5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Retentions 2025 : കാശ് കളഞ്ഞ് രാജസ്ഥാൻ; ബുദ്ധിപൂർവം ഹൈദരാബാദ്: ഐപിഎൽ റിട്ടൻഷനുകൾ വിശദമായി

A Comprehensive Analysis Of The IPL Retention : ഐപിഎൽ റിട്ടൻഷൻ അവസാനിച്ചപ്പോൾ പല ടീമുകളും പലതരത്തിലാണ് കാര്യങ്ങളെ സമീപിച്ചത്. ഓരോ ഐപിഎൽ ടീമുകളുടെയും റിട്ടൻഷൻ പട്ടികകൾ വിശദമായി പരിശോധിക്കുകയാണ് ഇവിടെ.

IPL Retentions 2025 : കാശ് കളഞ്ഞ് രാജസ്ഥാൻ; ബുദ്ധിപൂർവം ഹൈദരാബാദ്: ഐപിഎൽ റിട്ടൻഷനുകൾ വിശദമായി
ഐപിഎൽ റിട്ടൻഷൻ വിശകലനം
abdul-basith
Abdul Basith | Published: 01 Nov 2024 20:03 PM

അങ്ങനെ ഐപിഎൽ റിട്ടൻഷൻ അവസാനിച്ചു. പല ക്യാപ്റ്റന്മാരും തെറിച്ചപ്പോൾ തീരെ പ്രതീക്ഷിക്കാത്ത ചിലരെ ഫ്രാഞ്ചൈസികൾ നിലനിർത്തി. ആഴ്ചകൾ നീണ്ട ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഫ്രാഞ്ചൈസികൾ ഈ തീരുമാനങ്ങളൊക്കെ എടുത്തത്. ചില ഫ്രാഞ്ചൈസികൾ വളരെ ബുദ്ധിപൂർവം കളിച്ചപ്പോൾ മറ്റ് ചില ഫ്രാഞ്ചൈസികൾ വൈകാരികമായാണ് പ്രതികരിച്ചത്. അത് റിട്ടൻഷനുകളിൽ പ്രതിഫലിക്കുകയും ചെയ്തു. ഐപിഎൽ റിട്ടൻഷനുകൾ വിശദമായി പരിശോധിക്കാം.

സൺറൈസേഴ്സ് ഹൈദരാബാദ്
ഏറ്റവും സമർത്ഥമായി റിട്ടൻഷനെ സമീപിച്ച ഫ്രാഞ്ചൈസികളിൽ ഒന്നാണ് സൺറൈസേഴ്സ് ഹൈദരാബാദ്. തങ്ങൾക്ക് വേണ്ട താരങ്ങൾ ആരാണെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഒന്നാം റിട്ടൻഷനായി ഹെയ്ൻറിച് ക്ലാസനെ നിലനിർത്താൻ അവർക്ക് സാധിച്ചത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കുറഞ്ഞ വിലയ്ക്ക് തുടരാമെന്ന് സമ്മതിച്ചതിനാലാണ്. ക്ലാസന് 23 കോടി രൂപ നൽകിയത് ഒട്ടും കുറവല്ലെന്ന് കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ മനസിലാക്കാൻ കഴിയുന്നതുമാണ്. ക്ലാസനൊപ്പം, ക്യാപ്റ്റൻസിയിൽ ഏറെ മികച്ചുനിന്ന പാറ്റ് കമ്മിൻസിനെ നിലനിർത്തിയതിലൂടെ വരുന്ന സീസണിലേക്കുള്ള അടിത്തറയൊരുക്കാനും ഹൈദരാബാദിന് സാധിച്ചു. പോയ സീസണിൽ ഹൈദരാബാദിൻ്റെ പ്രകടനങ്ങളിൽ ഏറ്റവും ബ്രഹത്തായ സംഭാവനകൾ നൽകിയ രണ്ട് താരങ്ങളായിരുന്നു ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും. ഇവരെ രണ്ട് പേരെയും നിലനിർത്തിയ ഹൈദരാബാദ് മറ്റൊന്ന് കൂടി ചെയ്തു. ഓസീസ് ടീമിലെ സീനിയർ താരം ഹെഡിനും ഇന്ത്യൻ യുവതാരം അഭിഷേകിനും നൽകിയത് 14 കോടി രൂപ വീതമാണ്. അതായത്, സീനിയോരിറ്റിയോ വലിയ പേരോ അല്ല, പ്രകടനങ്ങൾക്കാണ് ഹൈദരാബാദ് വിലയിട്ടത്. അത് ക്ലാസൻ്റെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. വരുന്ന ഏതാനും വർഷങ്ങളിൽ ഹാർദിക് പാണ്ഡ്യയുടെ പ്രൊഫൈലിലേക്ക് കൃത്യമായി സെറ്റാവുന്ന പ്ലയറായ നിതീഷ് കുമാർ റെഡ്ഡിയെ 6 കോടി രൂപ മുടക്കി ഹൈദരാബാദ് ടീമിൽ നിലനിർത്തി. ഭാവിയിലേക്കുള്ള നിക്ഷേപം കൃത്യം. ടി20യിൽ ഇതിനകം എക്സ്പ്ലോസീവ് താരമായി രജിസ്റ്റർ ചെയ്തുകഴിഞ്ഞ നിതീഷ് ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ടെസ്റ്റ് ടീമിലും ഇടം പിടിച്ചു. ഇത്രയൊക്കെ പറയുമ്പോൾ, കഴിഞ്ഞ സീസണുകളിലെല്ലാം മികച്ചുനിന്ന ടി നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരെ നിലനിർത്താൻ അവർക്ക് സാധിച്ചില്ല എന്നതും കാണണം. എന്നാൽ, ഒരു ആർടിഎം ബാക്കിവച്ചതിലൂടെ ഇവരിൽ ആരെങ്കിലും ഒരാളെ ഹൈദരാബാദ് ടീമിൽ തിരികെയെത്തിക്കും. അതായത് കോർ ടീം അങ്ങനെ തന്നെ ബാക്കിയുണ്ടാവുമെന്നർത്ഥം.

Also Read : IPL Retention 2025 : ‘ടീമിന് വേണ്ടി കളിക്കുന്നവരെ മതി, സ്വന്തം നേട്ടം നോക്കുന്നവരെ വേണ്ട’; കെഎൽ രാഹുലിനെ കുത്തി ലക്നൗ ഫ്രാഞ്ചൈസി ഉടമ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
റിട്ടൻഷനെ സമർത്ഥമായി സമീപിച്ച മറ്റൊരു ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. കൂടുതൽ പ്രതിഫലം ചോദിച്ചതിനാൽ ക്യാപ്റ്റൻ ശ്രേയാസ് അയ്യരെ നിലനിർത്താൻ സാധിച്ചില്ലെങ്കിലും ആവശ്യമായ താരങ്ങളെ ടീമിൽ നിർത്താൻ മാനേജ്മെൻ്റിന് സാധിച്ചു. ഇതിൽ തന്നെ റിങ്കു സിംഗ് ആണ് കൊൽക്കത്തയുടെ ആദ്യ റിട്ടൻഷൻ. അതിന് കൊൽക്കത്തയ്ക്ക് ഒരു മാർക്ക് കൂടുതൽ നൽകണം. രാജ്യാന്തര തലത്തിൽ താരതമ്യേന പുതുമുഖമായ റിങ്കുവിന് 13 കോടി രൂപ നൽകിയപ്പോൾ ആന്ദ്രേ റസൽ, സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നീ മാച്ച് വിന്നർമാർക്ക് 12 കോടി രൂപ വീതം നൽകി. റിങ്കുവിന് 13 കോടിയും വരുണിന് 12 കോടിയും കൊടുക്കാൻ നരേനും റസലും സമ്മതിച്ചത് കെകെആർ ടീമിൻ്റെ സംസ്കാരം കാണിക്കുന്നു. റിങ്കുവിൻ്റെയോ വരുണിൻ്റെയോ പ്രൊഫൈൽ അല്ല നരേൻ്റെയും റസലിൻ്റെയും. ടി20 ക്രിക്കറ്റിലെ അതികായരാണ് ഇരുവരും. മുംബൈ ഇന്ത്യൻസ് മനസിലാക്കാതിരുന്ന രമൺദീപ് സിംഗിന് 4 കോടി രൂപ നൽകിയെന്നതും കൊൽക്കത്ത മാനേജ്മെൻ്റിൻ്റെ വിലയിരുത്തലുകൾ കൃത്യമാണെന്ന് കാണിക്കുന്നു. ഒപ്പം, ഹർഷിത് റാണയുടെ ക്വാളിറ്റിയും അവർ മനസിലാക്കാതിരുന്നില്ല. എന്നാൽ, വെങ്കിടേഷ് അയ്യർ, റഹ്മാനുള്ള ഗുർബാസ്, ഫിൽ സാൾട്ട് എന്നീ രണ്ട് മികച്ച താരങ്ങളെ വിട്ടുകളയേണ്ടിവന്നു. ഇവർക്കായും കെകെആർ ശ്രമിക്കുമെന്നുറപ്പാണ്.

മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസിൻ്റെ റിട്ടൻഷനുകളും ഭേദപ്പെട്ടതാണ്. മഹേല ജയവർധനെ പരിശീലകനായി എത്തിയതിൻ്റെ മാറ്റങ്ങൾ കാണുന്നുണ്ട്. 18 കോടി രൂപയ്ക്ക് ജസ്പ്രീത് ബുംറയെ ഒന്നാം റിട്ടൻഷനാക്കിയത് വളരെ മികച്ച തീരുമാനമായി. രോഹിത് ശർമയെയും ഹാർദിക് പാണ്ഡ്യയെയും ടീമിൽ നിലനിർത്താൻ കഴിഞ്ഞത് മാനേജ്മെൻ്റിൻ്റെ വിജയമാണ്. സൂര്യകുമാർ യാദവും ടീമിൽ തുടരും. മൂന്ന് പേരിൽ വച്ച് രോഹിത് ശർമ്മയ്ക്കാണ് ഏറ്റവും കുറവ് പണം ലഭിച്ചത്. അതിൽ രോഹിതിനെയും അഭിനന്ദിക്കണം. തിലക് വർമയെ 8 കോടി രൂപ മുടക്കി ടീമിൽ നിലനിർത്തിയതിലൂടെ അടുത്ത തലമുറയിലേക്കുള്ള കോർ അംഗം, ക്യാപ്റ്റൻ എന്നിവയും മുംബൈ സുരക്ഷിതമാക്കി. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളിലായി സ്കൗട്ടിംഗിലൂടെ മുംബൈ കണ്ടെത്തിയ പല താരങ്ങളും ടീം വിട്ടു. നമൻ ധിർ, നേഹൽ വധേര, ആകാശ് മധ്‌വാൾ എന്നീ യുവ ഇന്ത്യൻ താരങ്ങളും കഴിഞ്ഞ മെഗാ ലേലത്തിൽ മുംബൈ പഴ്സ് തകർത്ത ഇഷാൻ കിഷനും ടീമിൽ നിന്ന് പുറത്തായി. ഇവരിൽ പലരെയും മറ്റ് ടീമുകൾ റാഞ്ചുമെന്നുറപ്പ്.

ഡൽഹി ക്യാപിറ്റൽസ്
ഋഷഭ് പന്തിനെ റിലീസ് ചെയ്ത് പുതിയ വഴി സ്വീകരിച്ച ഡൽഹി അക്സർ പട്ടേലിനെ ആദ്യ റിട്ടൻഷനാക്കിയത് നല്ല തീരുമാനമായി. 16 കോടി രൂപയാണ് അക്സറിന് നൽകുന്നത്. 13.25 കോടി നൽകി കുൽദീപ് യാദവിനെ രണ്ടാം റിട്ടൻഷനാക്കിയതും മികച്ച തീരുമാനമാണ്. ട്രിസ്റ്റബ് സ്റ്റബ്സ് 10 കോടി രൂപയ്ക്ക് ടീമിൽ തുടരും. ജേക്ക് ഫ്രേസർ മക്കർക്കിന് പകരം സ്റ്റബ്സിനെ നിലനിർത്തിയത് മാസ്റ്റർ സ്ട്രോക്ക് ആയി. 10 കോടി രൂപയാണ് സ്റ്റബ്സിന് നൽകിയത്. ലേലത്തിൽ സ്റ്റബ്സിൻ്റെ വില കുതിച്ചുയർന്നേനെ. അഭിഷേക് പോറൽ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. മക്കർക്കിനെ ആർടിഎം വഴി ഡൽഹി തിരികെയെത്തിച്ചേക്കും. മക്കർക്കിനെ കൂടി ലഭിച്ചാൽ ഡൽഹിയുടെ കോർ പൂർണമാകും.

ഗുജറാത്ത് ടൈറ്റൻസ്
ഗുജറാത്ത് ടൈറ്റൻസിൻ്റെ റിട്ടൻഷൻ പട്ടികയും നല്ലതാണ്. റാഷിദ് ഖാനെ ഏറ്റവും മൂല്യമുള്ള (18 കോടി) റിട്ടൻഷനാക്കി ഏറ്റവും നല്ല തീരുമാനമെടുത്ത ഗുജറാത്ത് ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവരെയും നിലനിർത്തി. ഇതൊക്കെ നല്ല റിട്ടൻഷനുകളാണ്. അൺകാപ്പ്ഡ് താരങ്ങളിൽ ഷാരൂഖ് ഖാനെയും രാഹുൽ തെവാട്ടിയയും പരിഗണിച്ചതും മാസ്റ്റർ സ്ട്രോക്കാണ്. രണ്ട് പേർക്കും ലേലത്തിൽ ഉയർന്ന വില ലഭിച്ചേനെ. എന്നാൽ സായ് കിഷോർ, നൂർ അഹ്മദ്, ഡേവിഡ് മില്ലർ എന്നിവരിൽ ഒരാളെ ആർടിഎമിൽ ടീമിലെത്തിച്ചേക്കും. ഇതിൽ ഉയർന്ന വില ലഭിക്കാൻ സാധ്യതയുള്ളത് മില്ലർക്ക് മാത്രമാണ്.

ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ റിട്ടൻഷനുകൾ തരക്കേടില്ലെന്ന ഗണത്തിൽ പെടുത്താം. ഋതുരാജ് ഗെയ്ക്‌വാദ്, മതീഷ പതിരന, ശിവം ദുബെ, എംഎസ് ധോണി എന്നിവരുടെ റിട്ടൻഷൻ മികച്ചതായപ്പോൾ കരിയറിൻ്റെ അവസാനത്തിൽ നിൽക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് 18 കോടി രൂപ നൽകിയത് മോശം തീരുമാനമായി. ഋതുരാജിനും ലഭിച്ചത് 18 കോടി രൂപയാണ്. ദുബെയ്ക്ക് 12 കോടി കുറവല്ലെങ്കിലും ലേലത്തിൽ നിന്ന് ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിച്ചേനെ. ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, മഹീഷ് തീക്ഷണ എന്നിവരിൽ ആരെയെങ്കിലും ജഡേജയ്ക്ക് പകരം നിലനിർത്താമായിരുന്നു. ആർടിഎമ്മിൽ ഇവരിലാരെങ്കിലും എത്തുമെന്നുറപ്പാണ്. മിച്ചൽ സാൻ്റ്നറും ആർടിഎം പരിഗണനയിലുണ്ടാവും. സാൻ്റ്നർ ഒഴികെ ബാക്കിയെല്ലാവർക്കും ലേലത്തിൽ ആവശ്യക്കാർ ഏറെയുണ്ടാവും.

ലക്നൗ സൂപ്പർ ജയൻ്റ്സ്
ലക്നൗവിൻ്റെ റിട്ടൻഷനുകളും തരക്കേടില്ല ഗണത്തിലാണ്. കെഎൽ രാഹുലിനെ അപമാനിച്ച് ഇറക്കിവിട്ട മാനേജ്മെൻ്റിൻ്റെ രീതി ശരിയായില്ല എന്ന് ആദ്യമേ പറയണം. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരാനെ നിലനിർത്തിയത് ഏറ്റവും നല്ല തീരുമാനമായി. രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവർക്ക് 11 കോടി രൂപ വീതം നൽകിയത് നല്ല തീരുമാനമാണോ എന്ന് സംശയമുണ്ട്. രണ്ടും മികച്ച റിട്ടൻഷനാണെങ്കിലും തുകയാണ് സംശയം. ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെ റിട്ടെയ്ൻ ചെയ്തതും നന്നായി. ക്വിൻ്റൺ ഡികോക്ക്, മാർക്കസ് സ്റ്റോയിനിസ് എന്നിവരിൽ ആരെയെങ്കിലും ഒരാളെ ആർടിഎമിൽ തിരികെ എത്തിക്കാനാവും മാനേജ്മെൻ്റിൻ്റെ ശ്രമം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കരിയറിൻ്റെ അവസാനത്തിലുള്ള വിരാട് കോലിയ്ക്ക് 21 കോടി രൂപ നൽകിയത് ബ്രാൻഡ് വാല്യു പരിഗണിച്ച് തന്നെയാണെന്ന് വ്യക്തം. രജത് പാടിദാറിനെ 11 കോടി രൂപയ്ക്ക് നിലനിർത്തിയത് ഏറ്റവും മികച്ച തീരുമാനമായി. യഷ് ദയാലിന് അഞ്ച് കോടി രൂപ മുടക്കി റിട്ടെയ്ൻ ചെയ്തതും നല്ല തീരുമാനമായി. പരിക്കായിരുന്നില്ലെങ്കിൽ കാമറൂൺ ഗ്രീനെക്കൂടി നിലനിർത്താൻ ആർസിബി തയ്യാറായേനെ. ഗ്ലെൻ മാക്സ്‌വൽ, വിജയകുമാർ വൈശാഖ്, ആകാശ് ദീപ് എന്നിവരിൽ ചിലരെ ആർടിഎം വഴി ടീമിൽ പരിഗണിച്ചേക്കും. ഇതിൽ മാക്സ്‌വെലിന് ലേലത്തിൽ ഉയർന്ന വില ലഭിക്കാനിടയുണ്ട്.

Also Read : IPL Retentions 2025 : രോഹിത് മുംബൈയിൽ തുടരും, ഋഷഭ് പന്തും ശ്രേയാസ് അയ്യരും കെഎൽ രാഹുലും പുറത്ത്

പഞ്ചാബ് കിംഗ്സ്
നിലനിർത്തിയ രണ്ട് താരങ്ങളും – ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രൻ സിംഗ് (4 കോടി) – നല്ല റിട്ടൻഷനുകളാണ്. എങ്കിലും പതിവുപോലെ ആകെ മൊത്തത്തിൽ പാനിക്കായി എടുത്ത തീരുമാനമാണിത് എന്ന് വ്യക്തം. അർഷ്ദീപ് സിംഗ്. കഗീസോ റബാഡ എന്നീ ബൗളർമാരെപ്പോലും നിലനിർത്താൻ പഞ്ചാബ് തയ്യാറായില്ല. പഞ്ചാബിനായി മികച്ച പ്രകടനങ്ങൾ തുടരെ നടത്തുന്ന താരങ്ങളാണ് ഇവർ. ഇവർക്കൊപ്പം ജോണി ബെയർസ്റ്റോ, നതാൻ എല്ലിസ് എന്നിവരും നല്ല താരങ്ങളായിരുന്നു.

രാജസ്ഥാൻ റോയൽസ്
ഏറ്റവും മോശം റിട്ടൻഷൻ നടത്തിയ ടീം. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്ക് 18 കോടി രൂപ വീതം നൽകിയത് നല്ല തീരുമാനമായിരുന്നു. എന്നാൽ, റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം നൽകിയത് വളരെ മോശം തീരുമാനമായി. ഇവർ രണ്ട് പേരും നല്ല താരങ്ങളാണ്. എന്നാൽ, വിലയാണ് പ്രശ്നം. ലേലത്തിൽ വിട്ടിരുന്നെങ്കിൽ രണ്ട് പേരെയും 15 കോടി രൂപയ്ക്ക് ടീമിലെത്തിക്കാമായിരുന്നു. ഇവിടെ വെറുതെ കളഞ്ഞത് 13 കോടി രൂപയാണ്. ഹെട്മെയറിന് 11 കോടി രൂപ നൽകിയത് കൃത്യമാണ്. അവിടെയും പരാഗ്, ജുറേൽ എന്നിവർക്ക് നൽകിയ തുക അധികമാണ്. ജോസ് ബട്ട്ലർ, ട്രെൻ്റ് ബോൾട്ട് എന്നിവരിൽ ഒരാളെയെങ്കിലും റിട്ടൻഷന് പരിഗണിക്കേണ്ടിയിരുന്നു. ഈ രണ്ട് പേരും കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു താരങ്ങളാണ്. ആറ് താരങ്ങളെ നിലനിർത്തിയതിനാൽ ആർടിഎം ഇല്ല. അതുകൊണ്ട് തന്നെ ഇവരൊക്കെ ഏറെക്കുറെ മറ്റ് ടീമുകളിൽ എത്തിയേക്കും. ആറ് താരങ്ങൾക്ക് ഉയർന്ന വിലനൽകിയതിനാൽ പഴ്സിൽ ഒരുപാട് പണം ബാക്കിയുമില്ല. അതുകൊണ്ട് തന്നെ ലേലത്തിൽ രാജസ്ഥാൻ വിയർക്കും.