IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
Sachin Baby Sunrisers Hyderabad Ipl: മൂന്ന് വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. അതും ഒരു ഒന്നൊന്നര തിരിച്ചുവരവ്. മൂന്ന് വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം തനിക്ക് ഒട്ടും അപരിചിതമല്ലാത്ത സണ്‍റൈസേഴ്‌സ് ക്യാമ്പിലേക്ക് സച്ചിന്റെ തിരിച്ചുവരവ്
‘കാവ്യ മാരന് നന്ദി. അയാള്‍ അത് അര്‍ഹിച്ചിരുന്നു’ …സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുമ്പോള്‍, അദ്ദേഹത്തിന്റെ കളിമികവ് നേരിട്ട് അറിഞ്ഞവരുടെ മനസില്‍ മന്ത്രിക്കുന്നത് ഇതായിരിക്കാം. പ്രായം 35. കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ നെടുംതൂണായി മാറിയവന്‍. തകര്‍ച്ചയില്‍ ടീം പതറുമ്പോള്‍ ‘ക്രൈസിസ് മാനേജരാ’യി അവതരിക്കുന്നവന്‍. അതാണ് സച്ചിന്‍ ബേബി. 30 ലക്ഷം രൂപയ്ക്കാണ് താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാകുന്നത്.
മറ്റേത് മേഖയിലെയും പോലെ ക്രിക്കറ്റിലും കഴിവ് മാത്രം പോര, മുന്നേറണമെങ്കില്‍ ഭാഗ്യം കൂടി വേണം. സച്ചിന്‍ ബേബി എന്തുകൊണ്ട് ദേശീയ ടീമിന്റെ ഭാഗമായില്ല എന്ന് ചോദിച്ചാല്‍ ‘നിര്‍ഭാഗ്യം’ എന്ന ഒറ്റവാക്കില്‍ ആ ഉത്തരം ചുരുക്കാം.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. അതും ഒരു ഒന്നൊന്നര തിരിച്ചുവരവ്. ആദ്യം സച്ചിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് രാജസ്ഥാന്‍ റോയല്‍സ്. അതും 2013ല്‍. എന്നാല്‍ മിക്ക മത്സരങ്ങളിലും ഗാലറിയിലിരുന്ന് കളി കാണാനായിരുന്നു വിധി. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക്. 11 കളികളില്‍ നിന്ന് നേടിയത് 119 റണ്‍സ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സൈന്‍ ചെയ്തു. 2021ല്‍ വീണ്ടും ആര്‍സിബിയിലേക്ക്. പിന്നീട് മൂന്ന് വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം തനിക്ക് ഒട്ടും അപരിചിതമല്ലാത്ത സണ്‍റൈസേഴ്‌സ് ക്യാമ്പിലേക്ക് സച്ചിന്റെ തിരിച്ചുവരവ്.
പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്‍മാരായ ‘ഏരീസ് കൊല്ലം സെയിലേഴ്‌സി’ന്റെ ‘കപ്പിത്താനാ’യിരുന്നു സച്ചിന്‍. 528 റണ്‍സുമായി ലീഗിലെ ടോപ് സ്‌കോററായത് സച്ചിനായിരുന്നു. ഫൈനലിലടക്കം താരം തിളങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലാണ് താരം. എന്തിന് ഏറെ പറയുന്നു ! ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോലും കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 25 പന്തില്‍ 40 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഐപിഎല്ലില്‍ സച്ചിനും കൂടി എത്തുന്നതോടെ, ലീഗിലെ മലയാളി പ്രാതിനിധ്യം മൂന്നായി. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്‌സ് താരം വിഷ്ണു വിനോദ് എന്നിവരാണ് ഇതിനകം ഐപിഎല്ലില്‍ എത്തിയവര്‍. ഇന്നലെ നടന്ന താരലേലത്തിലാണ് വിഷ്ണു പഞ്ചാബിലെത്തിയത്. 95 ലക്ഷം രൂപയ്ക്കാണ് താരം പഞ്ചാബ് ടീമിലെത്തിയത്.