IPL 2025: എംഎസ് ധോണി വിഗ്നേഷിനോട് പറഞ്ഞതെന്ത്?; ഒടുവിൽ സോഷ്യൽ മീഡിയ തേടിയ ആ രഹസ്യം പുറത്ത്
What Did MS Dhoni Say To Vignesh Puthur: ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷം മലയാളി താരം വിഗ്നേഷ് പുത്തൂറിനോട് എംഎസ് ധോണി സംസാരിച്ചതിൻ്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുകയാണ്.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിലൂടെ ക്രിക്കറ്റ് ലോകത്താകെ ചർച്ചയായ മലയാളി സ്പിന്നർ വിഗ്നേഷ് പുത്തൂർ ആണ് ഇപ്പോൾ താരം. മത്സരത്തിന് ശേഷം എംഎസ് ധോണി വിഗ്നേഷിനോട് സംസാരിക്കുന്നതിൻ്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്താണ് വിഗ്നേഷിനോട് ധോണി പറഞ്ഞതെന്നായിരുന്നു പിന്നീട് സോഷ്യൽ മീഡിയയുടെ അന്വേഷണം. ഒടുവിൽ ആ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുകയാണ്.
ധോണി തന്നോട് എന്താണ് പറഞ്ഞതെന്ന് വിഗ്നേഷ് നാട്ടിലെ ഒരു കൂട്ടുകാരനോട് വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ട്. മനോരമ ഓൺലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എത്ര വയസുണ്ട് എന്നായിരുന്നു ധോണിയുടെ ചോദ്യം. 24 വയസെന്ന് പറഞ്ഞപ്പോൾ കണ്ടാൽ അത്രയും തോന്നുന്നില്ലല്ലോ എന്ന് ധോണി മറുപടി പറഞ്ഞു. ഇനിയും ഇത്തരം മികച്ച പ്രകടനങ്ങൾ നടത്തണമെന്നും ധോണി പറഞ്ഞു എന്ന് വിഗ്നേഷ് പറഞ്ഞതായി മനോരമ റിപ്പോർട്ടിൽ പറയുന്നു.
മത്സരം തോറ്റെങ്കിലും കളിയിൽ ശ്രദ്ധിക്കപ്പെട്ടത് കേരള സീനിയർ ടീമിനായി ഇതുവരെ ഒരു മത്സരം പോലും കളിക്കാതിരുന്ന വിഗ്നേഷ് പുത്തൂർ ആയിരുന്നു. 24 വയസുകാരനായ താരം നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. സ്പെല്ലിലെ ആദ്യ മൂന്നോവർ അവസാനിക്കുമ്പോൾ 17 റൺസിന് മൂന്ന് വിക്കറ്റെന്നതായിരുന്നു വിഗ്നേഷിൻ്റെ ബൗളിംഗ് ഫിഗർ. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരായിരുന്നു വിഗ്നേഷിൻ്റെ ഇരകൾ. ഇന്നിംഗ്സിലെ 18ആം ഓവറിലായിരുന്നു വിഗ്നേഷ് തൻ്റെ അവസാന ഓവർ എറിഞ്ഞത്. ഓവറിൽ രണ്ട് സിക്സറുളടക്കം നേടിയ രചിൻ രവീന്ദ്രയാണ് വിഗ്നേഷിൻ്റെ ബൗളിംഗ് ഫിഗർ അല്പം മോശമാക്കിയത്.




കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷ് വെറും മൂന്ന് മത്സരങ്ങളേ കളിച്ചിരുന്നുള്ളൂ. ഇതിൽ നേടിയത് രണ്ട് വിക്കറ്റ്. ഈ മത്സരങ്ങൾ കാണാനെത്തിയ മുംബൈ ഇന്ത്യൻസ് സ്കൗട്ട് വിഗ്നേഷിനെ ശ്രദ്ധിക്കുകയും താരത്തിനെ ട്രയൽസിന് ക്ഷണിക്കുകയുമായിരുന്നു. ട്രയൽസിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് വിഗ്നേഷിനെ മുംബൈ ലേലത്തിലേടുത്തത്. ലേലത്തിൽ സ്വന്തമാക്കിയതിന് ശേഷം വിഗ്നേഷിനെ സൗത്ത് ആഫ്രിക്ക ടി20 ടൂർണമെൻ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗണിലെ നെറ്റ് ബൗളറാക്കി അയച്ചു. ഇവിടെ സാക്ഷാൽ റാഷിദ് ഖാനുമൊത്തായിരുന്നു പരിശീലനം. സീസണിൽ എംഐ കേപ്ടൗൺ ആദ്യമായി എസ്എ20 കപ്പടിക്കുകയും ചെയ്തു.