IPL 2025 Auction : അതികായന്മാര്‍ ഇല്ലാത്ത ഐപിഎല്‍, ‘ഫാബ്4’ല്‍ കോലി തനിച്ച്
Fab 4 Virat Kohli Ipl: ഐപിഎല്‍ താരലേലം ജിദ്ദയില്‍ കൊഴുക്കുമ്പോള്‍ ഫാബ് ഫോറും ചര്‍ച്ചയാവുകയാണ്. പ്രകടനവൈഭവം കൊണ്ട് ഫാബ് 4ല്‍ എത്തി, ലോകക്രിക്കറ്റിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നവരില്‍, വിരാട് കോലി മാത്രമാണ് ഇത്തവണ ഐപിഎല്ലിനുണ്ടാവുക
വര്‍ത്തമാന ക്രിക്കറ്റിലെ ചര്‍ച്ചകളില്‍ ഭൂരിഭാഗവും ‘ഫാബുലസ് ഫോറി’നെ (ഫാബ്4)നെ കേന്ദ്രീകരിച്ചാകും. എന്താണ് ഫാബ് 4 എന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാപ്പാഠമാണ്. വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരടങ്ങുന്ന ചെറിയ എന്നാല്‍ വലിയ മാനങ്ങളുള്ള പട്ടിക.
ഐപിഎല്‍ താരലേലം ജിദ്ദയില്‍ കൊഴുക്കുമ്പോള്‍ ഫാബ് ഫോറും ചര്‍ച്ചയാവുകയാണ്. പ്രകടനവൈഭവം കൊണ്ട് ഫാബ് 4ല്‍ എത്തി, ലോകക്രിക്കറ്റിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നവരില്‍, വിരാട് കോലി മാത്രമാണ് ഇത്തവണ ഐപിഎല്ലിനുണ്ടാവുക.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മാത്രം കളിച്ചിട്ടുള്ള താരമാണ് കോലി. ഇത്തവണ താരത്തെ ടീം ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുകയും ചെയ്തു. കോലിയെ കൂടാതെ രജത് പടിദാര്‍, യാഷ് ദയാല്‍ എന്നിവരെയും നിലനിര്‍ത്തിയിരുന്നു. 21 കോടിയാണ് കോലിയുടെ പ്രതിഫലം.
വിവിധ സീസണുകളില്‍ ആര്‍സിബിയെ നയിച്ചിട്ടുള്ള താരമാണ് കോലി. പിന്നീട് ക്യാപ്റ്റന്‍സി ഒഴിഞ്ഞു. പിന്നീട് ഫാഫ് ഡു പ്ലെസിസ് ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. എന്നാല്‍ ഇത്തവണ ഡു പ്ലെസിസ് ആര്‍സിബിയില്‍ ഇല്ല. ക്യാപ്റ്റന്‍സി മെറ്റീരിയലായി ഇതുവരെ ആര്‍സിബി ആരെയും കണ്ടുവെച്ചിട്ടുമില്ല. കോലി വീണ്ടും ആര്‍സിബി ക്യാപ്റ്റനാകാനാണ് സാധ്യതയേറെയും. ഇത് ഫാബ്4ലെ കോലിയുടെ കഥ.
ജോ റൂട്ട് താരലേലത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂള്‍ മൂലം വിശ്രമം അനിവാര്യമായതിനാലാണ് റൂട്ട് ലേലത്തില്‍ പങ്കെടുക്കാത്തതത്രേ. റൂട്ട് സ്വയം പിന്മാറിയതാണെങ്കില്‍ വില്യംസണിന്റെയും, സ്മിത്തിന്റെയും കാര്യം അങ്ങനെയല്ല.
ലേലത്തില്‍ ഇരുവര്‍ക്കുമായി ഒരു ഫ്രാഞ്ചെസി പോലും രംഗത്തെത്തിയില്ല. രണ്ട് കോടിയായിരുന്നു സ്മിത്തിന്റെ അടിസ്ഥാന തുക. വിവിധ സീസണുകളിലായി നിരവധി ഫ്രാഞ്ചെസികളുടെ ഭാഗമായിട്ടുണ്ട് താരം. ക്യാപ്റ്റനുമായിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്മിത്ത് അണ്‍സോള്‍ഡായി. 2021ലാണ് സ്മിത്ത് അവസാനം ഐപിഎല്‍ കളിച്ചത്.
വില്യംസണിന്റെയും കാര്യവും സമാനമാണ്. സ്മിത്തിനെ പോലെ രണ്ട് കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന താരം. മുമ്പ് സണ്‍റൈസേഴ്‌സ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. വില്യംസണ്‍ അവസാനം ഐപിഎല്‍ കളിച്ചത് ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയാണ്. പക്ഷേ, ഇത്തവണ വില്യംസണും ആവശ്യക്കാരെത്തിയില്ല. സ്മിത്തിന്റെയും വില്യംസണിന്റെയും ബാറ്റിങ് ശൈലി കുട്ടിക്രിക്കറ്റിന് അനുയോജ്യമല്ലാത്തതാകാം കാരണം. പലപ്പോഴും പരിക്കിന്റെ പിടിയിലാകുന്നതും വില്യംസണ് തിരിച്ചടിയായി.