5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ

IPL Auction Malayali Players: ഐപിഎല്‍ താരലേലം ജിദ്ദയില്‍ അവസാനിച്ചു. മലയാളി താരങ്ങളില്‍ ആരൊക്കെ, ഏതൊക്കെ ടീമിലെത്തുമെന്ന ആകാംക്ഷയ്ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി

IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
ദേവ്ദത്ത് പടിക്കല്‍ (image credits: social media)
jayadevan-am
Jayadevan AM | Published: 25 Nov 2024 23:58 PM

ജിദ്ദ: ഐപിഎല്‍ താരലേലം ജിദ്ദയില്‍ അവസാനിച്ചു. മലയാളി താരങ്ങളില്‍ ആരൊക്കെ, ഏതൊക്കെ ടീമിലെത്തുമെന്ന ആകാംക്ഷയ്ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രമായിരുന്നു ലേലത്തിന് മുമ്പ് ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയ പട്ടികയിലെ ഏക മലയാളി താരം.

എന്നാല്‍ ലേലത്തിലെ ആദ്യ ദിനം തന്നെ വിഷ്ണുവിനോദിനെ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. മറ്റൊരു മലയാളി താരമായ സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. വിഘ്‌നേഷ് പുത്തൂര്‍ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലുമെത്തി.

അബ്ദുല്‍ ബാസിത്ത്, സല്‍മാന്‍ നിസാര്‍ തുടങ്ങിയവര്‍ അണ്‍സോള്‍ഡായി. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന സന്ദീപ് വാര്യര്‍ക്കായും ആരുമെത്തിയില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ അണ്‍സോള്‍ഡായ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടു കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. കരുണ്‍ നായരെ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.

639.15 കോടി രൂപ

10 ഫ്രാഞ്ചൈസികൾ രണ്ട് ദിവസങ്ങളിലായി 182 താരങ്ങൾക്കായി ചെലവഴിച്ചത് 639.15 കോടി രൂപയാണ്. ഋഷഭ് പന്ത് (27 കോടി രൂപ), ശ്രേയസ് അയ്യർ (26.75 കോടി രൂപ), വെങ്കിടേഷ് അയ്യർ (23.75 കോടി രൂപ) എന്നിവരായിരുന്നു ഏറ്റവും വില കൂടിയ താരങ്ങള്‍. 13 കാരനായ വൈഭവ് സൂര്യവൻഷി ഐപിഎൽ ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായി.

യുസ്വേന്ദ്ര ചാഹൽ (18 കോടി) ഏറ്റവും വില കൂടിയ ഇന്ത്യൻ സ്പിന്നറായി. 42കാരനായ ജയിംസ് ആന്‍ഡേഴ്‌സണ് വേണ്ടി ഫ്രാഞ്ചെസികള്‍ രംഗത്തെത്തിയില്ല. മയങ്ക് അഗര്‍വാള്‍, പൃഥി ഥാ, ഷാര്‍ദ്ദുല്‍ താക്കൂര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ അണ്‍സോള്‍ഡായി.

താരലേലത്തില്‍ പങ്കെടുത്ത സഹോദരന്‍മാരില്‍ മുഷീര്‍ ഖാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയപ്പോള്‍, സര്‍ഫറാസ് ഖാന് വേണ്ടി ഒരു ഫ്രാഞ്ചെസിയും ശ്രമിച്ചില്ല.

ഐപിഎല്‍ ലേലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതിന്റെ റെക്കോഡിനാണ് സൗദി അറേബ്യയിലെ ജിദ്ദ സാക്ഷിയായത്. ഐപിഎല്‍ 2022 മെഗാ ലേലത്തില്‍ ചെലവഴിച്ച 551.7 കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ആ റെക്കോഡാണ് ജിദ്ദയില്‍ പഴങ്കഥയാകുന്നത്.

രണ്ട് ദിവസം കൊണ്ടാണ് മെഗാ താരലേലം പൂര്‍ത്തിയായത്. ആദ്യ ദിനം മാര്‍ക്വി താരങ്ങളുടെ ലേലം നടന്നു. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഐപിഎല്‍ താരലേലം നടക്കുന്നത്.