ipl mega auction: എന്തുകൊണ്ട് ഇത്തവണ മെഗാ താരലേലം ? മാര്‍ക്വീ താരങ്ങള്‍ ആരൊക്കെ ? വിശദാംശങ്ങള്‍ അറിയാം
ipl mega auction 2025: താരങ്ങള്‍ക്കായി 'പിടിവലി' കൂടാന്‍ ഫ്രാഞ്ചെസികള്‍ അരയും തലയും മുറുക്കിയെത്തുമ്പോള്‍ ലേലം ആവേശക്കൊടുമുടിയേറുമെന്ന് തീര്‍ച്ച. വൈകിട്ട് മൂന്ന് മുതല്‍ ലേലം ആരംഭിക്കും
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലം ഇന്നും നാളെയും നടക്കും. താരങ്ങള്‍ക്കായി ‘പിടിവലി’ കൂടാന്‍ ഫ്രാഞ്ചെസികള്‍ അരയും തലയും മുറുക്കിയെത്തുമ്പോള്‍ ലേലം ആവേശക്കൊടുമുടിയേറുമെന്ന് തീര്‍ച്ച. വൈകിട്ട് മൂന്ന് മുതല്‍ ലേലം ആരംഭിക്കും.
എന്തുകൊണ്ട് ഇത്തവണ മെഗാ താരലേലം ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഓരോ തവണയും ലേലം എങ്ങനെ വീണമെന്ന് തീരുമാനിക്കുന്നത് ‘മൂന്ന് വര്‍ഷ സൈക്കിള്‍’ (three year circle) അടിസ്ഥാനമാക്കിയാണ്. 2025 അടുത്ത മൂന്ന് വര്‍ഷ സൈക്കിളിന്റെ തുടക്കമാണ്. അതുകൊണ്ടാണ് ഇത്തവണ മെഗാ താരലേലം നടക്കുന്നത്.
ഓരോ മൂന്ന് വര്‍ഷത്തിലും ഫ്രാഞ്ചെസികള്‍ അടിമുടി അഴിച്ചുപണിക്ക് വിധേയരാകുമെന്ന് ചുരുക്കം. മെഗാ ലേലത്തില്‍ സ്‌ക്വാഡുകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ കുറച്ച് താരങ്ങളെ മാത്രമേ ഇതിന് മുമ്പ് നിലനിര്‍ത്താന്‍ (ഇത്തവണ പരമാവധി ആറു പേര്‍) അനുവദിക്കൂ.
മെഗാ ലേലങ്ങള്‍ക്കിടയില്‍ നടക്കുന്ന സീസണുകളില്‍ മിനി ലേലമാണ് നടത്താറുള്ളത്. മിനി താരലേലത്തില്‍ ടീമുകള്‍ക്ക് കഴിയുന്നത്ര താരങ്ങളെ നിലനിര്‍ത്താം. മിനി താരലേലങ്ങള്‍ ഒരു ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാകും. എന്നാല്‍ മെഗാ താരലേലത്തില്‍ നിരവധി താരങ്ങളുള്ളതിനാലാണ് ഇത് രണ്ട് ദിവസം നീളുന്നത്.
എന്തുകൊണ്ട് ജിദ്ദയില്‍ ?
ഇത്തവണ സൗദി അറേബ്യയിലെ ജിദ്ദയിലാണ് താരലേലം നടക്കുന്നത്. ഇത്തവണ താരലേലം വിദേശത്ത് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അനുയോജ്യമായ സ്ഥലമായി ജിദ്ദയെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാന കായിക വിനോദങ്ങളുടെ പ്രിയ കേന്ദ്രമായി അടുത്ത കാലത്ത് സൗദി മാറിക്കഴിഞ്ഞു. താരലേലം സൗദിയില്‍ നടത്താന്‍ തീരുമാനിച്ചതില്‍ ഇതും ഒരു ഘടകമായിരിക്കാം. ലേലത്തിന് സ്ഥലം നിശ്ചയിച്ചതില്‍ സ്‌പോണ്‍സരും പങ്ക് വഹിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാർക്വീ താരങ്ങൾ ആരൊക്കെ ?
ആറു താരങ്ങള്‍ വീതമടങ്ങിയ രണ്ട് മാര്‍ക്വീ ലിസ്റ്റുകളാണ് ലേലത്തിലുള്ളത്. ഇതില്‍ എം1 ലിസ്റ്റില്‍ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ജോസ് ബട്ട്‌ലർ, അർഷ്ദീപ് സിങ്, കാഗിസോ റബാഡ, മിച്ചൽ സ്റ്റാർക്ക് എന്നിവര്‍ ഉള്‍പ്പെടുന്നു.
എം2 പട്ടികയില്‍ കെ.എല്‍. രാഹുല്‍, യുസ്വേന്ദ്ര ചാഹൽ, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്. ഡേവിഡ് മില്ലർ ഒഴികെയുള്ള എല്ലാവരുടെയും അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. മില്ലറുടെ അടിസ്ഥാന തുക 1.5 കോടി രൂപയും.