IPL Auction 2025 : താരലേലത്തിൽ രജിസ്റ്റർ ചെയ്ത് ഇറ്റലിയിൽ നിന്നുള്ള താരം; ലേലത്തീയതിയും വേദിയും പുറത്ത്
IPL Auction 2025 Will Be Held At Jeddah : ഐപിഎൽ 2025 സീസണിലേക്കുള്ള താരലേലത്തിൻ്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ബിസിസിഐ. ഇത്തവണ ലേലത്തിൽ ഇറ്റലിയിൽ നിന്നുള്ള ഒരു താരവും രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.
വരുന്ന ഐപിഎൽ സീസണിലേക്കുള്ള താരലേലത്തിൻ്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ബിസിസിഐ. ഈ മാസം 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചാണ് ലേലം നടക്കുക. ഇക്കാര്യം ഐപിഎൽ ഫ്രാഞ്ചൈസികളെയടക്കം ബിസിസിഐ അറിയിച്ചു. താരലേലത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ നാല് ആയിരുന്നു. ലേലത്തിൽ ഇത്തവണ ഇറ്റലിയിൽ നിന്നുള്ള ഒരു താരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐപിഎൽ ലേലത്തിൽ ആകെ 1574 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളുമുണ്ട്. ഇതിൽ 320 പേർ രാജ്യാന്തര താരങ്ങളാണ്. 1224 പേർ ഇതുവരെ രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 30 താരങ്ങളും ലേലത്തിൽ രജിസ്റ്റർ ചെയ്തു. രാജ്യാന്തര താരങ്ങളിൽ 48 പേർ ഇന്ത്യക്കാരാണ്. 272 പേർ വിദേശികൾ. മുൻപുള്ള ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള അൺകാപ്പ്ഡ് ഇന്ത്യൻ താരങ്ങളുടെ എണ്ണം 152ഉം അൺകാപ്പ്ഡ് വിദേശ താരങ്ങളുടെ എണ്ണം മൂന്നും ആണ്. ആകെ അൺകാപ്പ്ഡ് ഇന്ത്യൻ താരങ്ങളുടെ എണ്ണം 965 ആണ്. അൺകാപ്പ്ഡ് വിദേശതാരങ്ങൾ 104.
Also Read : IPL 2025 Auction: താരലേലത്തിലെ പൂഴിക്കടകൻ; റൈറ്റ് ടു മാച്ച് അഥവാ ആർടിഎം നിയമത്തെപ്പറ്റി അറിയാം
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഏറ്റവുമധികം വിദേശ താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 96 പേർ. തൊട്ടുപിന്നാലെ ഓസ്ട്രേലിയ. 76 പേർ. 52 താരങ്ങൾ രജിസ്റ്റർ ചെയ്ത ഇംഗ്ലണ്ടാണ് മൂന്നാമത്. ന്യൂസീലൻഡ് (39), വെസ്റ്റ് ഇൻഡീസ് (33), അഫ്ഗാനിസ്ഥാൻ (29), ശ്രീലങ്ക (29), ബംഗ്ലാദേശ് (13), നെതർലൻഡ്സ് (12), യുഎസ്എ (10), അയർലൻഡ് (9), സിംബാബ്‌വെ (8), കാനഡ (4), സ്കോട്ട്ലൻഡ് (2), യുഎഇ (1), ഇറ്റലി (1) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങൾ. 25 താരങ്ങളെയാണ് ഒരു ടീമിന് പരമാവധി ടീമിൽ എടുക്കാനാവുക. ലേലത്തിലാകെ 204 സ്ലോട്ടുകൾ ബാക്കിയുണ്ട്.
എല്ലാ ഫ്രാഞ്ചൈസികൾക്കും റിട്ടൻഷൻ ഉൾപ്പെടെ 120 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. ഇതിൽ പഞ്ചാബ് കിംഗ്സിനാണ് ഏറ്റവുമധികം തുക ബാക്കിയുള്ളത്. 110.5 കോടി. വെറും രണ്ട് താരങ്ങളാണ് പഞ്ചാബിൽ ബാക്കിയുള്ളത്. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് വെറും 41 കോടിയുമായാണ് ലേലത്തിലെത്തുക. രാജസ്ഥാനാണ് ഏറ്റവും കുറവ് തുക ബാക്കിയുള്ള ടീം. ആറ് താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയത്.