IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്
Vignesh Puthur Viral Video: കമന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. 'സ്വന്തം വിഘ്‌നേഷ്' എന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കമന്റ്. വിഘ്‌നേഷ് മള്‍ട്ടി ടാലന്റ്ഡ് ആണെന്ന് ഇതിന് മുംബൈ ഇന്ത്യന്‍സ് മറുപടി നല്‍കി. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് പുതിയ എന്‍ട്രിയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കമന്റ് ചെയ്തു

ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും താന്‍ ‘വേറെ ലെവലാ’ണെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഷ്‌നേഷ് പുത്തൂര്‍. മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട ഒരു വീഡിയോയിലാണ് വിഘ്‌നേഷിന്റെ ഫുട്‌ബോള്‍ മികവ് ആരാധകര്‍ തിരിച്ചറിഞ്ഞത്. ക്രോസ്ബാര്‍ പോലുള്ള ഡഗ്ഔട്ടിന്റെ മുകള്‍ഭാഗത്തേക്ക് കൃത്യമായി ഷോട്ട് പായിക്കുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടത്. ഇത് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നതും കാണാം. ഉടന്‍ തന്നെ വീഡിയോ വൈറലായി. ‘മോനെ വിഗി…ചെക്കന്‍ ഒരേ പൊളി’ എന്ന ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കുവച്ചത്. വിഘ്‌നേഷ് മലപ്പുറംകാരനാണെന്നും, അതുകൊണ്ട് ഫുട്‌ബോള്‍ മികവില്‍ അത്ഭുതപ്പെടാനില്ലെന്നുമായിരുന്നു ആരാധകരുടെ കമന്റ്.
വീഡിയോക്ക് കമന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. ‘സ്വന്തം വിഘ്‌നേഷ്’ എന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കമന്റ്. വിഘ്‌നേഷ് മള്‍ട്ടി ടാലന്റ്ഡ് ആണെന്ന് ഇതിന് മുംബൈ ഇന്ത്യന്‍സ് മറുപടി നല്‍കി. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് പുതിയ എന്‍ട്രിയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കമന്റ് ചെയ്തു. ചെക്കന്‍ മലപ്പുറത്തിന്റെ മുത്തല്ലേയെന്നും, ഇവിടെ ഒരു കലക്ക് കലക്കുമെന്നും മറ്റൊരു കമന്റിന് മറുപടിയായി മുംബൈ ഇന്ത്യന്‍സ് കുറിച്ചു. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.




View this post on Instagram
Read Also : IPL 2025: ഇതാണ് അടിമാലി ഫാമിലി; റെക്കോർഡുകൾ പഴങ്കഥയാക്കി അഭിഷേക് ശർമ്മയുടെ സെഞ്ചുറി; റണ്മല കടന്ന് ഹൈദരാബാദ്
അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. വിഘ്‌നേഷ് പുത്തൂര്‍ പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് വിഘ്‌നേഷിനെ എറിയിച്ചത്. ആ ഓവറില്‍ താരം വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നാലെ താരത്തെ പിന്‍വലിച്ചത് ചര്‍ച്ചയായിരുന്നു.