5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: താരലേലം തൊട്ടരികിൽ, ആരാധകർ ആവേശത്തിൽ; താരങ്ങൾക്കായി വള്ളവും വലയുമായി ടീമുകൾ

IPL 2025 Mega Auction Date, Time: ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസനാണ് നിലനിർത്തിയവരിൽ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങിയത്. സൺ റെെസേഴ്സ് ഹെെദരാബാദ് 23 കോടി രൂപയ്ക്കാണ് താരത്തെ നിലനിർത്തിയത്.

IPL Auction 2025: താരലേലം തൊട്ടരികിൽ, ആരാധകർ ആവേശത്തിൽ; താരങ്ങൾക്കായി വള്ളവും വലയുമായി ടീമുകൾ
IPL Auction Poster( Image Credits: IPL)
athira-ajithkumar
Athira CA | Updated On: 19 Nov 2024 18:34 PM

ക്രിക്കറ്റിനെ മതമായി കാണുന്ന നാട്ടിൽ ഇനി ഇഷ്ട ടീമുകൾക്കായി ആരാധകർ ആർത്ത് വിളിക്കും. ഐപിഎൽ 18-ാം പതിപ്പിന് മുന്നോടിയായി ശക്തമായ ടീമിനെ കളത്തിലിറക്കാനുള്ള പദ്ധതിയിലാണ് ഫ്രാഞ്ചെസികൾ. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ അനൗദ്യോ​ഗിക തുടക്കമെന്ന് പറയാവുന്ന മെ​ഗാ താരലേലം ഈ മാസം 24,25 തീയതികളിൽ നടക്കും. സൗദി അറേബ്യയിലെ ജിദ്ദയാണ് താരലേലത്തിന്റെ വേദി. തുടര്‍ച്ചയായ 2-ാം തവണയാണ് താരലേലം കടൽകടക്കുന്നത്. ജിദ്ദയിലെ അബാദി അൽ ജോഹർ അരീന(ബെഞ്ച്‌മാര്‍ക്ക് അരീന)യാണ് ലേല വേദിയാകുന്നത്. നവംബർ 24 ഞായറാഴ്ച ഇന്ത്യൻ സമയം വെെകിട്ട് 3-ന് ലേലത്തിന് തുടക്കമാകും. മല്ലിക സാഗറായിരിക്കും താര ലേലം നിയന്ത്രിക്കുക.

രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങൾ

മെ​ഗാ താരലേലത്തിനായി 1,574 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1,165 പേർ ഇന്ത്യൻ താരങ്ങളാണ്. 409 വിദേശ താരങ്ങളും ലേലത്തിന്റെ മാറ്റ് കൂട്ടും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിന്റെ ഭാ​ഗമാകുക. അൺക്യാപ്ഡ് വിഭാ​ഗത്തിൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,224 താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ് 30 താരങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ ഐപിഎല്ലിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 91 ദക്ഷിണാഫ്രിക്കൻ താരങ്ങൾ വീറും വാശിയുമായി താരലേലത്തിന് മാറ്റ് കൂട്ടും. 76 ഓസ്ട്രേലിയൻ താരങ്ങളും 52 ഇം​ഗ്ലണ്ട് താരങ്ങളും ലേലത്തിന്റെ ഭാ​ഗമാകും. ഇറ്റലി, കാനഡ, നെതര്‍ലന്‍ഡ്സ്, സ്കോട്‌ലന്‍ഡ്, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓരോ ഫ്രാഞ്ചെെസിക്കും നിലനിര്‍ത്തിയ താരങ്ങളടക്കം 25 കളിക്കാരെയാണ് ടീമിൽ നിലനിർത്താനാവുക. നിലനിർത്തിയ താരങ്ങൾക്ക് പുറമെ ഒഴിവ് നികത്താനായി ടീമുകൾ വാശിയേറിയ ലേലം വിളിതന്നെ നടത്തും. ഈ പ്രകാരം 10 ഫ്രാഞ്ചെെസികളും 204 താരങ്ങളെയാണ് ലേലത്തിലൂടെ എടുക്കേണ്ടത്. താരലേലത്തിന് മുന്നോടിയായി 46 താരങ്ങളെ ടീമുകൾ നിലനിര്‍ത്തിയിരുന്നു. താരങ്ങൾക്കായി 120 കോടിയാണ് ലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക. നിലനിര്‍ത്തിയ ‌താരങ്ങൾക്കായി ചെലവഴിച്ച കഴിഞ്ഞ് പേഴ്സിൽ ബാക്കിയുള്ള തുക മാത്രമെ ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാനാകൂ.

ടീമുകളും കെെവശമുള്ള പണവും

ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസനാണ് നിലനിർത്തിയവരിൽ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങിയത്. സൺ റെെസേഴ്സ് ഹെെദരാബാദ് 23 കോടി രൂപയ്ക്കാണ് താരത്തെ നിലനിർത്തിയത്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിരാട് കോലിയെ 21 കോടി രൂപയ്ക്കും ലഖ്നൗ സൂപ്പർ ജയന്റ്സ് നിക്കോളാസ് പൂരാനെ 21 കോടി രൂപയ്ക്കും നിലനിർത്തിയിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ പണം പേഴ്സിൽ ബാക്കിയുള്ളത് പഞ്ചാബ് കിം​ഗ്സിനാണ്. 2 അൺക്യാപ്ഡ് താരങ്ങളെയാണ് ടീം നിലനിർത്തിയത്. ഫ്രാഞ്ചെെസിയുടെ പേഴ്സിൽ ബാക്കിയുള്ളത് 110.5 കോടിയാണ് ബാക്കിയുള്ളത്. റിക്കിം​ഗ് പോണ്ടിം​ഗ് പരിശീലകനായെത്തുന്ന പഞ്ചാബിന്റെ ലേല തന്ത്രങ്ങൾ എന്തൊക്കെയാകുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നുണ്ട്. 41 കോടി ബാക്കിയുള്ള രാജസ്ഥാൻ റോയൽസിന്റെ പേഴ്സിലാണ് കുറവ് തുകയുള്ളത്. മുംബെെ ഇന്ത്യൻസിന്റെ പക്കൽ 45 കോടിയുള്ളപ്പോൾ, ചെന്നെെയുടെ കെെവശം 55 കോടിയും ബാക്കിയുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ പക്കൽ 73 കോടിയാണ് ബാക്കിയുള്ളത്. ആർസിബി 83 കോടിയുമായി ലേലത്തിനിറങ്ങുമ്പോൾ, ലഖ്നൗവിന്റെ പക്കൽ 63 കോടിയുമുണ്ട്. സൺ റെെസേഴ്സ് ഹെെദരാബാദിന് 45 കോടിയും ​ഗുജറാത്തിന് 69 കോടിയും ലേലത്തിൽ ചെലവഴിക്കാനാവും.

താര ലേലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഋഷഭ് പന്തിനായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയുമായി വേർപ്പിരിഞ്ഞ പന്തിന് 30 കോടി വരെ പ്രതിഫലം ലഭിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ചെന്നെെയും ബെം​ഗളൂരുവും പന്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കായും ലേലം കനക്കും. മിച്ചൽ സ്റ്റാർക്ക്, സാം കറൻ, ജോസ് ബട്ലർ ഉൾപ്പെടെയുള്ള വിദേശതാരങ്ങൾക്കും ഉയർന്ന പ്രതിഫലം ലഭിച്ചേക്കും.