IPL 2025: ശൗര്യം കാണിച്ചത് റോയല്‍സിനോട് മാത്രം; പിന്നെയെല്ലാം തവിടുപൊടി; സണ്‍റൈസേഴ്‌സിന് ഇതെന്തുപറ്റി?
IPL 2025 Gujarat Titans beat Sunrisers Hyderabad: തകര്‍പ്പന്‍ ഫോമിലായിരുന്ന സായ് സുദര്‍ശനെയും, ജോസ് ബട്ട്‌ലറെയും തുടക്കത്തില്‍ നഷ്ടമായത് മാത്രമാണ് ഗുജറാത്തിന്റെ നിരാശ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും ഗുജറാത്തിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. വാഷിംഗ്ടണ്‍ സുന്ദറും കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു

ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീം ആദ്യമായി 300 കടന്നാല്‍ അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആകുമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. ഒരുപക്ഷേ, ഈ സീസണില്‍ തന്നെ അത് സംഭവിച്ചേക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ 286 റണ്‍സ് നേടിയ ടീം ആ പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ചു. 2024ല്‍ എവിടെ നിര്‍ത്തിയോ അത് 2025ലും സണ്‍റൈസേഴ്‌സ് ആവര്‍ത്തിക്കുന്നുവെന്ന് ആരാധകര്‍ കരുതി. പക്ഷേ, സംഭവിച്ചതോ? ആദ്യ മത്സരത്തിന് ശേഷം തൊട്ടതെല്ലാം പിഴയ്ക്കുന്ന സണ്‍റൈസേഴ്‌സിനെയാണ് ഇപ്പോള്‍ കാണാനാകുന്നത്. അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് ഒടുവില്‍ തോറ്റത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 152. ഗുജറാത്ത്-16.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 153.
ഹൈദരാബാദിലെ റണ്ണൊഴുകുന്ന സ്വന്തം തട്ടകത്തിലും സണ്‍റൈസേഴ്‌സിനെ തോല്‍വിയുടെ ദുര്‍ഭൂതം പിടികൂടിയിരിക്കുകയാണ്. ഒഴപ്പി കളിച്ചാലും 200 നിഷ്പ്രയാസമെന്ന് തോന്നിക്കുന്ന രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് 150 കടന്നത് ഏറെ പാടുപെട്ടാണ്.
വമ്പനടികള്‍ക്ക് പേരുകേട്ട അഭിഷേക് ശര്‍മയും (16 പന്തില്‍ 18), ട്രാവിസ് ഹെഡും (അഞ്ച് പന്തില്‍ 8) തുടക്കത്തില്‍ തന്നെ മടങ്ങി. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇഷന്‍ കിഷന്‍ പിന്നെ ട്രാക്കിലേക്ക് മടങ്ങിയെത്തിയതേയില്ല. ഗുജറാത്തിനെതിരെ കിഷന്റെ സമ്പാദ്യം 14 പന്തില്‍ 17. നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു (34 പന്തില്‍ 31) ടോപ് സ്‌കോററെങ്കിലും ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്.




Read Also : IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
പുറത്താകാതെ ഒമ്പത് പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും, 19 പന്തില്‍ 27 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസന്റെയും പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്. മുഹമ്മദ് സിറാജ് ഗുജറാത്തിനായി നാലു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയും, സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍പ്പന്‍ ഫോമിലായിരുന്ന സായ് സുദര്‍ശനെയും (ഒമ്പത് പന്തില്‍ അഞ്ച്), ജോസ് ബട്ട്‌ലറെയും (മൂന്ന് പന്തില്‍ പൂജ്യം) തുടക്കത്തില്‍ നഷ്ടമായത് മാത്രമാണ് ഗുജറാത്തിന്റെ നിരാശ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (പുറത്താകാതെ 43 പന്തില്‍ 61), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും (പുറത്താകാതെ 16 പന്തില്‍ 35) ഗുജറാത്തിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. വാഷിംഗ്ടണ്‍ സുന്ദറും (29 പന്തില്‍ 49) കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. സിറാജാണ് കളിയിലെ താരം. ഈ വിജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്.