5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025 : വേണ്ടത് ഒരു ഫുൾ ബൗളിംഗ് യൂണിറ്റ്; കയ്യിലുള്ളത് ആകെ 41 കോടി രൂപ; ലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്ലാൻ എന്താവും?

IPL Auction 2025 Rajasthan Royals : ഐപിഎൽ ലേലത്തിൽ ഏറ്റവും കുറവ് പഴ്സുമായെത്തുന്ന രാജസ്ഥാൻ റോയൽസിന് ലേലത്തിൽ നല്ല ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്നത് ഹെർക്കൂലിയൻ ടാസ്കാണ്. എങ്ങനെയാവും രാജസ്ഥാൻ്റെ തിങ്ക് ടാങ്ക് ഈ പ്രതിസന്ധിയെ മറികടക്കുക എന്നത് ഏറെ കൗതുകമാവും. കോർ ടീമിനെ നിലനിർത്താൻ മാനേജ്മെൻ്റ് ശ്രമിക്കുമെങ്കിലും അത് വിജയിച്ചേക്കില്ല.

IPL Auction 2025 : വേണ്ടത് ഒരു ഫുൾ ബൗളിംഗ് യൂണിറ്റ്; കയ്യിലുള്ളത് ആകെ 41 കോടി രൂപ; ലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്ലാൻ എന്താവും?
രാജസ്ഥാൻ റോയൽസ്
abdul-basith
Abdul Basith | Updated On: 19 Nov 2024 15:42 PM

ഐപിഎൽ മെഗാലേലത്തിലേക്കടുക്കുമ്പോൾ എങ്ങനെയാവും ടീമുകളുടെ ലേലതന്ത്രമെന്നത് വളരെ നിഗൂഢമാണ്. പല തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ടേബിളിൽ ആ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞ് മറ്റ് ഫ്രാഞ്ചൈസികളുണ്ടാവും. ഇത്തവണ ഏറ്റവും കുറവ് പഴ്സ് ബാലൻസുമായി എത്തുന്നത് മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസാണ്. വെറും 41 കോടി രൂപയാണ് രാജസ്ഥാന് ബാക്കിയുള്ളത്. ഈ തുക കൊണ്ട് ഒരു ഫുൾ ബൗളിംഗ് യൂണിറ്റും ഓൾറൗണ്ടർമാരും ബാക്കപ്പ് താരങ്ങളും അടക്കം രാജസ്ഥാന് ടീമിലെത്തിക്കണം. ചുരുങ്ങിയത് 12 താരങ്ങളെങ്കിലും ടീമിലെത്തണം. എന്താവും റോയൽസിൻ്റെ പ്ലാൻ?

Also Read : IPL Auction 2025 : മുംബൈ ലക്ഷ്യംവെക്കുന്ന ഈ മലയാളി താരം ഇതുവരെ കേരളത്തിനായി കളിച്ചിട്ടില്ല; 19കാരൻ ഐപിഎൽ ലേലപ്പട്ടികയിൽ എങ്ങനെ എത്തി?

യൂട്ടിലിറ്റി പ്ലയേഴ്സ്

യൂട്ടിലിറ്റി താരങ്ങളെ ടീമിലെത്തിക്കാനാവും റോയൽസിൻ്റെ ശ്രമം. സന്ദീപ് ശർമ്മയ്ക്കൊപ്പം ഡെത്ത് ഓവർ പങ്കിടാൻ ഒരു ബൗളറെയും പവർ പ്ലേ എറിയാൻ മറ്റൊരു പേസ് ബൗളറെയും അവർ ടീമിലെത്തിക്കും. ഇത് രണ്ടിനും കഴിയുന്ന ഒരു താരമാണ് ടി നടരാജൻ. നടരാജന് ഡെത്ത് ഓവറുകളിലും പവർപ്ലേ ഓവറുകളിലും എറിയാനാവും. നടരാജനെ കിട്ടിയാൽ മറ്റൊരു യൂട്ടിലിറ്റി ബൗളറായ ഖലീൽ അഹ്മദിനെയോ അൻശുൽ കാംബോജിനെയോ ഓസ്ട്രേലിയയുടെ നതാൻ എല്ലിസിനെയോ കൂടി ടീമിലെത്തിച്ച് പേസ് ബൗളിംഗ് യൂണിറ്റ് മെച്ചപ്പെടുത്താം. പവർപ്ലേ മാത്രം പരിഗണിച്ച് ജെയിംസ് ആൻഡേഴ്സണെയും രാജസ്ഥാൻ റോയൽസ് പരിഗണിച്ചേക്കും. സന്ദീപ് വാര്യർ, മോഹിത് ശർമ്മ, ആകാശ് മധ്‌വൾ തുടങ്ങിയ സാധ്യതകളുമുണ്ട്. മറ്റ് മേഖലകൾ പരിഗണിക്കുമ്പോൾ മിച്ചൽ സാൻ്റ്നർ, ഋഷി ധവാൻ തുടങ്ങിയ യൂട്ടിലിറ്റി താരങ്ങൾ വേറെയുമുണ്ട്. ഹൈ പ്രൊഫൈൽ അല്ലാത്ത, ടീമിലേക്ക് അത്യാവശം സംഭാവനകൾ നൽകാൻ കഴിയുന്ന യൂട്ടിലിറ്റി താരങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നം ചില അവസരങ്ങളിൽ ഇവർക്ക് ഡിമാൻഡ് വർധിക്കും എന്നതാണ്. എങ്കിലും ഇത്തരം പ്രൊഫൽ ഉള്ളവരിൽ നിന്ന് ഒന്നോരണ്ടോ പേരെങ്കിലും ടീമിലെത്തിയേക്കും.

കോർ ടീം

രാജസ്ഥാൻ റോയൽസിൻ്റെ സമീപകാല പ്രകടനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ കോർ ടീം തിരികെ ഒരുമിപ്പിക്കാനുള്ള ശ്രമവും മാനേജ്മെൻ്റ് നടത്തിയേക്കും. ട്രെൻ്റ് ബോൾട്ട്, ജോസ് ബട്ട്ലർ, യുസ്‌വേന്ദ്ര ചഹൽ, ആർ അശ്വിൻ എന്നിവരെ തിരികെ എത്തിക്കാനാവും ശ്രമം. ഇതിൽ ബോൾട്ടിനും ബട്ട്ലറിനും ആവശ്യക്കാർ നിരവധിയാവും. പഞ്ചാബ് തന്നെയാവും മുന്നിൽ. ചഹാൽ, അശ്വിൻ എന്നിവർക്ക് ഏറെ ആവശ്യക്കാരുണ്ടാവില്ലെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാന് വെല്ലുവിളി ആയേക്കും. സ്പിന്നർമാരിൽ ഒരാൾക്കെങ്കിലും വേണ്ടി രാജസ്ഥാൻ കിണഞ്ഞുശ്രമിക്കാനാണ് സാധ്യത. ഇവരിൽ ഒരു സ്പിന്നറെ കിട്ടിയാൽ മിച്ചൽ സാൻ്റ്നർ, വാഷിംഗ്ടൺ സുന്ദർ, തനുഷ് കോട്ടിയൻ, വിക്കി ഓസ്‌വാൾ, അല്ലാഹ് ഗസൻഫർ തുടങ്ങിയ സ്പിന്നർമാരിൽ നിന്ന് ഒരാളെ ശ്രമിച്ചേക്കും. ഇതിൽ വാഷിംഗ്ടൺ സുന്ദർ, അല്ലാഹ് ഗസൻഫർ എന്നിവർക്ക് ഉയർന്ന വില ലഭിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ മറ്റ് ഓപ്ഷനുകളിലേക്ക് നീങ്ങണം.

Also Read : IPL 2025: ക്രിക്കറ്റ് പ്രേമികളുടെ ആഘോഷ രാവ്, വരുന്നു ഐപിഎൽ മെ​ഗാ താരലേലം; അറിയേണ്ടതെല്ലാം…

ഓൾറൗണ്ടർ

കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാൻ റോയൽസിൻ്റെ പെർഫക്ട് ടീമിൽ മിസ്സിങ് ആയിരുന്നത് ഒരു നല്ല ഓൾറൗണ്ടറായിരുന്നു. ജേസൻ ഹോൾഡർ, ആർ അശ്വിൻ തുടങ്ങിയവരെ വച്ച് ഈ ഓട്ടയടയ്ക്കാൻ രാജസ്ഥാൻ ശ്രമിച്ചെങ്കിലും അതിൽ കാര്യമായി വിജയിച്ചില്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് സർക്കിളിൽ വിലാസമുള്ള ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ടീമുകൾ നിലനിർത്തി. അതുകൊണ്ട് തന്നെ ഒന്നുകിൽ സ്പിൻ ബൗളിംഗ് ഓൾറൗണ്ടറോ അല്ലെങ്കിൽ വിദേശ പേസ് ബൗളിംഗ് ഓൾറൗണ്ടറോ മാത്രമേ സാധ്യതയുള്ളൂ. വാഷിംഗ്ടൺ സുന്ദറെ കിട്ടിയാൽ ഏറെക്കുറെ ആ ഒഴിവ് അടയും. മിച്ചൽ സാൻ്റ്നറും ഏറെക്കുറെ ആ റോളിൽ ഫിറ്റാണ്. ലഭ്യമായ മറ്റ് ഓൾറൗണ്ടർമാർക്കൊക്കെ ലേലത്തിൽ വലിയ ഡിമാൻഡ് ആയിരിക്കും. കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന മറ്റൊരു ഓപ്ഷനാണ്. ബാറ്റിംഗ് തകർച്ചയുണ്ടാവുമ്പോൾ സക്സേനയ്ക്ക് ലോവർ ഓർഡറിൽ സംഭാവനകൾ നൽകാനാവും. ഋഷി ധവാനിൽ ഇന്ത്യൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ ഓപ്ഷനുണ്ടെന്നത് രാജസ്ഥാൻ റോയൽസിൻ്റെ ബാക്കപ്പ് ഓപ്ഷനായിരിക്കും. കേരളത്തിൻ്റെ തന്നെ അബ്ദുൽ ബാസിത്ത്, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ, വെസ്റ്റ് ഇൻഡീസ് താരം റോമാരിയോ ഷെപ്പേർഡ് തുടങ്ങിയ ഓപ്ഷനുകളുമുണ്ട്. സാം കറന് ചിലപ്പോൾ ഉയർന്ന വില ലഭിച്ചേക്കും.

ബാക്കപ്പ്

ഷോൺ റോജർ അടക്കം പല കേരള താരങ്ങളും രാജസ്ഥാൻ റോയൽസിൽ ട്രയൽസിന് പോയിരുന്നു. കേരളത്തിൽ നിന്ന് മാത്രമല്ല, പല സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ ട്രയൽസിനെത്തി. ഇവരിൽ ചിലരെങ്കിലും റോയൽസിൻ്റെ റഡാറിലുണ്ടാവും. ബാറ്റിംഗ് നിരയിലുടനീളം ബാക്കപ്പുകൾ കണ്ടെത്തേണ്ടതുണ്ട് എന്നതിനാൽ കൂടുതലും ആഭ്യന്തര താരങ്ങളാവും മാനേജ്മെൻ്റിൻ്റെ ചിന്തകളിലുണ്ടാവുക.