IPL 2025: ടീമുകൾക്കിടുക സ്വന്തം പേരിൻ്റെ ഇനീഷ്യൽ; ഒരു കാട്ടിൽ ഒരു രാജാവ് ആറ്റിറ്റ്യൂഡ്: ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയെപ്പറ്റി
Who Is Sanjiv Goenka: ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഓരോ മത്സരത്തിലും സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങൾ വൈറലാവാറുണ്ട്. പ്രത്യേകിച്ച് ഋഷഭ് പന്ത് പുറത്താവുമ്പോൾ. കഴിഞ്ഞ സീസണിൽ കെഎൽ രാഹുലിനെ പരസ്യമായി ശകാരിച്ച സഞ്ജീവ് ഗോയങ്ക പൂർണാർത്ഥത്തിൽ ഒരു വ്യവസായിയാണ്.

ഐപിഎൽ ലേലം നടക്കുന്നു. ശ്രേയാസ് അയ്യരിനെ 26.75 കോടി എന്നഐപിഎൽ റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചിട്ട് ഏറെ നേരമായില്ല. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെൻ്റുമായി പിണങ്ങിപ്പിരിഞ്ഞ് ലേലപ്പട്ടികയിലെത്തിയ ഋഷഭ് പന്തിൻ്റെ ലേലമാണ് നടക്കുന്നത്. ലഖ്നൗ വിളി ആരംഭിച്ചു. ബെംഗളൂരു ഒപ്പം പിടിച്ചു. 10.5 കോടിയിൽ ബെംഗളൂരു പിൻവാങ്ങി. ഹൈദരാബാദായി പിന്നീട് ലഖ്നൗവിൻ്റെ എതിരാളികൾ. ലേലം വിളിച്ച് 20.75 കോടിയിൽ ഹൈദരാബാദും പിന്മാറി. ആർടിഎം വേണമെന്ന് ഡൽഹി. ലഖ്നൗ അവസാന തുക പറയുന്നു. 24/25 കോടിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ലഖ്നൗ ലേല ടേബിളിലുണ്ടായിരുന്ന സഞ്ജീവ് ഗോയങ്ക ലേലത്തുക പറയുന്നത് 27 കോടിയാണ്. ശ്രേയാസ് അയ്യരിൻ്റെ റെക്കോർഡ് തുകയ്ക്ക് 25 ലക്ഷം കൂടുതൽ. ഡൽഹി പിന്മാറി. പന്ത് ലഖ്നൗവിൽ.
സഞ്ജീവ് ഗോയങ്ക ഇങ്ങനെയുള്ള ഒരു ബിസിനസുകാരനാണ്. ഒരു കാട്ടിൽ ഒരു രാജാവ്. അതിനായി പണം വാരിയെറിയാൻ അയാൾക്ക് മടിയില്ല. പക്ഷേ, റിട്ടേൺ കിട്ടണം. ഗോയങ്ക ഔട്ട് ആൻഡ് ഔട്ട് ബിസിനസുകാരനാണ്. 2021ൽ ഗോയങ്ക ലഖ്നൗ ഫ്രാഞ്ചൈസിക്കായി വച്ച ക്ലോസ്ഡ് ബിഡ് 7090 കോടി രൂപയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുക. അതേ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചൈസിക്കായി സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് മുടക്കിയത് വെറും 5625 കോടി രൂപ. ഇവിടെയറിയാം, ഗോയങ്കയുടെ ആറ്റിറ്റ്യൂഡ്. ഒരു കാട്ടിൽ ഒരു രാജാവ്.
മുൻപും ഐപിഎലിൽ ഗോയങ്കയ്ക്ക് ടീമുണ്ടായിരുന്നു. ചെന്നൈയും രാജസ്ഥാനും വിലക്ക് ലഭിച്ച 2016-2017 സീസണിൽ റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സ് എന്ന ടീം ഗോയങ്കയുടേതായിരുന്നു. 2016 സീസണിൽ ധോണി നായകനായ ടീം അടുത്ത സീസണിൽ സ്റ്റീവ് സ്മിത്തിൻ്റെ ക്യാപ്റ്റൻസിയിലാണ് കളിച്ചത്. ധോണിയെ വരെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റാൻ ഗോയങ്കയ്ക്ക് മടിയില്ല. അയാൾക്ക് വേണ്ടത് റിട്ടേൺസ് ആണ്. സീസണിൽ ടീം ഫൈനൽ കളിച്ചു.




ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിൻ്റെ ഉടമ സഞ്ജീവ് ഗോയങ്കയാണ്. മുൻപ് എടികെ എഫ്സിയുടെ ഉടമയായിരുന്നു. ഐലീഗ് കളിച്ചിരുന്ന മോഹൻ ബഗാൻ ഐഎസ്എലിലേക്ക് യോഗ്യത നേടിയപ്പോൾ സഞ്ജീവ് ഗോയങ്ക എടികെ എഫ്സിയെ പിരിച്ചുവിട്ട് 2015ൽ മോഹൻ ബഗാൻ്റെ ഉടമയായി. ക്ലബിൻ്റെ 80 ശതമാനം ഓഹരിയാണ് ഗോയങ്ക വാങ്ങിയത്. പിന്നീട് എടികെ എന്നത് ഒഴിവാക്കി മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് എന്നാക്കിമാറ്റി. ഐഎസ്എലിൽ സിറ്റി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റിയുടെ ഏറ്റവും വലിയ എതിരാളികളാണ് മോഹൻ ബഗാൻ. പണം വാരിയെറിഞ്ഞ് മികച്ച താരങ്ങളെ എത്തിച്ച് മോഹൻ ബഗാൻ കിരീടനേട്ടം പതിവാക്കിയിട്ടുണ്ട്.
മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്, റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഗോയങ്കയുടെ ടീമുകളിലെല്ലാം സൂപ്പർ ജയൻ്റ്സ് പതിവാണ്. ഇത് ആകസ്മികമല്ല. സഞ്ജീവ് ഗോയങ്ക തന്നെയാണ് സൂപ്പർ ജയൻ്റ്സ്. എസ്ജി. ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ചെയർമാൻ. ആർപി എന്നുവച്ചാൽ രാമപ്രസാദ്. സഞ്ജീവ് ഗോയങ്കയുടെ പിതാവ്. എസ്ജി എന്നാൽ സഞ്ജീവ് ഗോയങ്ക. റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സിൻ്റെ ചുരുക്കപ്പേര് ആർപിഎസ്ജി എന്നായിരുന്നു. ഇപ്പോൾ മോഹൻ ബഗാനും (എംബിഎസ്ജി) ലഖ്നൗ സൂപ്പർ ജയൻ്റ്സും (എൽഎസ്ജി) സഞ്ജീവ് ഗോയങ്കയുടെ ഇനീഷ്യൽ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.
ഇൻവെസ്റ്റ്മെൻ്റ് നടത്തി റിട്ടേൺ കിട്ടാത്തതിനാലാണ് കഴിഞ്ഞ സീസണിൽ ഗോയങ്ക പരസ്യമായി എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുലിനെ ശകാരിച്ചത്. പന്തിനെ ടീമിലെത്തിക്കാനുള്ള കാരണമായി ഗോയങ്ക പറഞ്ഞത് വിന്നിങ് മെൻ്റാലിറ്റിയുള്ള താരമെന്നതും. പന്തിന് ഇനിയും സമയമുണ്ട്. മത്സരങ്ങൾ ഒരുപാടുണ്ട്. 27 കോടിയുടെ ഇൻവെസ്റ്റ്മെൻ്റാണ് ഗോയങ്ക ഋഷഭ് പന്തിൽ നടത്തിയിരിക്കുന്നത്. അതിനനുസൃതമായ റിട്ടേൺ കിട്ടിയില്ലെങ്കിൽ അയാളിലെ ബിസിനസ്മാൻ ഇനിയും മുഖം ചുളിയ്ക്കും, രഹസ്യമായെങ്കിലും.