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ സച്ചിന്‍ സുരേഷിന്റെ ഒരു മികച്ച സേവും കാണാനായി. ഡിഫന്‍സില്‍ ശ്രദ്ധിക്കുമ്പോഴും കൗണ്ടര്‍ അറ്റാക്കുകളിലൂടെ മത്സരം മുന്നോട്ടുകൊണ്ടുപോകാനും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടി അതെല്ലാം വിഫലമായി. തുടര്‍ന്ന് 10 പേരുമായിട്ടാണ് കളിച്ചതെങ്കിലും സമനില പിടിച്ചുവാങ്ങാനായതില്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാം.
Read Also : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 17 മത്സരങ്ങളില്‍ നിന്ന് ആറു ജയവും, മൂന്ന് സമനിലയും, എട്ട് തോല്‍വിയുമാണ് സമ്പാദ്യം. കൈവശമുള്ളത് 21 പോയിന്റ്. 17 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാമതാണ്. ഇതിന് മുമ്പ് ജൂണ്‍ അഞ്ചിന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെയും, 13ന് നടന്ന മത്സരത്തില്‍ ഒഡീഷയെയും തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങിയത്.
ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്കിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം നിര്‍ണായകമാണ്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം. തുടര്‍ന്ന് 30ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ഫെബ്രുവരി 15ന് മോഹന്‍ ബഗാനെയും, 22ന് ഗോവയെയും, മാര്‍ച്ച് ഒന്നിന് ജംഷെദ്പുരിനെയും, ഏഴിന് മുംബൈ സിറ്റിയെയും, 12ന് ഹൈദരാബാദിനെയും ബ്ലാസ്റ്റേഴ്‌സിന് നേരിടാനുണ്ട്.