5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vignesh Puthur: തുടക്കം കലക്കി; മുന്നിലുള്ളത് രണ്ട് സ്വപ്‌നനേട്ടങ്ങള്‍; വിഗ്നേഷ് പുത്തൂരില്‍ പ്രതീക്ഷ

Vignesh Puthur Mumbai Indians: പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ ടോപ് ഫൈവില്‍ ഈ 24കാരനുമുണ്ട്. നാലാമതാണ് സ്ഥാനം. നൂര്‍ അഹമ്മദാണ് ഒന്നാമത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് മൂന്ന് വിക്കറ്റുകളാണുള്ളത്. മികച്ച ഇക്കോണമിയുടെ പിന്‍ബലത്തില്‍ ഖലീല്‍ അഹമ്മദും, ക്രുണാല്‍ പാണ്ഡ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി

Vignesh Puthur: തുടക്കം കലക്കി; മുന്നിലുള്ളത് രണ്ട് സ്വപ്‌നനേട്ടങ്ങള്‍; വിഗ്നേഷ് പുത്തൂരില്‍ പ്രതീക്ഷ
വിഗ്നേഷ് പുത്തൂര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Mar 2025 16:50 PM

ര്‍പ്രൈസ് എന്‍ട്രിയായി താരലേലത്തില്‍. അതിലും സര്‍പ്രൈസായി മുംബൈ ടീമില്‍. അവസരം കിട്ടുമോയെന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ വമ്പന്‍ സര്‍പ്രൈസായി കളിക്കളത്തില്‍. കുറേയെറെ സര്‍പ്രൈസുകളിലൂടെയാണ് മുംബൈയുടെ മലയാളി താരം വിഗ്നേഷ് പുത്തൂര്‍ സമീപദിനങ്ങളിലൂടെ കടന്നുപോയത്. ഇമ്പാക്ട് പ്ലയറായി തന്നെ മൈതാനത്തിറക്കിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം തെറ്റിയില്ലെന്ന് വിഗ്നേഷ് തെളിയിച്ചു. തന്റെ ആദ്യ ഓവറില്‍ തന്നെ തകര്‍പ്പന്‍ ഫോമിലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തി വിഗ്നേഷ് വരവറിയിച്ചു.

തൊട്ടടുത്ത ഓവറുകളില്‍ ശിവം ദുബെയും, ദീപക് ഹൂഡയും വിഗ്നേഷിന് മുന്നില്‍ പകച്ചു. അങ്ങനെ നാലോവറില്‍ മൂന്ന് കിടിലന്‍ വിക്കറ്റുകള്‍. ഏതൊരു താരവും ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ തുടക്കം. എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നുവെന്ന തിരിച്ചറിവിലാണ് വിഗ്നേഷിനെ ഇമ്പാക്ട് പ്ലയറാക്കാന്‍ മുംബൈ തീരുമാനിച്ചത്. ചെന്നൈയുടെ നൂര്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തിയതും ആ തിരിച്ചറിവിന് ബലം പകര്‍ന്നു.

മുംബൈയ്ക്ക് ജയിക്കാനായില്ലെങ്കിലും വിഗ്നേഷ് പുത്തൂര്‍ എന്ന ഇടംകയ്യന്‍ ചൈനാമെന്‍ ബൗളറെ ലോകം തിരിച്ചറിഞ്ഞു. വരും മത്സരങ്ങളിലും തന്നെ സൂക്ഷിക്കണമെന്ന് എതിര്‍ടീമുകള്‍ക്ക് പ്രകടനമികവിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഈ മലപ്പുറം സ്വദേശി.

മുന്നിലുള്ളത് സ്വപ്‌നനേട്ടങ്ങള്‍

പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ ടോപ് ഫൈവില്‍ ഈ 24കാരനുമുണ്ട്. നാലാമതാണ് സ്ഥാനം. നൂര്‍ അഹമ്മദാണ് ഒന്നാമത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് മൂന്ന് വിക്കറ്റുകളാണുള്ളത്. മികച്ച ഇക്കോണമിയുടെ പിന്‍ബലത്തില്‍ ഖലീല്‍ അഹമ്മദും, ക്രുണാല്‍ പാണ്ഡ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വരും മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നാല്‍ പര്‍പ്പിള്‍ ക്യാപെന്ന സ്വപ്‌നനേട്ടം വിഗ്നേഷിന് അസാധ്യമല്ല. പര്‍പ്പിള്‍ ക്യാപ് നേടുന്ന ആദ്യ മലയാളി താരമാകാന്‍ വിഗ്നേഷിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read Also : IPL 2025: ‘നീ ഏതാടാ മോനേ?’; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ

എമര്‍ജിങ് താരമാകുമോ?

നിലവിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഐപിഎല്‍ 2025 സീസണിലെ എമര്‍ജിങ് താരമാകാനും വിഗ്നേഷിന് നിഷ്പ്രയാസം സാധിക്കും. 2013ല്‍ സഞ്ജു സാംസണും, 2017ല്‍ ബേസില്‍ തമ്പിയും, 2020ല്‍ ദേവ്ദത്ത് പടിക്കലും എമര്‍ജിങ് താരമായിരുന്നു. എമര്‍ജിങ് താരമാകുന്ന നാലാമത്തെ മലയാളി താരമാകാന്‍ വിഗ്നേഷിന് സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മലയാളി കായികപ്രേമികള്‍.

അടുത്തല്ല, ഒരുപാട് അകലെയുമല്ല

ഇന്ത്യയുടെ ദേശീയ ടീമില്‍ എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും വിഗ്നേഷിന് അത് സാധിക്കുമെന്നാണ് പ്രതീക്ഷ. ബാറ്റര്‍മാരെ വട്ടം കറക്കുന്ന ഇടംകയ്യന്‍ ചൈനാമെന്‍ ബൗളറായി നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളത് കുല്‍ദീപ് യാദവ് മാത്രമാണ്. വിഗ്നേഷും ഇത്തരത്തിലുള്ള ബൗളറായതിനാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പതിയുമെന്നത് തീര്‍ച്ച. മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കുല്‍ദീപിന്റെ പിന്‍ഗാമിയായി വിഗ്നേഷിന് ഇന്ത്യന്‍ ടീമിലെത്താന്‍ നിഷ്പ്രയാസം സാധിച്ചേക്കാം. പ്രായവും ഒരു അനുകൂല ഘടകമാണ്.