IPL 2025: ഐപിഎൽ 2025 മാർച്ച് 23 മുതൽ; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
IPL 2025 Begin on March 23: മുംബൈയിൽ ചേർന്ന ബിസിസിഐയുടെ പ്രത്യേക മീറ്റിങ്ങിന് ശേഷമാണ് രാജീവ് ശുക്ലയുടെ പ്രഖ്യാപനം.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 23 മുതൽ ആരംഭിക്കും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രെഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. എന്നാല്‍ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ തീയതിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഐപിഎല്ലിന്റെ 18-ാം പതിപ്പിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ടീമുകൾ മെഗാ ലേലം വഴി 182 താരങ്ങളെയാണ് സ്വന്തമാക്കിയത്. 639.15 കോടി രൂപയാണ് ഇതിനായി ടീമുകള്‍ ചെലവഴിച്ചത്. ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത് ഋഷഭ് പന്താണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് 27 കോടിയ്ക്ക് താരത്തെ സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തില്‍ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്.
Also Read: ജയ് ഷായ്ക്ക് പകരക്കാരൻ; ബിസിസിഐയുടെ അമരത്ത് ഇനി ദേവജിത് സൈകിയ
ഇതിനു മുൻപ് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയതായിരുന്നു ലേലത്തിന്റെ തുടക്കത്തിലെ റെക്കോര്‍ഡ്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഋഷഭ് പന്തിന്റെ റെക്കോർഡ്. ഇതോടെ ശ്രേയസ് റെക്കോര്‍ഡില്‍ രണ്ടാമനായി.വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത 23.75 കോടിയ്ക്ക് തിരികെ ടീമിലെത്തിച്ചതും ശ്രദ്ധേയമായി. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളെ ആരും വാങ്ങിയതുമില്ല.
അതേസമയം അടുത്ത മാസം 19-ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 18-19 തീയതികളിലായി പ്രഖ്യാപിക്കുമെന്ന് രാജീവ് ശുക്ല അറിയിച്ചു. ചാംപ്യൻസ് ട്രോഫിക്കായി ടീമിനെ പ്രഖ്യാപിക്കാനുള്ള ഐസിസിയുടെ അന്തിമ തിയതി ജനുവരി 12നായിരുന്നു. എന്നാൽ മിക്ക ടീമുകളും ടൂർണമെന്റിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ബിസിസിഐയുടെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തു. ദേവജിത് സൈകിയെയാണ് തിരഞ്ഞെടുത്തത്. ഐസിസിയുടെ ചെയർമാൻ സ്ഥാനത്ത് എത്തിയ ജെയ് ഷാക്ക് പകരമാണ് ദേവജിത് സൈകിയെ എത്തിയിരിക്കുന്നത്. മുൻ അസം ക്രിക്കറ്റ് താരമാണ് ബിസിസിഐയുടെ സെക്രട്ടറിയാകുന്നത്. ക്രിക്കറ്റിലും ഒപ്പം നിയമമേഖലയിലും പശ്ചാത്തലമുള്ള വ്യക്തിയാണ് ദേവജിത് സൈകിയ. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം 1990നും 1991നും ഇടയിൽ അസമിന് വേണ്ടി വിക്കറ്റ് കീപ്പറായി നാല് മത്സരങ്ങൾ കളിച്ചു.