IPL Auction 2025: പൃഥി ഷാ തനിച്ചല്ല, കൂട്ടിന് രഹാനെയും, താക്കൂറും; അണ്‍സോള്‍ഡ് പട്ടികയിലെ മുംബൈ ‘ത്രയ’ങ്ങള്‍
prithvi shaw ajinkya rahane shardul thakur: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും രഹാനെയ്ക്കും, താക്കൂറിനും, ഷായ്ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല
ഐപിഎല്‍ താരലേലത്തിലെ അണ്‍സോള്‍ഡ് പട്ടികയിലെ ചില പേരുകള്‍ ഞെട്ടിക്കുന്നതായിരുന്നു. മയങ്ക് അഗര്‍വാള്‍, ഗ്ലെന്‍ ഫിലിപ്‌സ്, കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെ പോകുന്ന ആ പേരുകള്‍. എന്നാല്‍ ആ പട്ടികയില്‍ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് മുംബൈ താരങ്ങളായ പൃഥി ഷാ, അജിങ്ക്യ രഹാനെ, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ പേരുകളാണ്.
മുന്‍ സീസണുകളില്‍ വിവിധ ഫ്രാഞ്ചെസികളിലെ നിറസാന്നിധ്യമായിരുന്ന മുംബൈ ത്രയങ്ങള്‍ക്ക് ഇത്തവണ തുടക്കത്തില്‍ ആവശ്യക്കാരില്ല. അണ്‍സോള്‍ഡ് താരങ്ങളെ വീണ്ടും ലേലം വിളിക്കുമ്പോള്‍ ഇവര്‍ ഏതെങ്കിലും ടീമിലെത്തിയേക്കാം. എങ്കിലും ആദ്യഘട്ടത്തില്‍ പൃഥിക്കും, രഹാനെയ്ക്കും, ഷാര്‍ദ്ദുലിനും ആവശ്യക്കാരില്ലെന്നതാണ് ആശ്ചര്യകരം.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു അജിങ്ക്യ രഹാനെ. അന്ന് 12 മത്സരങ്ങളില്‍ നിന്ന് 242 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഈ 36കാരന്‍ ആഭ്യന്തര ക്രിക്കറ്റിലും മങ്ങിയ ഫോമിലാണ്. കരിയര്‍ എന്‍ഡിലേക്ക് കടക്കുന്ന രഹാനെയുടെ ബാറ്റിങ് ശൈലി ടി20ക്ക് അനുയോജ്യമല്ലെന്നും വിലയിരുത്തലുകളുണ്ട്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാകാം ഫ്രാഞ്ചെസികള്‍ അദ്ദേഹത്തിനായി രംഗത്തെത്താത്തത്.
ഷാര്‍ദ്ദുല്‍ താക്കൂറും കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ താരമായിരുന്നു.കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് ഷാര്‍ദ്ദുലിന് വീഴ്ത്താനായത്.തരക്കേടില്ലാത്ത ബാറ്റിങ്ങ് മികവുമുണ്ടെങ്കിലും രഹാനെയെ പോലെ ഷാര്‍ദ്ദുലിന്റെയും സമീപകാല പ്രകടനം അത്ര മികച്ചതല്ല.
ഇരുവരുടെയും മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി, ഖലീല്‍ അഹമ്മദ്, മഥീഷ പതിരന, ആര്‍ അശ്വിന്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, രചിന്‍ രവീന്ദ്ര, ശിവം ദുബെ തുടങ്ങിയവരെ ഇതിനകം ടീമിലെത്തിച്ചുകഴിഞ്ഞു.
എന്നാല്‍ തുടര്‍വിവാദങ്ങളും ഫിറ്റ്‌നസ് പ്രശ്‌നവുമാണ് പൃഥി ഷായെ കുഴപ്പത്തിലാക്കിയത്. മുന്‍ സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നെങ്കിലും എല്ലാ മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായതുമില്ല.
അടുത്തിടെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് വരെ പൃഥിയെ പുറത്താക്കിയിരുന്നു. മോശം പെരുമാറ്റവും ഫിറ്റ്‌നസ് പ്രശ്‌നവുമാണ് കാരണമെന്നാണ് അന്ന് പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി.
എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും രഹാനെയ്ക്കും, താക്കൂറിനും, ഷായ്ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 22 പന്തില്‍ 33 റണ്‍സെടുത്ത പൃഥിയുടെ പ്രകടനം തരക്കേടില്ലാത്തതായിരുന്നു. എന്നാല്‍ 13 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു രഹാനെയുടെ സമ്പാദ്യം. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവര്‍ എറിഞ്ഞ താക്കൂര്‍ 43 റണ്‍സ് വഴങ്ങി.