AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സമദ് വന്നതില്‍ കാര്യമുണ്ട്; പക്ഷേ, മില്ലറെ ഇറക്കിയതിലോ? പന്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടോ?

Rishabh Pant: പന്തിന്റെ പ്രകടനം പരിതാപകരമാണെങ്കിലും അദ്ദേഹം നയിക്കുന്ന ലഖ്‌നൗ ടീം സീസണില്‍ ഇതുവരെ തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍, എയ്ഡന്‍ മര്‍ക്രം എന്നീ വിദേശ താരങ്ങളാണ് ലഖ്‌നൗ ടീമിനെ ചുമലിലേറ്റുന്നതെന്ന് നിസംശയം പറയാം

IPL 2025: സമദ് വന്നതില്‍ കാര്യമുണ്ട്; പക്ഷേ, മില്ലറെ ഇറക്കിയതിലോ? പന്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടോ?
ഋഷഭ് പന്ത്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 09 Apr 2025 14:20 PM

പിഎല്‍ ലേലചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയ ഋഷഭ് പന്തിന് ഇതുവരെ 27 റണ്‍സ് പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. പന്തിന്റെ പ്രകടനം പരിതാപകരമാണെങ്കിലും അദ്ദേഹം നയിക്കുന്ന ലഖ്‌നൗ ടീം സീസണില്‍ ഇതുവരെ തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍, എയ്ഡന്‍ മര്‍ക്രം എന്നീ വിദേശ താരങ്ങളാണ് ലഖ്‌നൗ ടീമിനെ ചുമലിലേറ്റുന്നതെന്ന് നിസംശയം പറയാം.

ഈ വിദേശത്രയങ്ങളുടെ കരുത്തിലാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ലഖ്‌നൗ വിജയിച്ചതും. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. പൊരുതി നോക്കിയെങ്കിലും 234 റണ്‍സില്‍ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു. പൂരന്‍ (പുറത്താകാതെ 37 പന്തില്‍ 87), മാര്‍ഷ് (48 പന്തില്‍ 81), എയ്ഡന്‍ മര്‍ക്രം (28 പന്തില്‍ 47) എന്നിവര്‍ പതിവുപോലെ ലഖ്‌നൗവിനെ മുന്നോട്ടു നയിച്ചു.

റണ്‍സ് കണ്ടെത്തുന്നതില്‍ പതറുന്ന ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയില്ല. ഇതിനെതിരെ ചോദ്യങ്ങളും ഉയരുന്നുണ്ട്. മുന്‍മത്സരങ്ങളില്‍ നാലാമതാണ് പന്ത് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അബ്ദുല്‍ സമദിനെയാണ് ലഖ്‌നൗ നാലാമത് ഇറക്കിയത്.

ആ സമയത്ത് ക്രീസിലുണ്ടായിരുന്നത്‌ ഇടംകൈയന്‍ ബാറ്ററായ നിക്കോളാസ് പുരനായിരുന്നു. ഇടത്-വലത് കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതിനാണ് സമദിനെ ബാറ്റിങിന് അയച്ചതെന്നായിരുന്നു വിലയിരുത്തല്‍. സമദിനെ ഇറക്കിയത് ഇടത്-വലത് കോമ്പിനേഷന്‍ നിലനിര്‍ത്താനാണെന്ന് പന്തും വിശദീകരിച്ചിരുന്നു. എന്നാല്‍ സമദ് പുറത്തായതിന് ശേഷം ഇടംകൈയന്‍ ബാറ്ററായ ഡേവിഡ് മില്ലറാണ് ബാറ്റിങിന് എത്തിയത്. അതായത് ക്രീസിലുണ്ടായിരുന്ന രണ്ട് പേരും ഇടംകൈയന്‍ ബാറ്റര്‍മാര്‍.

Read Also : IPL 2025: തല നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല, റിട്ടയേര്‍ഡ് ഔട്ട് തന്ത്രവും പാളി; ചെന്നൈ പിന്നെയും തോറ്റു

പന്തിനെ അപേക്ഷിച്ച്, തുടക്കം മുതല്‍ അടിച്ചുകളിക്കുന്നതില്‍ മില്ലറിനുള്ള വൈദഗ്ധ്യമാകാം അദ്ദേഹത്തെ ഇറക്കിയതിന് പിന്നിലെന്നാണ് അനുമാനം. എന്തായാലും, പന്ത് ബാറ്റ് ചെയ്യാന്‍ എത്താത്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌. പന്തിനെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പന്ത് സ്വയം തരംതാഴ്ത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. ബിഗ് ഹിറ്റിങില്‍ പന്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടോയെന്നാണ് ആരാധകരുടെ സംശയം.