IPL 2025 : ചെപ്പോക്കിൽ തലകളുടെ കൂട്ടസംഗമം! ഗ്യാലറിയിൽ ഒരു തല, മഞ്ഞ ജേഴ്സിയിൽ ഒരു തല, ഓപ്പണിങ്ങിന് മറ്റൊരു തല
ചെന്നൈ സൂപ്പർ കിങ്സിനായി ക്യാപ്റ്റൻ എം എസ് ധോണി തലയായ എത്തുമ്പോൾ, സൺറൈസേഴ്സ് ഹൈദരാബാദിനായി ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് തലയായി എത്തിയത്. ഇവർ രണ്ട് പേർക്ക് പുറമെ മറ്റൊരു തലയും ചെപ്പോക്ക് സ്റ്റേഡിയത്തിലുണ്ടായിരുന്നു

ചെന്നൈ : ഐപിഎല്ലിൽ ഇന്ന് നടന്ന ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദാരാബാദ് മത്സരം തലകളുടെ സംഗമ വേദിയായി മാറി. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മൂന്ന് തലകളെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. രണ്ട് പേർ മൈതാനത്ത് നേർക്കുനേരെയെത്തിയപ്പോൾ മൂന്നാമൻ ഗ്യാലറിയിലായിരുന്നു. തലകളുടെ ഒരു അപൂർവ സംഗമവേദിക്ക് ചെപ്പോക്ക് സാക്ഷ്യം വഹിച്ചുയെന്നാണ് ആരാധകർ സോഷ്യൽ മീഡിയിൽ കുറിച്ചത്.
മൂന്ന് തലകളിൽ ഒരു തല ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയാണ്. സിഎസ്കെ ആരാധകർ ധോണിയെ വിശേഷിപ്പിക്കുന്നതും വിളിക്കുന്നതും തലയെന്നാണ്. രണ്ടാമത്തേത് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണിങ് താരം ട്രാവിസ് ഹെഡ്ഡാണ്. ക്രിക്കറ്റ് ട്രോളന്മാർ ഓസ്ട്രേലിയൻ താരത്തെ വിശേഷിപ്പിക്കുന്നതും തലയെന്നാണ്. ഇവർക്ക് രണ്ട് പേർക്കും പുറമെ മൂന്നാമത്തെ തലയായി ചെപ്പോക്കിലെത്തിയത് തമിഴ് സിനിമ സൂപ്പർ താരം അജിത്ത് കുമാറാണ്.
അജിത്തിനെ താരത്തിൻ്റെ ആരാധകർ തലയെന്നാണ് വിളിക്കുന്നത്. നടൻ അജിത്ത് ഭാര്യ ശാലിനിക്കും മകൾക്കും ഒപ്പമാണ് മത്സരം കാണാനെത്തിയത്. അജിത്തിന് പുറമെ തമിഴ്താരം ശിവകാർത്തികേയനും ഗ്യാലറിയിൽ ഉണ്ടായിരുന്നു. അതേസമയം തന്നെ തലയെന്ന് വിളിക്കരുതെന്ന് നേരത്തെ അജിത്ത് തൻ്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. പകരം തന്നെ അജിത്ത് കുമാർ എന്നോ അല്ലെങ്കിൽ എ.കെ എന്ന് വിളിച്ചാൽ മോതിയെന്നാണ് താരം ആവശ്യപ്പെട്ടിട്ടുള്ളത്.
ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം വേദിയിലിരുന്ന് കാണുന്ന നടൻ അജിത്തും കുടുംബവും
Ajithkumar The Family Man🤌🏽❤️
pic.twitter.com/mURXUDdMbV— Saloon Kada Shanmugam (@saloon_kada) April 25, 2025
അതേസമയം സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 154 റൺസിന് പുറത്താകുകയായിരുന്നു. ഓപ്പണർ ആയുഷ് മഹത്രെയുടെയും ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രീവിസിൻ്റെയും പ്രകടനത്തിലാണ് സിഎസ്കെയെ വൻ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്. ക്യാപ്റ്റൻ ധോണിക്ക് ആറ് റൺസ് മാത്രമാണ് നേടാനായത്. ഹൈദരാബാദിനായി ഹർഷാൽ പട്ടേൽ നാലും പാറ്റ് കമ്മിൻസും ജയ്ദേവ് ഉനദ്ഘട്ടും രണ്ട് വീതം വിക്കറ്റുകൾ നേടി. മുഹമ്മദ് ഷമിയും കമിനിന്ദ് മെൻഡിസുമാണ് മറ്റു വിക്കറ്റുകൾ നേടിയത്.