IPL Mega Auction 2025: ചുമ്മാ ഒരോന്ന് പറയാതെ, ഡൽഹി വിട്ടത് പ്രതിഫലത്തെ ചൊല്ലിയല്ല; ഗവാസ്കറിന് മറുപടിയുമായി ഋഷഭ് പന്ത്
Rishabh Pant Delhi Capitals Separation: 2016 മുതല്‍ ഡല്‍ഹി ക്യാപിറ്റൽസിന്റെ ഭാഗമായ 27-കാരന്‍ ടീമിന് വേണ്ടി 3284 റണ്‍സ് നേടിയിട്ടുണ്ട്. ഈ മാസം 24, 25 തീയതികളില്‍ ജിദ്ദയില്‍ വച്ചാണ് താര ലേലം നടക്കുന്നത്.
ന്യൂഡൽഹി: പ്രതിഫല തർക്കത്തെ തുടർന്നായിരിക്കും ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസുമായി വേർപ്പിരിഞ്ഞതെന്ന സുനിൽ ഗവാസ്കറിന്റെ പരാമർശത്തിന് മറുപടിയുമായി താരം. പ്രതിഫല തർക്കത്തെ തുടർന്നല്ല താൻ ഡൽഹി ക്യാപിറ്റൽസ് വിട്ടതെന്നും അക്കാര്യത്തിൽ നൂറ് ശതമാനം ഉറപ്പുണ്ടെന്നും താരം പറഞ്ഞു. ഐപിഎൽ മെഗാ താരലേലത്തിനോടനുബന്ധിച്ച് ഗവാസ്കറുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സ്റ്റാർ സ്പോർട്സ് പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് താൻ പ്രതിഫലത്തെ ചൊല്ലിയല്ല ഡൽഹി വിട്ടതെന്ന് പന്ത് പ്രതികരിച്ചത്. എക്സിലൂടെയായിരുന്നു ഋഷഭ് പന്തിന്റെ മറുപടി.
തങ്ങളുടെ മൂല്യം മനസിലാക്കാനായി താരങ്ങൾ ഫ്രാഞ്ചെെസി വിട്ടേക്കാം. ഇക്കാരണത്താലാകും പന്ത് ഡൽഹി വിട്ടതെന്നും മെഗാ താരലേലത്തിലൂടെ അവനെ ടീമിലെത്തിക്കാൻ ടീം മാനേജ്മെന്റ് ശ്രമിക്കുമെന്നും ഗവാസ്കർ പറഞ്ഞു. “ പ്രതിഫലത്തെ ചൊല്ലിയാണ് ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിട്ടതെന്ന് എനിക്ക് തോന്നുന്നു. ചിലപ്പോൾ ഇങ്ങനെ സംഭവിക്കും. ഒരു താരത്തിന് ഫ്രാഞ്ചെെസി തനിക്കായി നീക്കി വച്ചിരിക്കുന്ന പ്രതിഫലം പോരാ എന്ന് തോന്നിയാൽ തന്നെ കരാറിൽ നിന്ന് ഒഴിവാക്കാൻ പറയാം. പന്തിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. ലേലത്തിൽ ടീം നിശ്ചയിച്ച പണത്തെക്കാൾ കുടൂതൽ താരലേലത്തിലൂടെ ലഭിച്ച താരങ്ങളുണ്ട്. എന്നാൽ ലേലത്തിൽ പന്തിനെ തിരികെയെത്തിക്കാൻ ഫ്രാഞ്ചെെസി ശ്രമിക്കും.”
“ഒരുപക്ഷേ പന്തും ഫ്രാഞ്ചെെസിയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടാകാം എന്ന് എനിക്ക് തോന്നുന്നു. പക്ഷേ ഡൽഹിക്ക് ഉറപ്പായും പന്തിനെ തിരികെ ടീമിലെത്തിക്കേണ്ടതുണ്ട്. കാരണം അവർക്കൊരു നായകനെ ആവശ്യമാണ്. പന്ത് ടീമിലില്ലെങ്കിൽ മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് ഡൽഹി ക്യാപിറ്റൽസ് ഋഷഭ് പന്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നാണ് എന്റെ വിശ്വാസം.” ഗവാസ്കർ പറഞ്ഞു. ഈ പരാമർശത്തിനുള്ള മറുപടിയുമായാണ് ഋഷഭ് എത്തിയത്. പണത്തെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തെ ചൊല്ലിയല്ല ഞാൻ ഫ്രാഞ്ചെെസി വിട്ടത്. അത് നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് പന്ത് എക്സിൽ കുറിച്ചത്.
The curious case of Rishabh Pant & Delhi! 🧐
🗣 Hear it from #SunilGavaskar as he talks about the possibility of @RishabhPant17 returning to the Delhi Capitals!
📺 Watch #IPLAuction 👉 NOV 24th & 25th, 2:30 PM onwards on Star Sports Network & JioCinema! pic.twitter.com/ugrlilKj96
— Star Sports (@StarSportsIndia) November 19, 2024
“>
ഋഷഭ് പന്തിനെ ടീമിലെത്തിക്കാൻ പല ഫ്രാഞ്ചെെസികളും ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. ടീമുകളുടെ പേഴ്സിൽ അവശേഷിക്കുന്ന തുക അനുസരിച്ചാണെങ്കിൽ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിൽ ഏതെങ്കിലും ഒരു ടീം പന്തിനെ സ്വന്തമാക്കാനാണ് സാധ്യത. ഡൽഹിയിലേക്കും പന്ത് തിരിച്ച് വന്നേക്കും. ഇത്തവണ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് പന്തിനായിരിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
2016 മുതല്‍ ഡല്‍ഹി ക്യാപിറ്റൽസിന്റെ ഭാഗമായ 27-കാരന്‍ ടീമിന് വേണ്ടി 3284 റണ്‍സ് നേടിയിട്ടുണ്ട്. ഈ മാസം 24, 25 തീയതികളില്‍ ജിദ്ദയില്‍ വച്ചാണ് താര ലേലം നടക്കുന്നത്.
ഇന്ത്യൻ ടീമിലെ പ്രധാന താരമായ പന്തിനെ നോട്ടമിട്ടിരിക്കുന്ന ടീമുകൾ
പഞ്ചാബ് കിംഗ്സ്
റിക്കി പോണ്ടിംഗ് പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഋഷഭ് പന്തിനെ ടീമിലെത്തിക്കാൻ പഞ്ചാബ് കിംഗ്സ് ശ്രമിക്കും.
ചെന്നെെ സൂപ്പർ കിംഗ്സ്
എംഎസ് ധോണിയുടെ പിൻഗാമിയാക്കേണ്ട താരത്തെ സിഎസ്കെയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പേഴ്സിൽ ഭാരിച്ച തുക ബാക്കിയില്ല എന്നതാണ് തിരിച്ചടി.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ദിനേശ് കാർത്തികിന്റെ പകരക്കാരനെയും നായകനെയും ആർസിബിക്ക് കണ്ടെത്തണം. അതുകൊണ്ട് പന്താണ് ആർസിബിയുടെ ഫസ്റ്റ് ഓപ്ഷൻ.
ലഖ്നൗ സൂപ്പർ ജയന്റ്സ്
ടീം നായകൻ കെ എൽ രാഹുലിന് പകരക്കാരനെന്ന നിലയിലായിരിക്കും പന്തിനെ ലഖ്നൗ ടീമിലെത്തിക്കുക.