IPL Auction 2025: കെസിഎല്ലിൽ തിളങ്ങി! മലയാളി താരങ്ങളുടെ ഭാഗ്യം ‘താരലേല’ത്തിൽ തെളിയുമോ? പ്രതീക്ഷയിൽ സച്ചിൻ
Malayali Players In IPL Auction: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ കൊല്ലം ഏരീസ് സെയ്ല്ലേഴ്സിനെ ചാമ്പ്യന്മാരാക്കിയതിൽ സുപ്രധാന പങ്കുവഹിച്ചത് സച്ചിൻ ബേബിയെന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഈ 35-കാരനാണ്.
ബാറ്റിലും ബൗളിങ്ങിലും പ്രതിഭ തെളിയിച്ച നിരവധി ക്രിക്കറ്റ് താരങ്ങൾ കേരളത്തിന് സ്വന്തമാണ്. എസ് ശ്രീശാന്തും ടിനു യോഹന്നാനും സഞ്ജു സാംസണുമെല്ലാം കേരളത്തിന്റെ സ്വന്തമെന്ന് പറയാവുന്ന താരങ്ങളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും കഴിവുകൊണ്ടും ശെെലി കൊണ്ടും പതിപ്പിച്ചവരാണിവർ. മതിയായ അവസരം ലഭിക്കാതെ ആഭ്യന്തര ക്രിക്കറ്റിൽ മാത്രം ഒതുങ്ങി പോയ താരങ്ങളും കേരളത്തിലുണ്ട്. അതിൽ ഒരാളാണ് ഇടുക്കി തൊടുപുഴ സ്വദേശിയായ സച്ചിൻ ബേബി. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ മിന്നും ഫോമിലാണ് താരം.
ഇന്ന് ഐപിഎൽ താരലേലം ആരംഭിക്കാനിരിക്കെ സച്ചിൻ ഉൾപ്പെടെ രജിസ്റ്റർ ചെയ്തിരിക്കുന്ന 12 പേരെ ടീമുകൾ സ്വന്തമാക്കുമോ എന്ന് കണ്ടറിയാം. സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, ഷോൺ റോജർ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്, എം. അജ്നാസ്, അഭിഷേക് നായർ, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ എന്നിവരാണ് ലേലപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായത്തിൽ സച്ചിനെയും വിഷ്ണു വിനോദിനെയും ടീമുകൾ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ കൊല്ലം ഏരീസ് സെയ്ല്ലേഴ്സിനെ ചാമ്പ്യന്മാരാക്കിയതിൽ സുപ്രധാന പങ്കുവഹിച്ചത് സച്ചിൻ ബേബിയെന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഈ 35-കാരനാണ്. യുവതാരങ്ങൾ നിരവധി പേരുണ്ടായിട്ടും ടൂർണമെന്റിൽ സച്ചിനെ വെല്ലാൻ മറ്റൊരു താരമുണ്ടായിരുന്നില്ല. 2 സെഞ്ച്വറിയും 3 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 528 റൺസുമായി ലീഗിലെ ടോപ് സ്കോററായി. ഫെെനലിൽ കാലിക്കറ്റിനെതിരെ 54 പന്തിൽ നിന്ന് സ്വന്തമാക്കിയ 105 റൺസ് മതി സച്ചിനിലെ പ്രതിഭയെ അടയാളപ്പെടുത്താൻ. ടി20യ്ക്ക് പുറമെ ആഭ്യന്തര ക്രിക്കറ്റിൽ റെഡ് ബോളിലും സച്ചിന്റെ മിന്നും പ്രകടനം തുടർന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ രഞ്ജി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്ന താരം ഇത്തവണയും കേരളത്തിനായി മിന്നും പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിയെന്ന് സെലക്ടർമാർ നൂറാവർത്തി പറയുമ്പോഴും ഈ മലയാളി താരത്തിന് മുന്നിൽ വാതിൽ അടഞ്ഞു കിടക്കുകയാണ്. വിവിധ സീസണുകളിൽ ഐപിഎൽ ടീമുകളിലേക്ക് സെലക്ട് ചെയ്തെങ്കിലും മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2013-ൽ രാജസ്ഥാനിലും 2018-ൽ സൺ റെെസേഴ്സ് ഹെെദരാബാദ് സ്ക്വാഡിലും ഇടംപിടിച്ചു. 2016-2017, 2021 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്ക്വാഡിലും ഇടംപിടിച്ചെങ്കിലും ഐപിഎല്ലിൽ ആകെ കളത്തിലിറങ്ങിയത് 19 മത്സരങ്ങളിൽ. ആർസിബിക്കായി 11 മത്സരങ്ങളിൽ നിന്നായി 110 റൺസാണ് സമ്പാദ്യം. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സച്ചിനെ കെഎസിഎല്ലിലെയും രഞ്ജി ട്രോഫിയിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമുകൾ സ്വന്തമാക്കുമെന്നാണ് മലയാളികളുടെ പ്രതീക്ഷ.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച വിഷ്ണു വിനോദിന് വേണ്ടിയും ലേലത്തിൽ കൂടുതൽ ടീമുകൾ രംഗത്തുവരാൻ സാധ്യതയുണ്ട്. കെസിഎല്ലിൽ തൃശൂർ ടെെറ്റൻസിന്റെ താരമായിരുന്ന വിഷ്ണു, ടീമിനായി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്ത് എന്നിവരും ഐപിഎല്ലിൽ മുമ്പ് വിവിധ ഫ്രാഞ്ചെെസികളെ പ്രതിനിധീകരിച്ചുള്ളവരാണ്.