IPL 2025: ‘ഒരു പ്രഷറും വേണ്ട; നന്നായിട്ട് ചിരിക്ക്’: വിഗ്നേഷ് പുത്തൂരിൻ്റെ പ്രമോഷൻ ഷൂട്ടിന് സൂര്യയുടെ പ്രോത്സാഹനം
Suryakumar Yadav Encourages Vignesh Puthur: വിഗ്നേഷ് പുത്തൂരിനെ പ്രോത്സാഹിപ്പിക്കുന്ന സൂര്യകുമാർ യാദവിൻ്റെ വിഡിയോ വൈറൽ. പ്രമോഷണൽ ഷൂട്ടിനിടെയാണ് സൂര്യ വിഗ്നേഷിനെ പ്രോത്സാഹിപ്പിച്ചത്. മുംബൈ ഇന്ത്യൻസ് തന്നെ ഈ വിഡിയോ പങ്കുവച്ചു.

പ്രമോഷണൽ ഷൂട്ടിനിടെ മലയാളി സ്പിന്നർ വിഗ്നേഷ് പുത്തൂരിന് സൂര്യകുമാർ യാദവിൻ്റെ പ്രോത്സാഹനം. മുംബൈ ഇന്ത്യൻസിൻ്റെ പ്രമോഷണൽ ഷൂട്ടിനിടെയുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ മുംബൈ ഇന്ത്യൻ തന്നെ വിഡിയോ പുറത്തുവിട്ടിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്ന് വിക്കറ്റ് നേടിയ വിഗ്നേഷ് പുത്തൂർ മുംബൈക്കായി തിളങ്ങിയിരുന്നു.
Also Read: IPL 2025: എംഎസ് ധോണി വിഗ്നേഷിനോട് പറഞ്ഞതെന്ത്?; ഒടുവിൽ സോഷ്യൽ മീഡിയ തേടിയ ആ രഹസ്യം പുറത്ത്




പ്രമോഷണൽ ഷൂട്ടിനായി നിൽക്കുകയാണ് വിഗ്നേഷ്. ഇതിനെ പ്രൊഡ്യൂസർ ചില നിർദ്ദേശങ്ങൾ നൽകുന്നു. ഈ സമയത്ത് സൂര്യകുമാർ യാദവ് ഷൂട്ടിങ് ശ്രദ്ധിച്ചുകൊണ്ട് ഒരുവശത്ത് നിൽക്കുന്നു. ഇതിനിടെയാണ് സൂര്യ വിഗ്നേഷിന് പ്രോത്സാഹനം നൽകിയത്. “സഹോദരാ, ഒരു പ്രഷറും വേണ്ട. നന്നായി ചിരിക്കൂ” എന്നായിരുന്നു സൂര്യയുടെ കമൻ്റ്. ഇതിൻ്റെ വിഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു.
On-field or off the field, Surya Dada has just one mantra – 𝗪𝗜𝗗𝗘 𝗦𝗠𝗜𝗟𝗘 😁💙#MumbaiIndians #PlayLikeMumbai pic.twitter.com/ojX45CpM9p
— Mumbai Indians (@mipaltan) March 25, 2025
ചെന്നൈക്കെതിരെ പരാജയപ്പെട്ടെങ്കിലും മുംബൈ യുവതാരം വിഗ്നേഷിൻ്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഓവറിൽ 32 റൺസ് വഴങ്ങി ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് വിഗ്നേഷ് മടക്കി അയച്ചത്. മത്സരശേഷം ചെന്നൈ സൂപ്പർ കിംഗ്സ് താരം എംഎസ് ധോണി വിഗ്നേഷിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
24 വയസുകാരനായ മലയാളി താരത്തിൻ്റെ ആദ്യ ഐപിഎൽ മത്സരമായിരുന്നു അത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിമായി കേവലം മൂന്ന് മത്സരങ്ങൾ കളിച്ച വിഗ്നേഷ് രണ്ട് വിക്കറ്റാണ് നേടിയിരുന്നു. ഈ മത്സരങ്ങളിലെ പ്രകടനത്തിലൂടെ മുംബൈ ഇന്ത്യൻസ് സ്കൗട്ട് വിഗ്നേഷിനെ ശ്രദ്ധിച്ചു. പിന്നാലെ താരത്തിനെ മുംബൈ ഇന്ത്യൻസ് ട്രയൽസിന് ക്ഷണിച്ചു. ട്രയൽസിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് ലേലത്തിൽ വിഗ്നേഷിനെ മുംബൈ സ്വന്തമാക്കിയത്. ശേഷം മലയാളി താരത്തെ പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്കയച്ചു. അവിടെ സൗത്ത് ആഫ്രിക്ക ടി20 ടൂർണമെൻ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗണിലെ നെറ്റ് ബൗളറായിരുന്നു വിഗ്നേഷ്. റാഷിദ് ഖാൻ അടക്കമുള്ള താരങ്ങളുമായായിരുന്നു ഇവിടെ വിഗ്നേഷിൻ്റെ പരിശീലനം. ഈ സീസണിൽ എംഐ കേപ്ടൗൺ ആദ്യമായി എസ്എ20 ജേതാക്കളാവുകയും ചെയ്തു. ഇതിന് ശേഷമാണ് താരം ഐപിഎലിലെത്തിയത്. ഈ മാസം 31ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.