5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mallika Sagar: ലേലം ഒരു വശത്ത് തകര്‍ക്കട്ടെ, കോടികളുടെ താരലേലം നിയന്ത്രിക്കുന്ന മല്ലികാ സാഗറിനെക്കുറിച്ച് അറിയണ്ടേ ?

who is mallika sagar ? 2023 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഐപിഎല്‍ ലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. സമചിത്തതയോടെ ലേലം നിയന്ത്രിച്ചും, അസാധാരണമായ വൈദഗ്ധ്യം കൊണ്ടും ലേലരംഗത്ത് അങ്ങനെ മല്ലിക വ്യക്തിമുദ്ര പതിപ്പിച്ചു.

Mallika Sagar: ലേലം ഒരു വശത്ത് തകര്‍ക്കട്ടെ, കോടികളുടെ താരലേലം നിയന്ത്രിക്കുന്ന മല്ലികാ സാഗറിനെക്കുറിച്ച് അറിയണ്ടേ ?
mallika sagar (image credits: social media)
jayadevan-am
Jayadevan AM | Updated On: 24 Nov 2024 20:09 PM

ക്രിക്കറ്റ് ഒരു മതമായി കാണുന്ന രാജ്യത്ത് അതുമായി ബന്ധപ്പെട്ട എന്തും ആവേശമാണ്. ക്രിക്കറ്റ് അത് ഏത് ഫോര്‍മാറ്റിലുള്ളതാണെങ്കിലും ആര്‍പ്പുവിളികള്‍ ഉയരും, കരഘോഷം മുഴങ്ങും. ഐപിഎല്ലിന്റെ അടുത്ത സീസണിന് കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

എന്നാല്‍ മത്സരം കാണുന്നത്ര ആവേശത്തോടെയാണ് ആരാധകര്‍ താരലേലം വീക്ഷിക്കുന്നത്. കോടിക്കണക്കിന് പേര്‍ നെഞ്ചിലേറ്റുന്ന താരലേലം നിയന്ത്രിക്കുന്നത് ഇത്തവണയും ഒരു പെണ്‍പുലിയാണ്. പേര് മല്ലിക സാഗര്‍. ചുരുക്കിപ്പറഞ്ഞാല്‍ എത്ര കോടികള്‍ പഴ്‌സിലുണ്ടെങ്കിലും, എത്ര ആവേശത്തോടെ ഫ്രാഞ്ചെസികള്‍ ലേലത്തില്‍ പങ്കെടുത്താലും, താരങ്ങള്‍ ഏതൊക്കെ ടീമിലെത്തിയെന്ന അന്തിമ തീരുമാനം മല്ലിക പറയണമെന്ന് ചുരുക്കം.

ഐപിഎല്‍ ലേലത്തിലേക്ക്‌

നേരത്തെ വനിതാ പ്രീമിയര്‍ ലീഗിന്റെ ലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. ഹ്യൂഗ് എഡ്മീഡിന് പകരമായാണ് വനിതാ പ്രീമിയര്‍ ലീഗ് നിയന്ത്രിക്കാന്‍ മല്ലികയെത്തിയത്. എഡ്മീഡ്‌സിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താകാം ലേലം നിയന്ത്രിക്കാന്‍ പുതിയ ആളെ തിരയാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ആ അന്വേഷണം മല്ലികയില്‍ എത്തിനില്‍ക്കുകയായിരുന്നു. 2019 മുതല്‍ 2022 വരെ ലേലം നിയന്ത്രിച്ച എഡ്മീഡ്‌സിന്റെ പിന്‍ഗാമിയായി മല്ലിക അങ്ങനെ ഐപിഎല്ലിന്റെ ഭാഗമായി.

2023 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഐപിഎല്‍ ലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. സമചിത്തതയോടെ ലേലം നിയന്ത്രിച്ചും, അസാധാരണമായ വൈദഗ്ധ്യം കൊണ്ടും ലേലരംഗത്ത് അങ്ങനെ മല്ലിക വ്യക്തിമുദ്ര പതിപ്പിച്ചു.

റിച്ചാര്‍ഡ് മാഡ്‌ലി, ഹ്യൂഗ് എഡ്മീഡ്‌സ്, ചാരു ശര്‍മ തുടങ്ങിയവരായിരുന്നു നേരത്തെ ഐപിഎല്‍ താരലേലം നിയന്ത്രിച്ചിരുന്നത്. സാധാരണയായി പുരുഷന്മാര്‍ മാത്രം അരങ്ങുവാണിരുന്ന ലേലരംഗത്ത് പരമ്പരാഗത വേലിക്കെട്ടുകള്‍ തകര്‍ത്ത് കൊണ്ടായിരുന്നു മല്ലികയുടെ രംഗപ്രവേശം. ലേലത്തിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ, അതിനോട് നീതി പുലര്‍ത്താന്‍ ഈ 49കാരിക്ക് അന്നും ഇന്നും സാധിച്ചു. ലേലരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്ത് മല്ലികയ്ക്കുണ്ട്. ഐപിഎല്ലിനും വനിതാ പ്രീമിയര്‍ ലീഗിനും മുമ്പ് പ്രോ കബഡി ലീഗിന്റെ എട്ടാം പതിപ്പിലും മല്ലിക ലേലം നടത്തിയിരുന്നു.

26-ാം വയസില്‍ ആരംഭിച്ച കരിയര്‍

ലേലരംഗത്ത് 2001ല്‍ 26-ാം വയസില്‍ ക്രിസ്റ്റീസില്‍ ആരംഭിച്ച കരിയറാണ് ഇപ്പോള്‍ ജിദ്ദയില്‍ എത്തിനില്‍ക്കുന്നത്. ക്രിസ്റ്റീസിലെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ലേലക്കാരിയായിരുന്നു മല്ലികയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുംബൈ ആസ്ഥാനമായുള്ള ആര്‍ട്ട് കളക്ടറായിരുന്നു പണ്ട് മല്ലിക. മോഡേണ്‍, കണ്ടംപററി ഇന്ത്യന്‍ ആര്‍ട്ടായിരുന്നു അവരുടെ മേഖല. ആര്‍ട്ട് ഇന്ത്യ കണ്‍സള്‍ട്ടിന്റെ പങ്കാളി കൂടിയായിരുന്നു മല്ലികയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള പ്രശസ്ത ആര്‍ട്ട് ഗാലറിയായ പണ്ടോള്‍സില്‍ മല്ലിക ലേലം നടത്തിയിട്ടുണ്ട്.

മുംബൈ സ്വദേശിനിയായ മല്ലിക സാഗറിന് ചെറുപ്പം മുതലേ ലേലരംഗത്ത് താല്‍പര്യമുണ്ടായിരുന്നു. ഒരു ബിസിനസ് കുടുംബത്തില്‍ ജനനം. യുഎസ്എയിലെ ഫിലാഡല്‍ഫിയയിലുള്ള ബ്രൈന്‍ മാവര്‍ കോളേജില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ ബിരുദം നേടി. 125 മില്യണ്‍ ഡോളറാ(ഏകദേശം 126 കോടി രൂപ)ണ് മല്ലികയുടെ ആസ്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.