BCCI: നൂറോ ആയിരമോ അല്ല, ഇരുപതിനായിരം കോടിയുടെ ബാങ്ക് ബാലൻസിൽ ബിസിസിഐ; വരുമാനത്തിലും വർദ്ധന, റിപ്പോർട്ട്
BCCI financial reserves in 2024: ബിസിസിഐക്ക് കീഴിലുള്ള 38 ക്രിക്കറ്റ് അസോസിയേഷനുകൾ ബോർഡിന്റെ ഗ്രാന്റിനെയാണ് ആശ്രയിക്കുന്നത്. കണക്കുകൾ പ്രകാരം 499 കോടി രൂപയാണ് ബിസിസിഐ അസോസിയേഷനുകൾക്കായി നീക്കിവച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽ ധനത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ പക്കലുള്ള പണത്തിലും ബാങ്ക് ബാലൻസിലുമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 സാമ്പത്തിക വർഷം ബിസിസിഐയുടെ പക്കലുള്ള കരുതൽ ധനം 16,493 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ ഇത് ഏകദേശം 20,686 കോടിയായി ഉയർന്നു. ഏകദേശം 4,200 കോടി രൂപയുടെ വളർച്ചയാണ് ബിസിസിഐയുടെ കരുതൽ ധനത്തിൽ രേഖപ്പെടുത്തിയതെന്ന് മുൻ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ബിസിസിഐയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ലഭിക്കുന്നത് ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളുടെ സംപ്രേക്ഷണാവകാശത്തിൽ നിന്നാണ്.
അടുത്തിടെ നടന്ന ബോർഡിന്റെ അപെക്‌സ് കൗൺസിൽ യോഗത്തിലാണ് ബിസിസിഐയുടെ സാമ്പത്തിക റിപ്പോർട്ടുകൾ ജയ് ഷാ വിശദമാക്കിയത്. 2023-24 സാമ്പത്തിക വർഷത്തേക്ക് ബോർഡ് കണക്കാക്കിയ ബജറ്റ് വരുമാനം 7,476 കോടി രൂപയായിരുന്നു. എന്നാൽ യഥാർത്ഥ വരുമാനം ബിസിസിഐ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറമാണ് ലഭിച്ചത്. 7,476 രൂപ പ്രതീക്ഷിച്ചിടത്ത് നിന്ന് 8,995 കോടി രൂപയിലെത്തിയത് അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പൊതു ഫണ്ട് 6,365 കോടി രൂപയിൽ നിന്ന് 7,988 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 1,623 കോടി രൂപയുടെ പൊതുഫണ്ടിൽ ഉണ്ടായിരിക്കുന്നത്.
ബിസിസിഐയുടെ 2023-2024 വർഷത്തെ പ്രകടനത്തിൽ അംഗങ്ങളെ ട്രഷറർ ആശിഷ് ഷെലാർ അഭിനന്ദിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വരുമാനം 10,054 കോടി രൂപയാണ് ബോർഡ് പ്രതീക്ഷിച്ചുന്നത്. ചെലവ് ഇനത്തിൽ പ്രതീക്ഷിക്കുന്നത് 2,348 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഏകദേശം 7,705 കോടി രൂപയുടെ ബജറ്റ് മിച്ചം അവശേഷിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ നിന്നും നിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നുമുള്ള വർദ്ധിച്ച വരുമാന വിഹിതം 3,041 കോടി രൂപയായി കണക്കാക്കുമെന്നും ബിസിസിഐ ട്രഷറർ പറഞ്ഞു.
ബിസിസിഐക്ക് കീഴിലുള്ള 38 ക്രിക്കറ്റ് അസോസിയേഷനുകൾ ബോർഡിന്റെ ഗ്രാന്റിനെയാണ് ആശ്രയിക്കുന്നത്. കണക്കുകൾ പ്രകാരം 499 കോടി രൂപയാണ് ബിസിസിഐ അസോസിയേഷനുകൾക്കായി നീക്കിവച്ചിരിക്കുന്നത്. ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ സബ്‌സിഡികൾക്കായി 500 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷായെ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും മറ്റ് ഭാരവാഹികളും അഭിനന്ദിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് ബിസിസിഐക്ക് കൂടുതൽ വരുമാന വിഹിതം ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും അംഗങ്ങൾ അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വിപണിയായതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വരുമാനത്തിന്റെ ഒരു വിഹിതവും ബിസിസിഐക്കാണ് ലഭിച്ചത്. 2022 ജൂണിൽ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം അഞ്ച് വർഷത്തേക്ക് 48,390 കോടി രൂപയ്ക്കാണ് ബിസിസിഐ സ്റ്റാർ സ്പോർട്സിന് വിറ്റത്.
ഐസിസി ചെയർമാനായി ജയ് ഷാ നിയമിതനായതിനാൽ ദേവജിത് സൈക്കിയാണ് ബിസിസിഐയുടെ താത്കാലിക സെക്രട്ടറി. ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയാണ് ദേവജിതിനെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്. നിലവിൽ ഐസിസിയിലെ ബിസിസിഐ പ്രതിനിധിയും ദേവജിത് സൈക്കിയാണ്.