IPL 2025 Auction : ‘ആശാനേ, നന്ദിയുണ്ട്’; വിൽ ജാക്ക്സിൽ ആർടിഎം ഉപയോഗിക്കാതിരുന്ന ആർസിബിയോട് നന്ദി അറിയിച്ച് ആകാശ് അംബാനി
IPL 2025 Auction Akash Ambani : വിൽ ജാക്ക്സിൽ ആർടിഎം കാർഡ് ഉപയോഗിക്കാതിരുന്ന ആർസിബി മാനേജ്മെൻ്റിനോട് നന്ദി അറിയിച്ച് മുംബൈ ഇന്ത്യൻസ് ചെയർമാൻ ആകാശ് അംബാനി. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇത്തവണ ലേലത്തിലെ ഏറ്റവും രസകരമായ ഒരു മൊമൻ്റായിരുന്നു വിൽ ജാക്ക്സിൻ്റേത്. 5.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറെ ടീമിലെത്തിച്ചത്. ജാക്ക്സിനായി പഞ്ചാബും ശ്രമിച്ചെങ്കിലും മുംബൈ വിട്ടുകൊടുത്തില്ല. ഒടുവിൽ അഞ്ചേകാൽ കോടി രൂപയ്ക്ക് ജാക്ക്സ് മുംബൈയിൽ. ഇതിന് ശേഷം നടന്നതാണ് രസകരമായത്.
വിൽ ജാക്ക്സ് കഴിഞ്ഞ സീസണിൽ ആർസിബിയുടെ താരമായിരുന്നു. ആർസിബിയ്ക്കായി വിസ്ഫോടനാത്മക പ്രകടനങ്ങൾ കാഴ്ചവച്ച താരം ഒരു സെഞ്ചുറിയടക്കം നേടിയിരുന്നു. ടോപ്പ് ഓർഡറിൽ തകർപ്പൻ ബാറ്റർ എന്നതിനപ്പുറം മോശമല്ലാത്ത ഓഫ് സ്പിന്നർ കൂടിയാണ് താരം. അതുകൊണ്ട് തന്നെ ജാക്ക്സിനായി ആർസിബി ആർടിഎം കാർഡ് ഉപയോഗിക്കുമെന്ന് എല്ലാവരും കരുതി. ആരാധകരും മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമൊക്കെ ഇതാണ് പ്രതീക്ഷിച്ചത്. എന്നാൽ, ആർടിഎം ഉപയോഗിക്കുന്നില്ലെന്ന് ആർസിബി അറിയിച്ചു. ഇതോടെ ജാക്ക്സ് മുംബൈയിലേക്ക്.
ഇതോടെ മുംബൈ ടേബിളിൽ നിന്ന് എഴുന്നേറ്റ ആകാശ് അംബാനി ആർസിബി ടേബിളിനരികിലേക്ക് നടന്നു. ജാക്ക്സിനായി ആർടിഎം ഉപയോഗിക്കാതിരുന്ന ആർസിബി മാനേജ്മെൻ്റിനോട് ആകാശ് നന്ദി അറിയിക്കുകയും ചെയ്തു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Akash Ambani hugging RCB management after not deciding to RTM for Will Jacks 👀#IPL2025 #RCBAuction #IPLAuction2025 #IPLRetention2025 pic.twitter.com/TmK9UyhmQR
— Mr StarK 🕶️ (@playlikebatman) November 25, 2024
ഭേദപ്പെട്ട ടീമിനെയാണ് മുംബൈ വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടണെ ഒരു കോടി രൂപയ്ക്കും ഝാർഖണ്ഡിൻ്റെ ക്രിസ് ഗെയിൽ എന്നറിയപ്പെടുന്ന റോബിൻ മിൻസിനെ 65 ലക്ഷം രൂപയ്ക്കും മുംബൈ സ്വന്തമാക്കി. 5.25 കോടി രൂപയ്ക്ക് നമൻ ധിറിനെ തിരികെയെത്തിച്ച അവർ മിച്ചൽ സാൻ്റ്നറെ 2 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. അഫ്ഗാൻ്റെ സ്പിൻ മാന്ത്രികൻ അല്ലാഹ് ഗസൻഫർ 4.8 കോടി രൂപയ്ക്ക് ടീമിലെത്തിയപ്പോൾ 12.5 കോടി രൂപയ്ക്ക് ട്രെൻ്റ് ബോൾട്ടിനെ തിരികെയെത്തിക്കാൻ മുംബൈക്ക് സാധിച്ചു. ദീപക് ചഹാർ (9.25 കോടി), റീസ് ടോപ്‌ലേ (75 ലക്ഷം), കരൺ ശർമ്മ (50 ലക്ഷം) എന്നിവരും മുംബൈയിലാണ്.
Also Read : IPL 2025 Auction : പതുങ്ങിയിരുന്ന് കിടിലൻ ടീം അണിയിച്ചൊരുക്കി ആർസിബി; ഈ സാല കപ്പെങ്കിലും?
ഇനി എട്ട് സ്ലോട്ടുകളും 2.45 കോടി രൂപയുമാണ് മുംബൈയിൽ അവശേഷിക്കുന്നത്. ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബൈ റിട്ടെയ്ൻ ചെയ്തത്.
ആർസിബി മികച്ച ടീമിനെ വിളിച്ചെടുത്തു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിനെ 11.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ആർസിബി ലിയാം ലിവിങ്സ്റ്റണെ 8.75 കോടി രൂപയ്ക്കും സ്വന്തമാക്കി. ജോഷ് ഹേസൽവുഡ് (12.5 കോടി), ഭുവനേശ്വർ കുമാർ (10.75 കോടി) എന്നിവരെയും ആർസിബി വിളിച്ചെടുത്തു. റാസിഖ് ദർ സലാമിനെ വെറും ആറ് കോടി രൂപയ്ക്കും സുയാഷ് ശർമ്മയെ വെറും 2.6 കോടി രൂപയ്ക്കുമാണ് ആർസിബി സ്വന്തമാക്കിയത്. കൃണാൽ പാണ്ഡ്യ (5.75 കോടി), ടിം ഡേവിഡ് (3 കോടി), ജേക്കബ് ബെതൽ (2.6 കോടി), റൊമാരിയോ ഷെപ്പേർഡ് (ഒന്നരക്കോടി), ജിതേഷ് ശർമ്മ (11 കോടി) എന്നിവരാണ് ആർസിബിയിലെത്തിയ മറ്റ് പ്രധാന താരങ്ങൾ.
ഇനി എട്ട് സ്ലോട്ടുകളും 4.65 കോടി രൂപയുമാണ് ആർസിബിയിൽ അവശേഷിക്കുന്നത്. വിരാട് കോലി, യഷ് ദയാൽ, രജത് പാടിദാർ എന്നിവരാണ് ആർസിബി നിലനിർത്തിയത്.