5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ

How IPL And Teams Gets Revenue : 2023 ഐപിഎൽ സീസൺ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപിയിലേക്ക് 11.2 ബില്യൺ ഡോളർ സംഭാവന ചെയ്തുവെന്നാണ് ബിസിസിഐയുടെ കണക്ക്. സമ്പദ്‌വ്യവസ്ഥയിലും ഐപിഎല്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലടക്കം ഈ സ്വാധീനം പ്രകടമാണ്.

IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
പ്രതീകാത്മക ചിത്രം (Image Courtesy : IPL X)
jayadevan-am
Jayadevan AM | Updated On: 23 Nov 2024 16:23 PM

പ്രതീക്ഷിക്കുന്നതിലും അപ്പുറം വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒരു ലീഗ് കൂടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. 2008ല്‍ ആരംഭിച്ചത് മുതല്‍ ഓരോ വര്‍ഷവും ഐപിഎല്ലിന്റെ വാണിജ്യ മൂല്യത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. സംപ്രേക്ഷണാവകാശം, സ്പോൺസർഷിപ്പുകൾ, ടിക്കറ്റ് വില്‍പന തുടങ്ങിയവയാണ് വന്‍ സാമ്പത്തിക നേട്ടത്തിന് പിന്നില്‍. 2008ലെ ആദ്യ സീസണിനെ അപേക്ഷിച്ച് 6.5 മടങ്ങ് വ്യാവസായി കുതിച്ചുച്ചാട്ടം ഉണ്ടായെന്നാണ് ഗ്രൂപ്പ്എം ഇഎസ്‌പി പ്രസിദ്ധീകരിച്ച ‘ഇന്ത്യ സ്‌പോർട്‌സ് സ്‌പോൺസർഷിപ്പ് റിപ്പോർട്ട്’ വ്യക്തമാക്കുന്നത്. സ്പോൺസർഷിപ്പ്, എൻഡോഴ്‌സ്‌മെൻ്റ്, പരസ്യ ചെലവുകൾ എന്നിവയിൽ നിന്നുള്ള വരുമാനം 2008ലെ 2,423 കോടി രൂപയില്‍ നിന്ന് 2023ല്‍ 15,766 കോടി രൂപയായാണ് വര്‍ധിച്ചത്.

മൂല്യനിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ, ഐപിഎൽ ബിസിനസ്സ് മൂല്യം 2024 ലെ കണക്കനുസരിച്ച് 16.4 ബില്യൺ ഡോളറായും സ്റ്റാൻഡ്-എലോൺ ഐപിഎൽ ബ്രാൻഡ് മൂല്യം 2024 ലെ കണക്കനുസരിച്ച് 3.4 ബില്യൺ ഡോളറായും കണക്കാക്കപ്പെടുന്നു.

‘മീഡിയ റൈറ്റ്‌സ്’ ഐപിഎല്ലില്‍ പണം സമ്പാദനത്തിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. 2023 സീസണിൽ, ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾക്ക് മാത്രം 2.55 ബില്യൺ ഡോളർ ലഭിച്ചിരുന്നു. 2023 മുതല്‍ 2027 വരെയുള്ള ലീഗിലെ മീഡിയ റൈറ്റ്‌സ് 48,390 കോടി രൂപയ്ക്കാണ് വിറ്റത്. 23,575 കോടി രൂപയ്ക്ക് ഡിസ്‌നി സ്റ്റാര്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡ മേഖലയിലെ ടിവി റൈറ്റ്‌സ് നേടി. 23,578 കോടി രൂപയ്ക്ക് വയാകോം 18 ഡിജിറ്റല്‍ റൈറ്റ്‌സും നേരത്തെ നേടിയിരുന്നു.

ALSO READ : ​Gautam Gambhir: ഗംഭീറിനോളം ​ഗംഭീരമല്ലാത്ത കോച്ചിം​ഗ് പരിശീലനം! ഭാവി തീരുമാനിക്കുക ഓസ്ട്രേലിയൻ ടെസ്റ്റ്

സ്‌പോണ്‍സര്‍ഷിപ്പാണ് മറ്റൊരു വരുമാന മാര്‍ഗം. ഓരോ ഫ്രാഞ്ചെസിക്കും എല്ലാ തലങ്ങളിലും സ്‌പോണ്‍സര്‍മാരുണ്ട്. ബ്രാന്‍ഡുകളുടെ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഭീമമായ തുകയക്കാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടുന്നത്.

ഓരോ ഫ്രാഞ്ചെസികളുടെയും ജഴ്‌സിയില്‍ പലപ്പോഴും പത്തോളം ബ്രാന്‍ഡ് ലോഗോകള്‍ ഉള്‍പ്പെടാറുണ്ട്. കൂടാതെ ബ്രാന്‍ഡുകള്‍ക്കായി ഫ്രാഞ്ചെസി താരങ്ങളെ ഉപയോഗിച്ച് പരസ്യ ഉള്ളടക്കങ്ങളും നിര്‍മ്മിക്കാറുണ്ട്. ഓരോ ഫ്രാഞ്ചെസിയും അവരുടെ സ്വന്തം ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വില്‍ക്കാറുണ്ട്. ടി ഷര്‍ട്ടുകള്‍, വാച്ചുകള്‍, തൊപ്പികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഗെയിമിംഗ് ആക്‌സസറികൾക്കായുള്ള ഇന്ത്യയുടെ വിപണി 100 ശതമാനം വാർഷിക നിരക്കിൽ വികസിക്കുകയാണ്. ഈ വിപണിയുടെ മൂല്യം ഏകദേശം 30 മില്യൺ ഡോളറാണ്. മത്സര ടിക്കറ്റുകൾ വിറ്റ് ലഭിക്കുന്ന പണമാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ്.

ഓരോ ഫ്രാഞ്ചെസിക്കും കുറഞ്ഞത് ഏഴ് ഹോം മത്സരങ്ങളെങ്കിലും ലഭിക്കാറുണ്ട്. ഹോം ടീമിന് മൊത്തം വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ലഭിക്കാറുണ്ട്. ഐപിഎൽ ടീമിൻ്റെ വരുമാനത്തിലെ ടിക്കറ്റ് വരുമാന വിഹിതം ഏകദേശം 10% ആണ്. ഗേറ്റ് ടിക്കറ്റുകളിൽ നിന്നും പാസുകളിൽ നിന്നുമുള്ള വരുമാനം പൂർണമായും ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലാണ്.

ബ്രാന്‍ഡ് മൂല്യമാണ് മറ്റൊരു വരുമാന മാര്‍ഗം. പ്രമുഖ താരങ്ങള്‍ ഫ്രാഞ്ചെസികളുടെ ഭാഗമാണെന്നതിനാല്‍ സ്‌പോണ്‍സര്‍മാരെയും നിക്ഷേപകരെയും വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാകും. മികച്ച പ്രകടനമാണ് ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു ഘടകം. കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമുകളുടെ ബ്രാന്‍ഡ് മൂല്യവും ഉയര്‍ന്നതായിരിക്കും. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചെസികള്‍ ഉദാഹരണം.

മുംബൈ ഇന്ത്യൻസിൻ്റെ വരുമാനം 24 സാമ്പത്തിക വർഷത്തിൽ 737 കോടി രൂപയായാണ് ഉയര്‍ന്നത്. ഐപിഎല്ലിലെ ഏറ്റവും വരുമാനമുള്ള ഫ്രാഞ്ചെസിയും മുംബൈയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ വരുമാനം കഴിഞ്ഞ വർഷം 676 കോടിയായി വർധിച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‌, 2024 സാമ്പത്തിക വർഷത്തിൽ 222 കോടി രൂപ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടീമിൻ്റെ വരുമാനവും 247 കോടിയിൽ നിന്ന് 650 കോടിയായി ഉയർന്നു.

പ്രൈസ് മണിയിലൂടെ ഫ്രാഞ്ചെസികള്‍ക്ക് പണം സമ്പാദിക്കാം. കിരീടം നേടുന്നവര്‍ക്ക് 20 കോടി രൂപയും, റണ്ണേഴ്‌സ് അപ്പിന് 13 കോടിയുമാണ് ലഭിക്കുന്നത്. ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ്‌, എമർജിംഗ് പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ, പവർ പ്ലെയർ ഓഫ് ദി സീസൺ, ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ എന്നീ വിഭാഗങ്ങളില്‍ താരങ്ങള്‍ക്കും പ്രൈസ് മണി ലഭിക്കും.

2023 ഐപിഎൽ സീസൺ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപിയിലേക്ക് 11.2 ബില്യൺ ഡോളർ സംഭാവന ചെയ്തുവെന്നാണ് ബിസിസിഐയുടെ കണക്ക്. സമ്പദ്‌വ്യവസ്ഥയിലും ഐപിഎല്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലടക്കം ഈ സ്വാധീനം പ്രകടമാണ്. ഐപിഎല്‍ നടക്കുന്ന നഗരങ്ങളിലെ ഹോട്ടല്‍, റെസ്‌റ്റോറന്റ് വ്യവസായങ്ങളും, പ്രാദേശിക ബിസിനസുകളുമടക്കം ഇതിന്റെ പ്രയോജകരാണ്.

2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്രാഞ്ചെസികളുടെ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎൽ 2023-ൽ ലീഗിൻ്റെ കേന്ദ്ര റവന്യൂ പൂളിൻ്റെ വലിയൊരു ഭാഗം ലഭിച്ചതായിരുന്നു പ്രധാന കാരണം. ഐപിഎല്‍ 2023ല്‍ ബിസിസിഐയില്‍ നിന്ന് ഐപിഎല്‍ ടീമുകള്‍ 4,670 കോടി രൂപ നേടിയതായി ബിസിസിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലെ ഓരോ മത്സരവും ബിസിസിഐയെ 60.18 കോടി രൂപ സമ്പാദിക്കാൻ സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വനിതാ പ്രീമിയര്‍ ലീഗും ബിസിസിഐക്ക് മികച്ച സാമ്പത്തിക നേട്ടമാണ് സമ്മാനിച്ചത്.