Kerala Blasters: ആശ്വാസം, ഒടുവില്‍ വിജയവഴിയില്‍ ! ഇത് മതിയാകുമോ ? ‘അസ്ഥാനത്ത്’ വന്ന വിടവുകള്‍ എങ്ങനെ അടയ്ക്കും ?
ISL Kerala Blasters: മഴവെള്ളത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നതുപോലെയാണ് കിരീട നേട്ടത്തിനായുള്ള മഞ്ഞപ്പടയുടെയും കാത്തിരിപ്പ്. പക്ഷേ, വേഴാമ്പലിന് മഴവെള്ളം കൃത്യമായ ഇടവേളകളിലെങ്കിലും ലഭിക്കുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വര്‍ഷമായി
ആഹാ കിടിലന്‍ സൈനിങ്, ഇത്തവണ പൊളിക്കും, കപ്പ് നമ്മള്‍ തൂക്കും ! ഓരോ ഐഎസ്എല്‍ സീസണിലും താരങ്ങളുടെ സൈനിങ് നടക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്ന കമന്റുകള്‍ ഇപ്രകാരമാണ്. ഓരോ സീസണും മഞ്ഞപ്പടയ്ക്ക് പ്രതീക്ഷകളാണ്, കിരീടത്തിന് വേണ്ടിയുള്ള സ്വപ്‌നങ്ങളാണ്.
മഴവെള്ളത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നതുപോലെയാണ് കിരീട നേട്ടത്തിനായുള്ള മഞ്ഞപ്പടയുടെയും കാത്തിരിപ്പ്. പക്ഷേ, വേഴാമ്പലിന് മഴവെള്ളം കൃത്യമായ ഇടവേളകളിലെങ്കിലും ലഭിക്കുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വര്‍ഷമായി.
പാളിയ തുടക്കം
ഏറെ പ്രതീക്ഷകളോടെയാണ് നടപ്പ് സീസണും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വരവേറ്റത്. ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടത് വേദനയായെങ്കിലും, പുതിയ ആശാന്‍ മിക്കേല്‍ സ്റ്റാറെയില്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചു.
അഡ്രിയാന്‍ ലൂണ എന്ന വജ്രായുധത്തിലും, ഹെസൂസ് ജിമനസ്, നോവ സദൂയി, അലക്‌സാണ്ട്രെ കൊയിഫ് തുടങ്ങിയ പുതിയ വിദേശ താരങ്ങളുടെ വരവിലും ആരാധകര്‍ ആവേശഭരിതരായി. സ്റ്റാറെ സ്റ്റാറാകുമെന്ന് കരുതിയിടത്ത് ക്ലബിന്റെ കണക്കുകൂട്ടലുകളെല്ലാം ഏറെക്കുറെ പിഴച്ചുവെന്ന് പോയിന്റ് പട്ടിക വ്യക്തമാക്കുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പഞ്ചാബ് എഫ്‌സിയോട് 1-2ന് തോല്‍വി. പിന്നാലെ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പിച്ച് സീസണിലെ ആദ്യ ജയം. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിനോടും (1-1), ഒഡീഷയോടും (2-2) സമനില. ഒക്ടോബര്‍ 20ന് നടന്ന മത്സരത്തില്‍ മുഹമ്മദനെ 2-1ന് തകര്‍ത്ത് വീണ്ടും വിജയവഴിയിലേക്ക്.
അതുവരെ തരക്കേടില്ലാത്ത മുന്നേറിയ ക്ലബിന് എല്ലാം തകിടം മറിയുന്നത് തൊട്ടടുത്ത മത്സരം മുതലാണ്. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബെംഗളൂരുവിനോട് 3-1, മുംബൈയോട് 4-2, ഹൈദരാബാദിനോട് 2-1 എന്നിങ്ങനെയായിരുന്നു ആ തോല്‍വികള്‍. ഒടുവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് തുടര്‍ പരാജയങ്ങള്‍ സമ്മാനിച്ച വേദന ബ്ലാസ്റ്റേഴ്‌സ് മറന്നു. എങ്കിലും ഇത് മതിയാകുമോ ? തീര്‍ച്ചയായും ഇല്ല. ഇപ്പോഴും പോയിന്റ് പട്ടികയില്‍ എട്ടാമത് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ലീഗില്‍ മുന്നേറാന്‍ ഏറെ ദൂരം സഞ്ചരിക്കണം.
മോശം പ്രകടനമോ അതോ നിര്‍ഭാഗ്യമോ ?
തുടരെ തോല്‍വികള്‍ വഴങ്ങുമ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത് മോശം പ്രകടനമാണെന്ന് മത്സരം നേരില്‍ കണ്ടവര്‍ക്ക് ഒരിക്കലും പറയാനാകില്ല. തോറ്റ മത്സരങ്ങള്‍ തന്നെ നോക്കാം. ബോള്‍ പൊസഷന്‍, ഷോട്‌സ് തുടങ്ങിയ കാര്യങ്ങളിലെല്ലാം മിക്ക മത്സരങ്ങളിലും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.
ഫുട്‌ബോളില്‍ ബോള്‍ പൊസഷനില്‍ വല്യ കാര്യമൊന്നുമില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കണ്ട ആരും പറഞ്ഞുപോകും. അതെ, എത്ര അക്രമോത്സുകത പ്രകടനം പുറത്തെടുത്താലും ഗോളുകള്‍ കണ്ടെത്തുന്നതിലാണ് കാര്യം. പിഴവുകള്‍ വരുത്താത്തതാണ് പ്രധാനം. ബ്ലാസ്റ്റേഴ്‌സ് വലയില്‍ എതിരാളികള്‍ ഗോള്‍ നിറച്ചത് ചെറിയ പിഴവുകള്‍ മുതലെടുത്തായിരുന്നു. ഇത്തവണ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ക്ലബിന് ക്ലീന്‍ ഷിറ്റ് നേടാനായത്. ഇത് പ്രതിരോധത്തിലെയും, ഗോള്‍ കീപ്പിങിലെയും പോരായ്മ വ്യക്തമാക്കുന്നു.
ഈ സീസണും ഗുദാ ഹവ ?
ഈ സീസണിലും കിരീടസ്വപ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ച മട്ടിലാണ് ഇതുവരെയുള്ള കാര്യങ്ങളുടെ പോക്ക്. എങ്കിലും വിധിയെഴുത്തിനുള്ള സമയമായിട്ടില്ല. ഇനിയുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ ‘കൊമ്പന്‍മാര്‍ക്ക്’ മുന്നേറാം. എങ്കിലും മറ്റ് ടീമുകളുടെ ജയ-പരാജയങ്ങള്‍ കൂടി ആശ്രയിക്കേണ്ടി വരുമെന്ന് തീര്‍ച്ച. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും നാല് സമനിലയുമാണ് പ്രോഗസ് കാര്‍ഡിലുള്ളത്. സമ്പാദ്യം 11 പോയിന്റ്.
പാളുന്നത് എവിടെ ?
ഓരോ മത്സരപരാജയത്തിന് ശേഷവും മാനേജ്‌മെന്റിനെ പുറത്താക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ പതിവായി ഉന്നയിക്കാറുണ്ട്. എന്നാല്‍ പിഴവ് മാനേജ്‌മെന്റിന്റെ ഭാഗത്താണെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. ഐഎസ്എല്ലിലെ ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ കൂടുതലും ഏതെങ്കിലും സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നവരാണ്. ഇയാന്‍ ഹ്യൂം, ആരോണ്‍ ഹ്യൂഗ്‌സ്, ബര്‍ത്തൊലൊമിയൊ ഒഗ്ബച്ചെ, സി.കെ. വിനീത് തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍. ഇത്തവണയും മാനേജ്‌മെന്റ് ക്ലബിലെത്തിച്ചതും മികച്ച താരങ്ങളെ. മിക്ക വിദേശ താരങ്ങളും ഒന്നിനൊന്ന് മെച്ചം.
ആദ്യം പറഞ്ഞതുപോലെ നിര്‍ഭാഗ്യവും നേരിയ പിഴവുകളുമാണ് പല സീസണുകളിലും ബ്ലാസ്റ്റേഴ്‌സിന് വിലങ്ങുതടിയായത്. ചില മത്സരങ്ങളില്‍ റഫറിയിങിലെ പോരായ്മയും തിരിച്ചടിയായിട്ടുണ്ട്.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ടീമുകളില്‍ മുമ്പന്തിയിലുള്ളത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും, ഈസ്റ്റ് ബംഗാളുമാണ്. എന്നാല്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഡൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീട നേട്ടങ്ങള്‍ ഈസ്റ്റ് ബംഗാളിന് അവകാശപ്പെടാനുണ്ട്. കഴിഞ്ഞ തവണ ഡൂറന്റ് കപ്പ് നേടിയതില്‍ നോര്‍ത്ത് ഈസ്റ്റിനും അഭിമാനിക്കാം.
എന്നാല്‍ മൂന്ന് തവണ ഐഎസ്എല്ലില്‍ റണ്ണേഴ്‌സ് അപ്പായ, ഇത്രയധികം ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സിന് പറഞ്ഞ് അഭിമാനിക്കാന്‍ ഇത്തരം കഥകളില്ല. ഈ ദുര്‍ഗതി ഈ സീസണില്‍ അല്ലെങ്കില്‍ അടുത്ത സീസണിലെങ്കിലും അവസാനിക്കട്ടേയെന്ന് ആഗ്രഹിക്കാം. ചെന്നൈയിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്ത മാസ്മരിക പ്രകടനം ലീഗില്‍ അവശേഷിക്കുന്ന മത്സരങ്ങളിലും പുറത്തെടുക്കാനാകട്ടെ. ആഗ്രഹങ്ങള്‍ പൂവണിയട്ടെ !