IPL Retention 2025 : ‘ടീമിന് വേണ്ടി കളിക്കുന്നവരെ മതി, സ്വന്തം നേട്ടം നോക്കുന്നവരെ വേണ്ട’; കെഎൽ രാഹുലിനെ കുത്തി ലക്നൗ ഫ്രാഞ്ചൈസി ഉടമ
IPL Retention 2025 Lucknow Super Giants : കെഎൽ രാഹുലിനെ പരോക്ഷമായി വിമർശിച്ച് എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്ക. റിട്ടൻഷൻസ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുന്നതിനിടെയാണ് സഞ്ജീവ് ഗോയങ്കയുടെ പരാമർശം.
ഐപിഎൽ റിട്ടൻഷന് പിന്നാലെ മുൻ ക്യാപ്റ്റൻ കെഎൽ രാഹുലിനെ പരോക്ഷമായി വിമർശിച്ച് ലക്നൗ സൂപ്പർ ജയൻ്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. തങ്ങൾക്ക് ടീമിന് വേണ്ടി കളിക്കുന്നവരെ മതിയെന്നും സ്വന്തം നേട്ടം നോക്കുന്നവരെ വേണ്ടെന്നും ഗോയങ്ക പ്രതികരിച്ചു. പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഗോയങ്ക ഉദ്ദേശിച്ചത് കെഎൽ രാഹുലിനെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാഹുലിനെ കൈവിട്ട ലക്നൗ നിക്കോളാസ് പൂരാനെയാണ് ആദ്യ റിട്ടൻഷനായി പ്രഖ്യാപിച്ചത്.
“വളരെ ലളിതമായിരുന്നു കാര്യങ്ങൾ. സ്വന്തം നേട്ടത്തിലുപരി ടീമിനായി കളിക്കുന്നവരെയാണ് നിലനിർത്താൻ ഉദ്ദേശിച്ചത്. ആദ്യ റിട്ടൻഷൻ ഓട്ടോമാറ്റിക് ചോയിസായിരുന്നു. രണ്ട് മിനിട്ടിലാണ് അത് സംഭവിച്ചത്. മുഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നീ അൺകാപ്പ്ഡ് താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചു. ഇത് സഹീർ ഖാനും ജസ്റ്റിൻ ലാംഗറും സിഇഒയും അനലിസ്റ്റും ചേർന്നെടുത്ത തീരുമാനങ്ങളാണ്. കഴിഞ്ഞ സീസണുകളിലെല്ലാം മൂന്ന് ഇന്ത്യൻ ബൗളർമാരുമായാണ് ഞങ്ങൾ ഇറങ്ങിയത്. പൂരാനെ നിലനിർത്താൻ ആലോചിക്കേണ്ടിവന്നില്ല. ബദോനി ആറാം നമ്പരിലും ഏഴാം നമ്പരിലും നന്നായി കളിച്ചിട്ടുണ്ട്.”- സഞ്ജീവ് ഗോയങ്ക സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.
“Keeping it simple was the key.”
With @LucknowIPL announcing their retentions for #IPL2025, #LSG owner #SanjivGoenka shares insights into the thinking behind their picks
LIVE NOW 👉 #IPLRetentionsOnStar! | #IPLRetentions #TATAIPL2025 #TATAIPL pic.twitter.com/o4rQZfbE7k
— Star Sports (@StarSportsIndia) October 31, 2024
കഴിഞ്ഞ സീസണിൽ തന്നെ ലക്നൗ സൂപ്പർ ജയൻ്റ്സിൽ കെഎൽ രാഹുലിൻ്റെ സ്ഥാനം ഏറെക്കുറെ തീരുമാനമായിരുന്നു. ഒരു മത്സരത്തിന് ശേഷം സഞ്ജീവ് ഗോയങ്ക രാഹുലിനോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ക്യാമറകളൊക്കെ ഒപ്പിയെടുത്തു. പിന്നാലെ രാഹുലിനെ വരുന്ന സീസണിൽ ലക്നൗ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുയർന്നു. ഈ റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് റിട്ടൻഷനിൽ കണ്ടത്.
Also Read : IPL Retentions 2025 : രോഹിത് മുംബൈയിൽ തുടരും, ഋഷഭ് പന്തും ശ്രേയാസ് അയ്യരും കെഎൽ രാഹുലും പുറത്ത്
മുൻപ് പല സീസണുകളിലും കെഎൽ രാഹുലിൻ്റെ ബാറ്റിംഗ് ശൈലി വിമർശിക്കപ്പെട്ടിരുന്നു. സ്വന്തം നേട്ടങ്ങൾക്ക് മുൻഗണന നൽകിയാണ് രാഹുൽ കളിക്കുന്നത് എന്നതായിരുന്നു വിമർശനങ്ങൾ. ഇത് പരോക്ഷമായെങ്കിലും ഗോയങ്കയും ആവർത്തിക്കുകയാണ്.
21 കോടി രൂപയ്ക്ക് പൂരാനെ ആദ്യ റിട്ടൻഷനായി നിലനിർത്തിയ ലക്നൗ രവി ബിഷ്ണോയിയെ 11 കോടി രൂപ നൽകി നിലനിർത്തി. പേസർ മായങ്ക് യാദവിനും 11 കോടി രൂപ ലഭിച്ചു. അൺകാപ്പ്ഡ് താരങ്ങളായ ആയുഷ് ബദോനിയ്ക്കും മൊഹ്സിൻ ഖാനും നാല് കോടി രൂപ വീതം ലഭിച്ചു.