IPL Auction 2025: പ്രായം വെറും 18 വയസ്, അല്ലാഹ് ഗസന്‍ഫറിനായി മുംബൈ മുടക്കിയത് 4.8 കോടി ! അഫ്ഗാനിലെ ഈ ‘അത്ഭുത’ താരത്തെക്കുറിച്ചറിയാം
Who Is Allah Ghazanfar: കഴിഞ്ഞ തവണ ഐപിഎല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലും ഗസന്‍ഫര്‍ ഭാഗമായി. പരിക്കേറ്റ മറ്റൊരു അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാന് പകരമായായിരുന്നു രംഗപ്രവേശം. എങ്കിലും ആ സീസണില്‍ ഒരു മത്സരത്തിലും കളിക്കാന്‍ ഗസന്‍ഫറിന് സാധിച്ചില്ല
ചിലപ്പോള്‍ വമ്പന്‍മാര്‍ വീഴും, കുഞ്ഞന്‍മാര്‍ക്ക് ഡിമാന്‍ഡേറും. ഐപിഎല്‍ താരലേലം അങ്ങനെയാണ്. ഒരുപക്ഷേ, അമ്പരപ്പിച്ചേക്കാം, അത്ഭുതമുളവാക്കിയേക്കാം. അത്തരത്തിലൊരു കാഴ്ച ഇത്തവണത്തെ താരലേലത്തിലുമുണ്ടായി. 18കാരനായ സ്പിന്നറെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചെസികള്‍ കഠിനപ്രയത്‌നം നടത്തുന്ന കാഴ്ച. ആ താരം ആരെന്നല്ലേ ? അതാണ് അല്ലാഹ് ഗസന്‍ഫര്‍. പ്രായം 18 വയസ്. സ്വദേശം അഫ്ഗാനിസ്ഥാന്‍.
4.8 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തട്ടകത്തിലേക്കാണ് ഗസന്‍ഫര്‍ പോകുന്നത്. ഗസന്‍ഫറിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂടി രംഗത്തെത്തിയപ്പോള്‍ പോര് മുറുകി. ഒടുവില്‍ മുംബൈ കൊണ്ടുപോയി.
കോടികള്‍ മുടക്കിയത് വെറുതെയല്ല
എന്തുകൊണ്ടാണ് ഗസന്‍ഫറിന് ഇത്ര ഡിമാന്‍ഡേറുന്നത് എന്നായിരിക്കും ചോദ്യം. അതിനുള്ള ഉത്തരം ഏറ്റവും നന്നായി അറിയാവുന്നത് ബംഗ്ലാദേശിനായിരിക്കും. ആരാണ് ഗസന്‍ഫറെന്ന് ചോദിച്ചാല്‍, ‘ഓര്‍മ്മിപ്പിക്കല്ലേ, പൊന്നേ…’ എന്നായിരിക്കും ബംഗ്ലാദേശ് താരങ്ങളുടെ മറുപടി.
അടുത്തിടെ സമാപിച്ച ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയിലാണ് ഗസന്‍ഫറിന്റെ കളിമികവ് ലോകക്രിക്കറ്റ് കൂടുതല്‍ അടുത്തറിയുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ താരം വീഴ്ത്തിയത് ആറു വിക്കറ്റുകള്‍. ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി അഫ്ഗാന്‍ സ്വന്തമാക്കിയത് 92 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പ്രകടനവൈഭവം കൊണ്ട് ലോകക്രിക്കറ്റിനെ അതിശയിപ്പിച്ച ഈ 18കാരന്‍ ഓഫ് ബ്രൈക്ക് ബൗളരെ ആരാധകര്‍ വിളിച്ചു, ‘മിസ്റ്ററി സ്പിന്നര്‍’ എന്ന് !
ഫാസ്റ്റ് ബൗളറായാണ് ഗസന്‍ഫര്‍ കരിയര്‍ തുടങ്ങിയത്. ഒരു പക്ഷേ, സാധാരണ ബൗളറായി വിരാമം കുറിച്ചേക്കാവുന്ന കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത് മുന്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ ദൗലത്ത് അഹമ്മദ്‌സായിയാണ്. സ്പിന്നറെന്ന നിലയില്‍ ഗസന്‍ഫറില്‍ ഒളിച്ചിരുന്ന ‘അസാധാരണത്വം’ അഹമ്മദ്‌സായി കണ്ടെത്തി. അങ്ങനെ താരം സ്പിന്നറായി.
2024 ലെ അണ്ടർ 19 ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തി ഗസന്‍ഫര്‍ വാര്‍ത്താ തലക്കെട്ടുകളിൽ ഇടം നേടി. എമർജിംഗ് ഏഷ്യാ കപ്പ് കിരീടം നേടിയ അഫ്ഗാന്‍ ടീമിലും താരമുണ്ടായിരുന്നു. ഫൈനലില്‍ ശ്രീലങ്ക എയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗസന്‍ഫറായിരുന്നു കളിയിലെ താരം.
കഴിഞ്ഞ തവണ ഐപിഎല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലും ഗസന്‍ഫര്‍ ഭാഗമായി. പരിക്കേറ്റ മറ്റൊരു അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാന് പകരമായായിരുന്നു രംഗപ്രവേശം. എങ്കിലും ആ സീസണില്‍ ഒരു മത്സരത്തിലും കളിക്കാന്‍ ഗസന്‍ഫറിന് സാധിച്ചില്ല. ക്രിക്കറ്റ് കരിയറില്‍ മുംബൈ ഇന്ത്യന്‍സിലൂടെ പുതിയ അധ്യായം തുടങ്ങുകയാണ് ഈ 18കാരന്‍. ഗസന്‍ഫറിന്റെ മിസ്റ്ററിയില്‍ ആരൊക്കെ വീഴുമെന്ന് കണ്ടറിയാം.
ഒരു അഫ്ഗാന്‍ താരം കൂടി
ഐപിഎല്ലിലെ അഫ്ഗാന്‍ താരങ്ങളുടെ പട്ടികയിലേക്ക് ഗസന്‍ഫറിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടുകയാണ്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് നബി, റഹ്‌മാനുല്ല ഗുര്‍ബാസ്, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുല്ല ഒമര്‍സായി, ഫസല്‍ഹഖ് ഫറൂഖി, ഗുല്‍ബാദിന്‍ നായിബ് തുടങ്ങിയവര്‍ നേരത്തെയും ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്.