Vaibhav Suryavanshi: തനിക്കായി സ്ഥലം വിറ്റ പിതാവിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന വൈഭവ് സൂര്യവന്‍ശി; സ്വപ്‌നനേട്ടത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിലെ കുട്ടിതാരം വിവാദക്കുരുക്കില്‍
Vaibhav Suryavanshi Age Controversy: പ്രായത്തിന്റെ പേരില്‍ വൈഭവ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വൈഭവിന് 15 വയസുണ്ടെന്ന തരത്തിലാണ് വിവാദം കൊഴുക്കുന്നത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ബിഹാര്‍ സ്വദേശി വൈഭവ് സൂര്യവന്‍ശി സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനം 1.10 കോടി രൂപയ്ക്കാണ് ഈ 13കാരനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്.
നിലവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പിനായി ദുബായിലാണ് താരമുള്ളത്. പല താരങ്ങളെയും പോലെ യാതനകള്‍ നിറഞ്ഞതായിരുന്നു വൈഭവിന്റെയും യാത്ര. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി സ്വന്തം കൃഷിഭൂമി പോലും വില്‍ക്കാന്‍ പിതാവ് സഞ്ജീവ് സൂര്യവന്‍ശി തയ്യാറായി.
വൈഭവ് ഇപ്പോള്‍ തന്റെ മാത്രം പുത്രനല്ല, ബിഹാറിന്റെ കൂടി മകനാണെന്ന് സഞ്ജീവ് പിടിഐയോട് പ്രതികരിച്ചു. മകനായി ഭൂമി വിറ്റിരുന്നുവെന്നും, ഇപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്‍ കഠിനാധ്വാനിയാണെന്നും സഞ്ജീവിന്റെ വാക്കുകള്‍.
പ്രായത്തില്‍ വിവാദം
പ്രായത്തിന്റെ പേരില്‍ വൈഭവ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വൈഭവിന് 15 വയസുണ്ടെന്ന തരത്തിലാണ് വിവാദം കൊഴുക്കുന്നത്. 2023 ഏപ്രിലിൽ ബിഎൻഎൻ ന്യൂസ് ബെനിപ്പട്ടി അപ്‌ലോഡ് ചെയ്ത അഭിമുഖമാണ് വിവാദത്തിന് ആധാരം. ആ വര്‍ഷം സെപ്തംബറില്‍ തനിക്ക് 14 വയസ് തികയുമെന്ന് താരം പറയുന്നുണ്ടെന്നും, അതുപ്രകാരം ഇപ്പോള്‍ 15 വയസ് തികഞ്ഞിട്ടുണ്ടാകുമെന്നുമാണ് ചിലരുടെ വാദം.
വിവാദങ്ങളിലെ സത്യാവസ്ഥ വ്യക്തമല്ല. എന്തായാലും, ഐപിഎല്‍ ലേലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രായം കുറഞ്ഞ വ്യക്തിയുടെ റെക്കോഡ് വൈഭവിന് സ്വന്തമാണ്. 2019ല്‍ ആര്‍സിബിയിലെത്തിയ പ്രയാസ് റേ ബര്‍മനായിരുന്നു ഇതിന് മുമ്പ് ആ റെക്കോഡ് സ്വന്തമാക്കിയ താരം. പ്രയാസിന് അന്ന് 16 വയസായിരുന്നു.
പരിശോധനകള്‍ക്ക് തയ്യാര്‍
പ്രായം തെളിയിക്കാൻ ആവശ്യമായ പരിശോധനകൾക്ക് വിധേയനാകാനും ആവശ്യമെങ്കിൽ ആശയക്കുഴപ്പം അവസാനിപ്പിക്കാനും തയ്യാറാണെന്ന് വൈഭവിന്റെ പിതാവ് സഞ്ജീവ് പറഞ്ഞു. എട്ടര വയസുള്ളപ്പോള്‍ ബിസിസഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. തങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിലേക്ക്
30 ലക്ഷമായിരുന്നു ലേലത്തില്‍ വൈഭവിന്റെ അടിസ്ഥാനത്തുക. എന്നാല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും പോര്‍മുഖം തുറന്നതോടെ തുക 1.10 കോടിയിലേക്ക് ഉയരുകയായിരുന്നു. ഒടുവില്‍ വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ നേരത്തെ നാഗ്പൂരില്‍ ട്രയല്‍സിന് വിളിച്ചിരുന്നുവെന്നും സഞ്ജീവ് വെളിപ്പെടുത്തി.
ഒരു ഓവറില്‍ 17 റണ്‍സെടുക്കണമെന്നായിരുന്നു ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തൂറിന്റെ നിര്‍ദ്ദേശം. വൈഭവ് മൂന്ന് സിക്‌സടിച്ചു. ട്രയല്‍സിലാകെ എട്ട് സിക്‌സറും നാലു ഫോറുമടിച്ചെന്നും താരത്തിന്റെ പിതാവ് പറയുന്നു. ഈ പ്രകടനമികവാണ് വൈഭവിനെ രാജസ്ഥാനിലെത്തിച്ചതും.