IPL 2025: പാടിദാറിൻ്റെ തീരുമാനങ്ങളോട് കോലിയ്ക്ക് എതിർപ്പ്?; ദിനേശ് കാർത്തികുമൊത്തുള്ള സംസാരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ
Virat Kohli Is Not Happy With Rajat Patidar: ക്യാപ്റ്റൻ രജത് പാടിദാറിൻ്റെ ചില തീരുമാനങ്ങളിൽ വിരാട് കോലിയ്ക്ക് എതിർപ്പെന്ന് സോഷ്യൽ മീഡിയ. കോലിയും ദിനേശ് കാർത്തികും തമ്മിലുള്ള സംസാരത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ മാസം 10ന് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ബെംഗളൂരു സീസണിലെ തങ്ങളുടെ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ക്യാപ്റ്റൻ രജത് പാടിദാറിൻ്റെ ചില തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. മുൻ ക്യാപ്റ്റൻ വിരാട് കോലിയ്ക്കും പാടിദാറിൻ്റെ ചില തീരുമാനങ്ങളോട് എതിർപ്പാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മത്സരത്തിനിടെ ടീം ഉപദേശകൻ ദിനേശ് കാർത്തികുമായി സംസാരിക്കുന്ന കോലിയുടെ വിഡിയോ ആണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
ആർസിബിയ്ക്കെതിരെ 164 റൻസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്ക് 58 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇതിന് ശേഷം ക്രീസിലെത്തിയ രാഹുൽ സാവധാനം തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു. ഇങ്ങനെ ആർസിബി ബൗളർമാർക്കെതിരെ രാഹുൽ കത്തിക്കയറുമ്പോഴായിരുന്നു ബൗണ്ടറി ലൈനരികെ നിന്ന് കോലിയുടെ സംസാരം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലി ബൗണ്ടറി വരയ്ക്കപ്പുറം നിൽക്കുകയായിരുന്ന കാർത്തികിനോട് സംസാരിക്കുന്ന ദൃശ്യങ്ങൾ മത്സരത്തിനിടെ തന്നെ ചർച്ചയായി. പാടിദാറിൻ്റെ ക്യാപ്റ്റൻസി തീരുമാനങ്ങളോട് കോലി തൻ്റെ എതിർപ്പറിയിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മത്സരത്തിൽ ആറ് വിക്കറ്റിൻ്റെ ജയം കുറിച്ച ഡൽഹി സീസണിൽ തങ്ങളുടെ നാലാം ജയമാണ് നേടിയത്. സീസണിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്ത ടീമും ഡൽഹി തന്നെ. ആദ്യം ബാറ്റ് ചെയ്ത ആർസിബിയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആദ്യം തകർന്ന ഡൽഹിയെ പിന്നീട് കെഎൽ രാഹുൽ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 18ആം ഓവറിൽ തന്നെ ഡൽഹി വിജയിച്ചു. 53 പന്തുകൾ നേരിട്ട് 93 റൺസ് നേടിയ രാഹുൽ നോട്ടൗടാണ്. രാഹുലിനൊപ്പം 23 പന്തിൽ 38 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സും ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ട് പേരും നോട്ടൗട്ടാണ്.




അഞ്ച് മത്സരങ്ങൾ കളിച്ച ആർസിബി ഇതുവരെ എവേ മത്സരങ്ങളിലെല്ലാം വിജയിച്ചു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിംഗ്സിനും ഡൽഹിയ്ക്കുമെതിരായ മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. അഞ്ച് കളിയിൽ ആറ് പോയിൻ്റുള്ള ബെംഗളൂരു പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്.