IPL 2025: ഉറങ്ങാതിരുന്ന അമ്മ, ഒപ്പം നടന്ന അച്ഛന്‍; വൈഭവിന്റെ ചിരിയില്‍ ഒളിപ്പിച്ചത് കഷ്ടപ്പാടിന്റെ കണ്ണീര്‍
Vaibhav Suryavanshi: വൈഭവിന് വേണ്ടി വാശിയോടെ ലേലം വിളിച്ച രാജസ്ഥാന്‍ റോയല്‍സും കയ്യടി അര്‍ഹിക്കുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ റോയല്‍സിന്റെ തട്ട് താണ് തന്നെയിരിക്കുമെന്ന് ഫ്രാഞ്ചെസി ഒരിക്കല്‍ കൂടി തെളിയിച്ചു

മാതാപിതാക്കള്‍ തെളിച്ചിട്ട പാതയിലൂടെയായിരുന്നു അവന്റെ യാത്ര. ലക്ഷ്യത്തിലേക്ക് നടന്നടുക്കുക മാത്രമായിരുന്നു അവന്റെ ദൗത്യം. അവന്‍ അത് ഭംഗിയായി പൂര്‍ത്തിയാക്കി. പ്രതിഭാധനരുടെ ധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരു പേര് കൂടി എഴുതിച്ചേര്‍ക്കാനാണ് താന്‍ വന്നതെന്ന് അവന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. കുട്ടിക്ക്രിക്കറ്റിന്റെ സകല സൗന്ദര്യവും തന്റെ ബാറ്റിങിലേക്ക് ആവാഹിച്ച ആ 14കാരനെക്കുറിച്ചാണ് ഇന്ന് ചര്‍ച്ചകള്‍ മുഴുവനും. വൈഭവ് സൂര്യവംശിയുടെ പ്രതിഭാവൈഭവം അത്രയേറെ മനസുകളിലാണ് കടന്നുകൂടിയത്.
നേരിട്ട 38 പന്തില്‍ ഒന്നിലേറെ റെക്കോഡുകളാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്. അല്ലെങ്കിലും റെക്കോഡുകള്‍ തകര്‍ത്തെറിയുന്നത് വൈഭവിന് പുത്തരിയല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നന്നേ ചെറുപ്രായത്തില്‍ ബിഹാറിനായി അരങ്ങേറിയത് മുതല്‍ ക്രിക്കറ്റ് ലോകം വൈഭവിനെ നോട്ടമിട്ടതാണ്. 14-ാം വയസില്‍ ഐപിഎല്ലില്‍ എത്തുമ്പോള്‍ ‘ഇവന്‍ കൊള്ളാമല്ലോ’ എന്ന് തോന്നാത്തവരായി ആരും ഉണ്ടാകില്ല.
വൈഭവിന് വേണ്ടി വാശിയോടെ ലേലം വിളിച്ച രാജസ്ഥാന്‍ റോയല്‍സും കയ്യടി അര്‍ഹിക്കുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ റോയല്‍സിന്റെ തട്ട് താണ് തന്നെയിരിക്കുമെന്ന് ഫ്രാഞ്ചെസി ഒരിക്കല്‍ കൂടി തെളിയിച്ചു. 1.1 കോടി രൂപയ്ക്കാണ് റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്.




Read Also: IPL 2025: കണ്ടടോ, ഞങ്ങളുടെ പഴയ രാജസ്ഥാന്‍ റോയല്‍സിനെ; ഇതില്‍പരം എന്ത് വേണം?
അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് തുടങ്ങിയ വൈഭവ് വരാന്‍ പോകുന്ന ചുഴലിക്കാറ്റിന്റെ ആരംഭം കുറിക്കുകയായിരുന്നു. 17 പന്തില്‍ അര്‍ധ സെഞ്ചുറി. 35 പന്തില്‍ സെഞ്ചുറി. പല വമ്പന്‍ താരങ്ങള്‍ക്കും ഇപ്പോഴും അപ്രാപ്യമായ നേട്ടം. തന്റെ നേട്ടങ്ങള്‍ക്ക് വൈഭവ് ക്രെഡിറ്റ് നല്‍കുന്നത് കുടുംബത്തിനാണ്. മാതാപിതാക്കള്‍ കാരണമാണ് താന്‍ ഈ നിലയിലെത്തിയതെന്ന് വൈഭവ് പറഞ്ഞു.
“ഇന്ന് ഞാൻ ആരായാലും, അത് എന്റെ മാതാപിതാക്കൾ കാരണമാണ്. എന്റെ പ്രാക്ടീസ് കാരണം അമ്മ 11 മണിക്ക് കിടന്ന് രണ്ട് മണിക്ക് ഉണരുമായിരുന്നു. പിന്നെ എനിക്കായി ഭക്ഷണം ഉണ്ടാക്കും. എന്റെ അച്ഛൻ എനിക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സഹോദരനാണ് കാര്യങ്ങള്‍ നോക്കുന്നത്. വീട്ടിൽ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. കഠിനാധ്വാനം ചെയ്തിട്ടും വിജയിക്കാൻ കഴിയാത്തവരെ ദൈവം നോക്കിക്കോളും”-വൈഭവിന്റെ വാക്കുകള്‍.