5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: കേട്ടിട്ടുണ്ടോ ‘സൈലന്റ് ടൈ ബ്രേക്കര്‍ ബിഡി’നെക്കുറിച്ച് ? അധികം അറിയപ്പെടാത്ത, എന്നാല്‍ അതിപ്രധാനമായ ലേലരീതി അറിയാം

ipl auction tie breaker bid: രണ്ടോ അതിലധികമോ ഫ്രാഞ്ചൈസികൾ ഒരേ തുകയ്ക്ക് ഒരു താരത്തിന്‌ വേണ്ടി ലേലം വിളിക്കുകയും എന്നാല്‍ അവരുടെ പേഴ്‌സില്‍ മതിയായ തുക ഇല്ലാതെ വരുകയും ചെയ്യുമ്പോൾ ടൈ ബ്രേക്കർ നിയമം പ്രാബല്യത്തിൽ വരും

IPL Auction 2025:  കേട്ടിട്ടുണ്ടോ ‘സൈലന്റ് ടൈ ബ്രേക്കര്‍ ബിഡി’നെക്കുറിച്ച് ? അധികം അറിയപ്പെടാത്ത, എന്നാല്‍ അതിപ്രധാനമായ ലേലരീതി അറിയാം
ipl auction (image credits: facebook.com/IPL)
jayadevan-am
Jayadevan AM | Updated On: 24 Nov 2024 16:45 PM

ഐപിഎല്‍ മെഗാതാരലേലത്തിന് ആവേശകരമായ തുടക്കം. കോടികള്‍ വാരിയെറിഞ്ഞ് താരങ്ങളെ ടീമിലെത്തിക്കാനുള്ള തത്രപ്പാടിലാണ് ഫ്രാഞ്ചെസികള്‍. ജിദ്ദയില്‍ ഇന്ന് ആരംഭിച്ച താരലേലം നാളെ സമാപിക്കും. ലേലത്തിലെ ഓരോ സാമ്പ്രദായിക രീതിയും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. എന്നാല്‍ ലേലത്തില്‍ അധികം കാണാത്ത, എന്നാല്‍ അതിപ്രധാനമായ ഒരു രീതിയാണ് ‘സൈലന്റ് ടൈ ബ്രേക്കര്‍’. എന്താണ് ഈ രീതിയെന്ന് പരിശോധിക്കാം.

രണ്ടോ അതിലധികമോ ഫ്രാഞ്ചൈസികൾ ഒരേ തുകയ്ക്ക് ഒരു താരത്തിന്‌ വേണ്ടി ലേലം വിളിക്കുകയും എന്നാല്‍ അവരുടെ പേഴ്‌സില്‍ മതിയായ തുക ഇല്ലാതെ വരുകയും ചെയ്യുമ്പോൾ ടൈ ബ്രേക്കർ നിയമം പ്രാബല്യത്തിൽ വരും. തുടര്‍ന്ന് താരത്തിനായി മാച്ചിംഗ് ബിഡ് നടത്തിയ ഫ്രാഞ്ചൈസികളെ ബിസിസിഐ ക്ഷണിക്കും. ബിസിസിഐ നൽകുന്ന ഫോമിൽ അവർ രേഖാമൂലമുള്ള ബിഡ് സമർപ്പിക്കണം. ഈ ബിഡുകളില്‍ ഏറ്റവും കൂടുതല്‍ തുക (ഏറ്റവും ഉയർന്ന ടൈ ബ്രേക്കിംഗ് ബിഡ്) വ്യക്തമാക്കുന്ന ഫ്രാഞ്ചെസിക്ക് താരത്തെ നല്‍കും.

ലേലത്തില്‍ ഒരു വിജയി ഉണ്ടാകുന്നതുവരെ ഈ നടപടിക്രമം ആവര്‍ത്തിക്കും. ടൈ ബ്രേക്കിംഗ് ബിഡ് എന്നത് ബന്ധപ്പെട്ട ഫ്രാഞ്ചൈസിയുടെ ശമ്പള പരിധിയിൽ നിന്ന് ഈടാക്കാത്ത പ്രത്യേക തുകയാണെന്നതാണ് ശ്രദ്ധേയം. താരലേലത്തിൻ്റെ 30 ദിവസത്തിനകം ടൈ ബ്രേക്കിംഗ് ബിഡ് തുക ബിസിസിഐക്ക് നൽകണം.

ഇത്തവണ സൗദി അറേബ്യയിലെ ജിദ്ദയിലാണ് താരലേലം നടക്കുന്നത്. ഇത്തവണ താരലേലം വിദേശത്ത് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അനുയോജ്യമായ സ്ഥലമായി ജിദ്ദയെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാന കായിക വിനോദങ്ങളുടെ പ്രിയ കേന്ദ്രമായി അടുത്ത കാലത്ത് സൗദി മാറിക്കഴിഞ്ഞു. താരലേലം സൗദിയില്‍ നടത്താന്‍ തീരുമാനിച്ചതില്‍ ഇതും ഒരു ഘടകമായിരിക്കാം. ലേലത്തിന് സ്ഥലം നിശ്ചയിച്ചതില്‍ സ്‌പോണ്‍സരും പങ്ക് വഹിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആറു താരങ്ങള്‍ വീതമടങ്ങിയ രണ്ട് മാര്‍ക്വീ ലിസ്റ്റുകളാണ് ലേലത്തിലുള്ളത്. ഇതില്‍ എം1 ലിസ്റ്റില്‍ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ജോസ് ബട്ട്‌ലർ, അർഷ്ദീപ് സിങ്‌, കാഗിസോ റബാഡ, മിച്ചൽ സ്റ്റാർക്ക് എന്നിവര്‍ ഉള്‍പ്പെടുന്നു.

എം2 പട്ടികയില്‍ കെ.എല്‍. രാഹുല്‍, യുസ്വേന്ദ്ര ചാഹൽ, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്. ഡേവിഡ് മില്ലർ ഒഴികെയുള്ള എല്ലാവരുടെയും അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. മില്ലറുടെ അടിസ്ഥാന തുക 1.5 കോടി രൂപയും.

അര്‍ഷ്ദീപ് സിങായിരുന്നു ലേലത്തിലെ ആദ്യ താരം. താരത്തെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. മുന്‍ സീസണിലും പഞ്ചാബിന്റെ താരമായിരുന്നു അര്‍ഷ്ദീപ്. ലേലത്തില്‍ പണം വാരിയെറിയുന്ന പഞ്ചാബിനെയാണ് കാണാനാകുന്നത്. ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ലേലം തുടരുകയാണ്.

Latest News