IPL 2025: ‘സഞ്ജൂ, എൻ്റെ നെഞ്ചിടിപ്പൊന്ന് നോക്കാമോ?’; ആരാധകരെ പരിഭ്രാന്തരാക്കി കോലി: വിഡിയോ വൈറൽ
Virat Kohli Asks Sanju Samson To Check His Heartbeat: മത്സരത്തിനിടെ സഞ്ജുവിനെക്കൊണ്ട് തൻ്റെ ഹൃദയമിടിപ്പ് പരിശോധിപ്പിച്ച് വിരാട് കോലി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് സംഭവം.

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു. 45 പന്തിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാറ്റ് കോലി ബെംഗളൂരുവിൻ്റെ പ്രകടനത്തിൽ നിർണായക പങ്കാണ് വഹിച്ചത്. എന്നാൽ, ബാറ്റ് ചെയ്യുന്നതിനിടെ കോലി കീപ്പ് ചെയ്യുകയായിരുന്ന സഞ്ജുവിനോട് തൻ്റെ നെഞ്ചിടിപ്പ് നോക്കാമോ എന്ന് ആവശ്യപ്പെടുന്ന വിഡിയോ ആരാധകർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി.
വനിന്ദു ഹസരങ്ക പന്തെറിയുമ്പോഴായിരുന്നു സംഭവം. പന്ത് മിഡ്‌വിക്കറ്റിലേക്ക് കളിച്ച കോലി രണ്ട് റൺസ് ഓടിയെടുത്തു. തിരികെ ക്രീസിലെത്തിയ കോലി കിതച്ചുകൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് നെഞ്ചിൽ കൈവച്ചു. പിന്നീടാണ് സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ താരം ആവശ്യപ്പെട്ടത്. സഞ്ജു ഗ്ലൗ ഊരി ഹൃദയമിടിപ്പ് പരിശോധിച്ചു. അല്പസമയം കൂടി നെഞ്ചിൽ കൈവച്ച് നിന്ന കോലി താൻ ഓക്കെയാണെന്ന് ആംഗ്യം കാണിക്കുകയായിരുന്നു.




വിഡിയോ കാണാം
His heartbeat must be running so fast after that double run in Jaipur heat that he had to ask Samson to check it.
Idolo is getting old. pic.twitter.com/ofMn9TLhAd
— #KesariChapter2 18th April (@mathakedarad) April 14, 2025
ഇത്ര ഫിറ്റ്നസ് കാത്തുസൂക്ഷിച്ചിട്ടും രണ്ട് റൺസ് ഓടുമ്പോൾ കോലിക്ക് പ്രശ്നങ്ങളുണ്ടാവുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നു. താരത്തിന് പ്രായമേറിയെന്നും കരിയർ അവസാനിക്കാറായെന്നുമൊക്കെ ആരാധകർ നിരീക്ഷിക്കുന്നു.
മത്സരത്തിൽ 9 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ബെംഗളൂരു നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസ് നേടി. 47 പന്തിൽ 75 റൺസ് നേടിയ യശസ്വി ജയ്സ്വാളായിരുന്നു രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ധ്രുവ് ജുറേൾ (23 പന്തിൽ 35 നോട്ടൗട്ട്), റിയാൻ പരാഗ് (22 പന്തിൽ 30) എന്നിവരും മികച്ച സംഭാവനകൾ നൽകി. 19 പന്തുകൾ നേരിട്ട് 15 റൺസ് മാത്രം നേടിയ സഞ്ജു സാംസൺ നിരാശപ്പെടുത്തി.
Also Read: IPL 2025: സൽമാൻ നിസാർ അല്ല; ഗെയ്ക്വാദിന് പകരക്കാൻ മുംബൈ താരം ആയുഷ് മാത്രെയെന്ന് സൂചന
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിയ്ക്ക് ഫിൽ സാൾട്ട് (33 പന്തിൽ 65) ഗംഭീര തുടക്കം നൽകി. പിന്നീട് കോലിയും ദേവ്ദത്ത് പടിക്കലും (28 പന്തിൽ 40) ചേർന്ന് ആർസിബിയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ആറ് കളിയിൽ നാല് ജയം സഹിതം എട്ട് പോയിൻ്റാണ് ആർസിബിയ്ക്ക് ഉള്ളത്. രാജസ്ഥാനാവട്ടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം ഉള്ളത് നാല് പോയിൻ്റ്. പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.