IPL Auction 2025: കാശ് വീശിയെറിഞ്ഞ് പഞ്ചാബ്, ചഹലിനെയും റാഞ്ചി; സഞ്ജുവിന്റെ വജ്രായുധത്തെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്
Yuzvendra Chahal Sold To Punjab Kings: രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരം യുസ്വേന്ദ്ര ചഹലാണ് ഒടുവില്‍ പഞ്ചാബ് കൂടാരത്തിലെത്തിയത്. 18 കോടി രൂപയ്ക്കാണ് ഈ ലെഗ് ബ്രൈക്ക് സ്പിന്നറെ പഞ്ചാബ് കൊണ്ടുപോയത്
ഐപിഎല്‍ താരലേലത്തില്‍ ഏതൊക്കെ താരങ്ങളെ ഫ്രാഞ്ചെസികള്‍ സ്വന്തമാക്കുമെന്നതില്‍ ആകാംക്ഷ ഏറെയായിരുന്നെങ്കിലും, പഞ്ചാബ് കിങ്‌സ് ‘ഷൈന്‍’ ചെയ്യുമെന്ന് സുനിശ്ചിതമായിരുന്നു. അക്കൗണ്ടില്‍ കോടികളുള്ളവര്‍ക്ക് അല്ലെങ്കിലും എന്ത് പേടിക്കാന്‍ ? നോട്ടമിടുന്നവരെയെല്ലാം പഞ്ചാബ് റാഞ്ചിക്കൊണ്ടിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരം യുസ്വേന്ദ്ര ചഹലാണ് ഒടുവില്‍ പഞ്ചാബ് കൂടാരത്തിലെത്തിയത്. 18 കോടി രൂപയ്ക്കാണ് ഈ ലെഗ് ബ്രൈക്ക് സ്പിന്നറെ പഞ്ചാബ് കൊണ്ടുപോയത്.
മുന്‍ സീസണിനെ അപേക്ഷിച്ച് പ്രതിഫലത്തില്‍ 177 ശതമാനം വര്‍ധനവാണ് ചഹലിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ താരം കളിച്ചത് 6.5 കോടി രൂപയ്ക്കായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ സ്പിന്നറെന്ന നേട്ടവും ചഹല്‍ തൂക്കി.
രാജസ്ഥാനില്‍ മിന്നും പ്രകടനമാണ് മുന്‍ സീസണുകളില്‍ ചഹല്‍ കാഴ്ചവച്ചത്. 2022ല്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ചഹല്‍ കഴിഞ്ഞ സീസണിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലുണ്ടായിരുന്നു.
ഒരു വജ്രായുധം പോലെയായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചഹലിനെ ഉപയോഗിച്ചിരുന്നത്. സ്പിന്നര്‍മാരെ അവസാന ഓവറുകളില്‍ ഉപയോഗിക്കുന്നത് ക്രിക്കറ്റില്‍ അത്ര പരിചിതമായ കാഴ്ചയായിരുന്നില്ലെങ്കിലും, സഞ്ജുവിന് ചഹല്‍ ഒരു ‘ഡെത്ത് ഓവര്‍ സ്‌പെഷ്യലി’സ്റ്റായിരുന്നു. സഞ്ജുവിന്റെ ആ പരീക്ഷണം പലകുറി വിജയവും കണ്ടു.
നിലവില്‍ ദേശീയ ടീമില്‍ സെലക്ടര്‍മാരുടെ റഡാറിലില്ലെങ്കിലും ഈ 34കാരനില്‍ പഞ്ചാബ് ടീം വന്‍ പ്രതീക്ഷയിലാണ്.റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ഫ്രാഞ്ചെസികളും ചഹലിനായി പൊരുതിയെങ്കിലും പഞ്ചാബിന്റെ പണക്കൊഴുപ്പിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി.
ലേലം ആരംഭിച്ചതു മുതല്‍ പഞ്ചാബ് കിങ്‌സ് മിന്നും ഫോമിലാണ്. ആദ്യം തന്നെ അര്‍ഷ്ദീപ് സിങിനെ 18 കോടിക്ക് ടീമിലെത്തിച്ചു. മുന്‍ സീസണിലും അര്‍ഷ്ദീപ് പഞ്ചാബ് താരമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണില്‍ വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിന്റെ അടുത്ത ലക്ഷ്യം. 26.75 കോടി രൂപ വാരിയെറിഞ്ഞ് ശ്രേയസ് പഞ്ചാബിലെത്തി. അടുത്ത സീസണില്‍ ശ്രേയസാകും പഞ്ചാബിന്റെ നായകന്‍.
ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇത്തവണ പഞ്ചാബിന്റെ നീക്കം. ഇതുവരെ കപ്പ് കിട്ടിയിട്ടില്ലെന്ന നാണക്കേടിന് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് പരിഹാരം കണ്ടെത്താനാണ് പഞ്ചാബിന്റെ ശ്രമങ്ങളത്രയും.
ഋഷഭ് പന്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് ഷമി എന്നിവരാണ് ഇതിനകം ലേലത്തില്‍ വിറ്റുപോയ മറ്റ് പ്രമുഖ താരങ്ങള്‍. പന്തിനെ റെക്കോഡ് തുകയായ 27 കോടിക്ക് ലഖ്‌നൗ ടീമിലെത്തിച്ചു. സ്റ്റാര്‍ക്കിനെ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും, മുഹമ്മദ് ഷമിയെ 10 കോടിക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും നേടിയെടുത്തു. ലേലം പുരോഗമിക്കുകയാണ്.